1 GBP = 107.56
breaking news

കാവല്‍ മാലാഖ (നോവല്‍ 18): കാരൂര്‍ സോമന്‍

കാവല്‍ മാലാഖ (നോവല്‍ 18): കാരൂര്‍ സോമന്‍

ഡ്യൂട്ടി കഴിഞ്ഞു വരുമ്പോള്‍ സൂസന്‍റെ പേരില്‍ ഒരു കവര്‍. നാട്ടില്‍നിന്നു ഡെയ്സി അയച്ചതാണ്. കത്തല്ലല്ലോ. പൊട്ടിച്ചു നോക്കുമ്പോള്‍, പ്രശസ്തമായൊരു ആഴ്ചപ്പതിപ്പാണ്. ഒപ്പം, ഡെയ്സിയുടെ കത്ത്. ഇവളെന്തിനാണീ ആഴ്ചപ്പതിപ്പൊക്കെ അയച്ചിരിക്കുന്നത്! എന്തെങ്കിലുമാകട്ടെ, അതു മാറ്റിവച്ചു സൂസന്‍ കത്തെടുത്തു.

“ചേച്ചീ,
സുഖമല്ലേ, ഫോണുള്ളതുകൊണ്ട് കത്തിന്‍റെ രസമൊക്കെ പോയി അല്ലേ. എന്നാലും ഒന്നയയ്ക്കാമെന്നു വച്ചു. വെറുതേയല്ല, കാര്യമുണ്ട്. കോളെജ് മാഗസിനില്‍ കൊടുക്കാന്‍ ചേച്ചി എനിക്കെഴുതിത്തന്ന കഥ ഓര്‍മയുണ്ടോ?. അതു ഞങ്ങളുടെ മാഗസിന്‍ എഡിറ്റര്‍ വായിച്ചപ്പോള്‍ പുള്ളിക്കാരനു വളരെ ഇഷ്ടമായി. കോളേജ് മാഗസിനില്‍ കൊടുക്കാതെ, നല്ല ഏതെങ്കിലും പ്രസിദ്ധീകരണത്തില്‍ അയയ്ക്കാന്‍ പറഞ്ഞു. ഞാന്‍ അയയ്ക്കുകയും ചെയ്തു. ദാ അച്ചടിച്ചു വന്നിട്ടുണ്ട്, ആ വാരികയുടെ അമ്പത്താറാം പേജ് നോക്കൂ. ഇവിടെയൊക്കെ എല്ലാവരും വായിച്ചു വളരെ നല്ല അഭിപ്രായമാ പറഞ്ഞത്. പിന്നെ, ചേച്ചിക്കവിടെ സുഖമല്ലേ. ഇവിടെ ഞാനും അമ്മച്ചിയും സുഖമായിരിക്കുന്നു. ചാര്‍ലി മോനും നല്ല മിടുക്കനായിരിക്കുന്നു….”

വായിച്ചു തീര്‍ക്കാനായില്ല. ആഴ്ചപ്പതിപ്പു തുറന്ന് അമ്പത്താറാം പേജിലേക്ക്. കണ്ണുകള്‍ നിശ്ചലമായി. ചുണ്ടില്‍ അവള്‍ പോലുമറിയാതെ നേര്‍ത്തൊരു ചിരി വിരിഞ്ഞു. ഹൃദയം തുടിച്ചു. മൗനം കനത്തു. അവള്‍ക്കു സ്വയം വിശ്വസിക്കാനായില്ല.

കാവല്‍ മാലാഖ – കഥ – സുസന്‍ ജോയ്, അവളതു വീണ്ടും വീണ്ടും വായിച്ചു. പിന്നെ വീണ്ടും കത്തിലേക്ക്.

“ഇനിയുമെഴുതണമെന്നു നിര്‍ബന്ധിക്കാന്‍ എല്ലാവരും പറയുന്നുണ്ട്….”

