1 GBP = 107.38

സമഗ്രപുരോഗതിക്കായി ഇടതുപക്ഷ സർക്കാരിൻ്റെ തുടർഭരണം കേരളം ആഗ്രഹിക്കുന്നുവെന്ന് സാംസ്കാരിക നായകർ

സമഗ്രപുരോഗതിക്കായി ഇടതുപക്ഷ സർക്കാരിൻ്റെ തുടർഭരണം കേരളം ആഗ്രഹിക്കുന്നുവെന്ന് സാംസ്കാരിക നായകർ

എൽഡിഎഫ്  യുകെ & അയർലണ്ട്  കേരള നിയമസഭാതിരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടത്തിയ സംവാദത്തിൽ മലയാളത്തിലെ സാംസ്കാരിക നായകന്മാരായ സക്കറിയ, കെ.സച്ചിദാനന്ദൻ,സുനിൽ പി ഇളയിടം എന്നിവർ പങ്കെടുത്തു. കേരളരാഷ്ട്രീയത്തെക്കുറിച്ചുള്ള തങ്ങളുടെ പ്രതീക്ഷകളും ആശങ്കകളും ഇടതുപക്ഷത്തിന് കേരളരാഷ്ട്രീയത്തിലും ഇന്ത്യയിലുമുള്ള പ്രസക്തിയെക്കുറിച്ചും ഇവർ സംസാരിച്ചു.

ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് രാഷ്ട്രീയപാർട്ടികളേക്കാൾ ജാഗ്രതപുലർത്തേണ്ടത് നിഷ്പക്ഷരായ ജനങ്ങളാണന്ന് സക്കറിയ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ഒരു തരത്തിലുള്ള അടിയന്തരാവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. കേരളം മാത്രമാണ് വലതുപക്ഷശക്തികളെ ചെറുത്തു ഒരു ദ്വീപായി നിലനിൽക്കുന്നത്. എന്നാൽ ഇതിനെ വെല്ലുവിളിക്കാൻ ഇപ്പോൾ ബിജെപി രംഗത്തുണ്ട്. അവരുടെ വർഗീയനിലപാടിനെതിരെ  എല്ലാവരും ജാഗ്രതപുലർത്തണം . പല സാഹിത്യകാരന്മാരും വലതുപക്ഷത്തേക്ക് പോവുമ്പോൾ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് ആരും അന്വേഷിക്കുന്നില്ല. എന്തുകൊണ്ട് ഇവരെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാൻ കഴിയുന്നില്ല എന്ന് ഇടതുപക്ഷം ആലോചിക്കേണ്ടതാണന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേരളത്തിൽ ഇനി വരുന്ന സർക്കാരുകൾ ഉന്നതവിദ്യാഭ്യാസമേഖലയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കണം.

