മോസ്കോ: റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിന് 2036 വരെ ഭരണത്തിൽ തുടരാൻ വഴിയൊരുക്കുന്ന ഭരണഘടന ഭേദഗതിക്ക് അംഗീകാരം. ഹിതപരിശോധനയിൽ 77.9 ശതമാനം വോട്ടിെൻറ വൻ ഭൂരിപക്ഷത്തിനാണ് ഭേദഗതി അംഗീകരിക്കപ്പെട്ടതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. പ്രസിഡൻറ് പദവിയിലുള്ള കാലാവധി 2024ൽ അവസാനിക്കുന്ന പുടിന്, രണ്ടുതവണ കൂടി ഭരണത്തിൽ തുടരാൻ ഭേദഗതി അവസരമൊരുക്കും.
ആറു വർഷ കാലാവധിയുള്ള പ്രസിഡൻറ് പദവിയിൽ നിലവിലെ വ്യവസ്ഥയനുസരിച്ച് തുടർച്ചയായി രണ്ടു തവണയേ പ്രസിഡൻറാകാൻ കഴിയൂ. 20 വർഷമായി അധികാരത്തിലുള്ള പുടിൻ ഇടക്കാലത്ത് പ്രധാനമന്ത്രിയായാണ് ഈ വ്യവസ്ഥ മറികടന്നത്. ജോസഫ് സ്റ്റാലിനു ശേഷം ഏറ്റവും കൂടുതൽ കാലം റഷ്യ ഭരിക്കുന്ന നേതാവാണ് പുടിൻ.
അതേസമയം, ഹിതപരിശോധന ഫലം ‘വൻ നുണ’യാണെന്ന് റഷ്യൻ ഭരണകൂടത്തിെൻറ വിമർശകനായ അലക്സി നവാൽനി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഒട്ടേറെ ക്രമക്കേടുകൾ നടന്നതായി സ്വതന്ത്ര നിരീക്ഷണ സംഘമായ ഗോളോസ് ആരോപിച്ചു.
എതിരാളികൾക്ക് മാധ്യമങ്ങളിൽ പ്രചാരണം നടത്താനുള്ള അവസരം നിഷേധിച്ചതായും നിയമവിരുദ്ധമായ രൂപത്തിലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഒരുക്കിയതെന്നും അവർ ആരോപിച്ചു.
പ്രസിഡൻറ് പദവി കാലവധിക്ക് പുറമെ, സ്വവർഗ വിവാഹം നിരോധിക്കുന്നതിനും ഭേദഗതി അംഗീകാരം നൽകി. യുക്രെയ്നിൽ നിന്ന് റഷ്യയിലേക്ക് കൂട്ടിച്ചേർത്ത, ക്രിമിയ, ചെച്നിയ, വടക്കൻ കോകസസ്, ടുവ, സൈബീരിയ എന്നിവിടങ്ങളിൽ വോട്ടിങ് ശതമാനം 90 ശതമാനത്തിന് മുകളിലാണെന്ന് തെരഞ്ഞടുപ്പ് കമീഷൻ അറിയിച്ചു. അതേസമയം, മൊത്തം വോട്ടിങ് ശതമാനം 65 ആണെന്നും കമീഷൻ അറിയിച്ചു.
click on malayalam character to switch languages