അവാച്യമായൊരനുഭൂതി ആത്മാവില്‍ നിറഞ്ഞു. ഇന്നും ഇന്നലെയുമല്ല, കോളേജില്‍ പഠിക്കുന്ന കാലത്തു തുടങ്ങിയതാണീ കുത്തിക്കുറിക്കല്‍. പക്ഷേ, ഇതൊക്കെ കഥയുടെ ഗണത്തില്‍പ്പെടുമെന്നറിഞ്ഞില്ല. അങ്ങനെയൊന്നും ഒരിക്കലും ആഗ്രഹിക്കുകയോ സ്വപ്നം കാണുകയോ ചെയ്തിട്ടു പോലുമില്ല. സൂസന്‍റെ കഥകള്‍ പിന്നെയും ഡെയ്സിയെ തേടിച്ചെന്നു. മുന്‍പെഴുതിയ കുറിപ്പുകള്‍ പലതും കഥകളായിരുന്നു എന്ന് ഡയറിയുടെ പേജുകള്‍ മറിച്ചു നോക്കുമ്പോള്‍ സൂസന്‍ തിരിച്ചറിഞ്ഞു തുടങ്ങി.

പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ സൂസന്‍ ജോയ് പതിവു സാന്നിധ്യമായി. പക്ഷേ, ആരാണീ അജ്ഞാത കഥാകാരി! നാട്ടിലെ മാധ്യമങ്ങള്‍ അവളെ തേടിപ്പിടിക്കാന്‍ ഏറെ മെനക്കെട്ടു. അവളൊരിക്കലും പിടികൊടുത്തില്ല. സ്വന്തം പേരു വച്ചതു തെറ്റായിപ്പോയെന്നു പോലും ഇടയ്ക്കു തോന്നി, കാരണം, മിടുക്കരായി മാധ്യമ പ്രവര്‍ത്തകര്‍ തേടിപ്പിടിച്ച് അന്വേഷണങ്ങള്‍ ഇങ്ങു ലണ്ടനില്‍ വരെ എത്തിയിരിക്കുന്നു.

എല്ലാവര്‍ക്കും സൂസന്‍റെ അഭിമുഖങ്ങള്‍ വേണം. പക്ഷേ, അവള്‍ക്കതില്‍ തീരെ താത്പര്യം തോന്നിയില്ല. ഇങ്ങനെ അജ്ഞാതയായി കഴിയുന്നതില്‍, കഥകളിലൂടെ മാത്രം മറ്റുള്ളവര്‍ അറിയുന്നതില്‍ ഒരു രസമുണ്ട്. അതിലുപരി, ഒരു പൊതു താത്പര്യമുള്ള വസ്തുവായി സ്വയം സങ്കല്‍പ്പിക്കാന്‍ തീരെ ഇഷ്ടം തോന്നുന്നില്ല. സ്വകാര്യത നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ഒരു നേട്ടവും വേണ്ട. അഭിമുഖം ചോദിച്ചവരെയൊക്കെ സൂസന്‍ വനിയപൂര്‍വം നിരുത്സാഹപ്പെടുത്തി. പിന്നെയും നിര്‍ബന്ധിച്ചവരോട്, സ്വകാര്യത തകര്‍ക്കാന്‍ ആഗ്രഹമില്ലെന്ന് അല്പം പരുഷമായി തന്നെ പറയേണ്ടി വന്നു.