ലോകത്തിലാകമാനം വലതുപക്ഷം ശക്തിപ്രാപിക്കുന്ന അവസരത്തിലാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് എന്ന് കവി കെ.സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. വലതുപക്ഷശക്തികൾ ജനാധിപത്യത്തിന് ഭീഷണിയാണ്, ഇന്ത്യയിലെ വലതുപക്ഷമായ ബിജെപി വൈവിധ്യത്തെ തകർക്കുന്ന തരത്തിലുള്ള  CAA പോലുള്ള നിയമങ്ങൾ പാസാക്കുകയാണ്. കേരളത്തെ ഹിന്ദുത്വവത്കരിക്കാനുള്ള ശ്രമങ്ങൾ ഹിന്ദുത്വശക്തികൾ നടത്തുന്നുണ്ട്.  ഇടതുപക്ഷത്തിന്റെ സാന്നിധ്യമാണ് കേരളത്തിൽ  വലതുപക്ഷത്തിന്റെ കടന്നുകയറ്റത്തെ ചെറുക്കുന്നത് .എന്നാൽ സമീപകാലത്തു കോൺഗ്രസ് നേതാക്കളുടെ സമീപനം മൃദുഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുകയാണന്നും എപ്പോൾ വേണമെങ്കിലും അവർ ബിജെപിയാവാം എന്ന സാഹചര്യം നിരാശാജനകമാണെന്നും അദ്ദേഹം വിലയിരുത്തി. അതിനാൽ സ്വാതന്ത്ര്യത്തിനും , ജനാധിപത്യത്തിനും  കേരളത്തിന്റെ പുരോഗതിക്കുംവേണ്ടി നിലകൊള്ളുന്നവർ  ഇടതുപക്ഷ ജനാധിപത്യമുന്നണിയെ വിജയിപ്പിച്ചു ഭരണത്തുടർച്ചയുണ്ടാകാൻ വേണ്ടി പ്രവർത്തിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഫെഡറലിസം തകർക്കുന്ന നടപടികളാണ് കേന്ദ്രത്തിലെ ഫാസ്‌സിസ്റ് ഭരണകൂടം നടത്തുന്നതെന്ന് സുനിൽ പി.ഇളയിടം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ അടിസ്ഥാനമൂല്യങ്ങൾ തകർക്കുന്ന നടപടികളാണ് കേന്ദ്രഭരണകൂടം നടത്തുന്നത്. മറ്റുള്ളവരെ കേൾക്കാതിരിക്കലും “ഹിംസ” ആണെന്ന് ഗാന്ധിജി പറഞ്ഞത് ഈ കാലത്തു  ശ്രദ്ധ അർഹിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളുടെയും പൊതു വിതരണ സമ്പ്രദായത്തിന്റെയും  ശക്തിപ്പെടുത്തൽ കേരളത്തിലെ ഇടതുപക്ഷസർക്കാരിന്റെ പ്രധാനനേട്ടങ്ങളാണ്. മതനിരപേക്ഷത, സാമൂഹ്യനീതി, പരിസ്ഥിതി സംരക്ഷണം എന്നിവയിൽ ഊന്നിയാവണം ഇടതുപക്ഷം ഭരണനിർവഹണം നടത്തേണ്ടത്. സ്ത്രീകളുടെ പുരോഗമനം, പൊതു മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം എന്നിവയാണ് സമൂഹത്തിന്റെ വികസനത്തിന്റെ മാനദണ്ഡമാക്കേണ്ടത് എന്നും ചൂഷണത്തിനു എതിരെ ഉള്ള നിലപാടുകളുടെ പൊതുവായ പേരാണ് ഇടതുപക്ഷം എന്നും സുനിൽ പി ഇളയിടം അഭിപ്രായപ്പെട്ടു.

പരിപാടിയിൽ മുരളി വെട്ടത്ത്‌ (ജോ. കൺവീനർ ,LDF യുകെ & അയർലണ്ട് ) മോഡറേറ്റർ ആയിരുന്നു. സൂം മീറ്റിംഗിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്കായി AlC ഫേസ്ബുക്ക് പേജിലും ലൈവ് ഒരുക്കിയിരുന്നു. ജയൻ എടപ്പാൾ സ്വാഗതവും ജിജോ അരയത്ത് നന്ദിയും രേഖപ്പെടുത്തി.പരിപാടിയുടെ റെക്കോർഡിങ് AIC ഫേസ്ബുക് പേജിൽ കാണാവുന്നതാണ്. https://fb.watch/47H7JBxIyW/

എൽഡിഎഫ് യുകെ & അയർലണ്ട്  പ്രചാരണപരിപാടികളുടെ ഭാഗമായി വനിതാ സംഗമം സംഘടിപ്പിക്കുന്നു. മാർച്ച് 13 ശനിയാഴ്ച ഉച്ചക്ക്  3 മണിക്ക്  നടക്കുന്ന പരിപാടിയിൽ തിരുവനന്തപുരത്തിന്റെ യുവ മേയർ ആര്യ രാജേന്ദ്രൻ, രശ്മിത രാമചന്ദ്രൻ , അമൃത റഹീം തുടങ്ങിയവർ പങ്കെടുക്കും

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more