വിടര്‍ന്നു വികസിക്കുന്ന പ്രഭാതങ്ങളും അധ്വാനത്തിന്‍റെ വിയര്‍പ്പുമണമുള്ള പകലുകളും സമാശ്വാസത്തിന്‍റെ പുഞ്ചിരി പൊഴിക്കുന്ന സന്ധ്യകളും രമണീയതയുടെ നിദ്രാസൗഭഗങ്ങളായ രാവുകളും എല്ലാമെല്ലാം മനസില്‍ നിന്ന് എന്നെന്നേക്കുമായി വിടപറഞ്ഞെന്നാണു കരുതിയിരുന്നത്. ഇല്ല, ഒന്നും നഷ്ടമായിട്ടില്ല. ആത്മാന്വേഷണങ്ങളുടെ, ആത്മദുഃഖങ്ങളുടെ, ആത്മനൊമ്പരങ്ങളുടെ ഭാഷയില്‍ അതൊക്കെ ഇപ്പോഴും കടലാസിലേക്കു പകര്‍ത്താനാകുന്നു. മുമ്പതൊക്കെ ഡയറിയുടെ താളുകള്‍ ആശ്വാസത്തിനു കുത്തിക്കുറിച്ച തോന്ന്യാക്ഷരങ്ങള്‍ മാത്രമായിരുന്നെങ്കില്‍, ഇന്നത് ആയിരക്കണക്കിനാളുകള്‍ വായിക്കുന്ന ചെറുകഥകളായി മാറിയിരിക്കുന്നു എന്ന വ്യത്യാസം മാത്രം. പക്ഷേ, തനിക്കു രണ്ടും ഒരുപോലെ തന്നെ. അനുഭവസാക്ഷ്യങ്ങളെ കഥകളാക്കി മാറ്റാന്‍ പ്രത്യേകിച്ച് അധ്വാനമൊന്നും വേണ്ടിവരാറില്ല.

നേരിട്ടനുഭവിച്ച ദാരിദ്ര്യത്തിന്‍റെ, ചുറ്റും കണ്ടുവളര്‍ന്ന പാവങ്ങളുടെ, എപ്പോഴും കണ്ടുകൊണ്ടിരിക്കുന്ന മരണവുമായി മല്ലടിക്കുന്ന രോഗികളുടെ, അധികാരം അവകാശമാക്കിയ രാഷ്ട്രീയക്കാരുടെ, നാഗരികതയുടെ മധ്യത്തില്‍ നശിച്ചു പോകുന്ന യൗവനങ്ങളുടെ കഥകള്‍ സൂസന്‍റെ മേധയില്‍ ജډമെടുത്തു, ഹൃദയംകൊണ്ടവള്‍ അതൊക്കെ എഴുതി വച്ചു.
ഓരോ കഥകളും എഴുതിത്തീരുമ്പോള്‍ മനസില്‍ ഓരോ സുനാമികള്‍ അടിച്ചടങ്ങി. ഓരോന്നും രണ്ടാമതൊന്നു വായിച്ചു നോക്കുമ്പോള്‍ തോന്നും, ഇതു തന്‍റെ തന്നെ കഥയല്ലേ, അല്ലെങ്കില്‍ തനിക്കു ചുറ്റും ജീവിക്കുന്നവരുടെ കഥയല്ലേ. അവള്‍ കണ്ടിട്ടില്ലാത്ത, അവള്‍ക്കു മനസുകൊണ്ടെങ്കിലും പരിചയമില്ലാത്ത ഒരു കഥാപാത്രം പോലും ഒരു കഥയിലും സ്ഥാനം പിടിച്ചില്ല.

നാട്ടിലെ പ്രസിദ്ധീകരണങ്ങളില്‍ മാത്രമാണു സൂസന്‍ കഥകള്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ചത്. അവളൊരു പ്രവാസി സാഹിത്യകാരിയാണെന്നു പോലും പലരുമറിഞ്ഞില്ല. നാട്ടിലെ പത്രങ്ങളില്‍ അവളെക്കുറിച്ചോ അവളുടെ കഥകളെക്കുറിച്ചോ അച്ചടിച്ചു വരുന്ന ലേഖനങ്ങളും പഠനങ്ങളും നിരൂപണങ്ങളുമെല്ലാം ഡെയ്സി മുറ തെറ്റാതെ അയച്ചുകൊടുത്തുകൊണ്ടിരുന്നു. ജീവിതത്തിന്‍റെ പുറമ്പോക്കില്‍ മലയാള സാഹിത്യത്തിന്‍റെ ഉമ്മറത്തേക്കുള്ള യാത്ര.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more