കാർഡിഫിൽ നിന്നും ഉദിച്ചുയർന്ന പൊൻ താരകങ്ങൾ സംഗീതത്തിന്റെ മഴവില്ല് തീർത്ത് കാണികളുടെ മുഴുവൻ കയ്യടി നേടി.. യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “Let’s Break It Together” നെ സംഗീത സാന്ദ്രമാക്കിയ നക്ഷത്ര കുഞ്ഞുങ്ങൾ കെവിനും എയ്ഡീനും അർണവും അനുവയും ലോകമലയാളികൾക്കഭിമാനമായി..
Jun 24, 2020
കുര്യൻ ജോർജ് ( യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ)
യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” പ്രേക്ഷകരെ സംഗീത സാഗരത്തിലാറാടിച്ച് വെയിൽസിലെ കാർഡിഫിൽ നിന്നുള്ള കൌമാര പ്രതിഭകൾ കെവിൻ ടൈറ്റസും, അർണവ് ബിനോയിയും, എയ്ഡീൻ ടൈറ്റസും, അനുവ ബിനോയിയും.
ലോകം മുഴുവൻ സുഖം പകരാനായ് എന്ന സുപ്രസിദ്ധ ഗാനം കെവിൻ വയലിനിലും അർണവ് കീ ബോർഡിലും മനോഹരമായി വായിച്ച് തുടങ്ങിയ ഷോ ആദ്യന്തം ഹൃദ്യമായിരുന്നു. അതി മനോഹരങ്ങളായ നിരവധി സംഗീത മുഹൂർത്തങ്ങൾ നിറഞ്ഞു നിന്ന ഷോയിൽ വയലിനിലും കീബോർഡിലും കെവിൻ തന്റെ പ്രാഗത്ഭ്യം തെളിയിച്ചപ്പോൾ കീ ബോർഡിൽ അർണവും വയലിനിൽ എയ്ഡീനും ഡ്രംസിൽ കുഞ്ഞ് അനുവയും തങ്ങളുടെ കഴിവ് തെളിയിച്ചു. ഓസ്ട്രേലിയൻ ഗായിക റ്റോൺസ് ആൻഡ് ഐയുടെ 2019 ൽ പുറത്തിറങ്ങി ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ച “ഡാൻസ് മങ്കി” എന്ന ഗാനം കുട്ടികൾ നാല് പേരും ചേർന്ന് വായിച്ചത് പ്രേക്ഷകർ നിറഞ്ഞ മനസ്സോടെയാണ് സ്വീകരിച്ചത്.
ഒരു മണിക്കൂറോളം നീണ്ട് നിന്ന ലൈവ് ഷോയിൽ വയലിൻ, കീ ബോർഡ്, ഡ്രംസ് എന്നീ ഉപകരണങ്ങളിൽ കുട്ടികൾ തീർത്തത് ഒരു സംഗീതോത്സവം തന്നെയായിരുന്നു. മലയാളം, തമിഴ്, ഇംഗ്ളീഷ് ഭാഷകളിലെ സൂപ്പർ ഹിറ്റ് പാട്ടുകളോടൊപ്പം ചില ഭക്തി ഗാനങ്ങളും കുട്ടികൾ വായിച്ചു. ഫ്രോസൺ 2 എന്ന സിനിമയിൽ ഇഡീന മെൻസെൽ, ഇവാൻ റെയ്ച്ചൽ വുഡ് എന്നിവർ ചേർന്ന് പാടിയ “ഷോ യുവേഴ്സെൽഫ്” എന്ന ഗാനം പാടിയ, “ലിറ്റിൽ പ്രിൻസസ്സ്” എന്ന് പ്രേക്ഷകർ വിശേഷിപ്പിച്ച ഷോയിലെ “ബേബി ഡോൾ” അനുവയെ പ്രേക്ഷകർ നെഞ്ചേറ്റി എന്നതിന് തെളിവായി ഷോയിൽ വന്ന കമന്റുകൾ.
കോവിഡ് 19 എന്ന മഹാമാരിക്ക് മുൻപിൽ വിറങ്ങലിച്ച് നിൽക്കുന്ന ലോക ജനതയ്ക്ക് വേണ്ടി തങ്ങളുടെ ജീവൻ പോലും ത്യജിക്കാൻ തയ്യാറായി സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പടെയുള്ള മുൻനിര പ്രവർത്തകർക്ക് ആദരവും പിന്തുണയും അറിയിച്ച് കൊണ്ടുള്ള യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ലെ കെവിൻ , അർണവ്, എയ്ഡീൻ, അനുവ എന്നിവരുടെ അതി മനോഹര പ്രകടനം ആയിരക്കണക്കിന് പ്രേക്ഷകർ ഇതിനോടകം ആസ്വദിച്ച് കഴിഞ്ഞു. പഠനവും സംഗീതവും ഒരുപോലെ ആസ്വദിച്ച് മുന്നേറുന്ന ഇവർ നാളെയുടെ പൊൻ താരകങ്ങളാണ്. സുപ്രസിദ്ധ അമേരിക്കൻ ബാൻഡ് ഇമാജിൻ ഡ്രാഗൺസിന്റെ ബിലീവർ എന്ന ഗാനം പാടി ഷോ അവസാനിപ്പിക്കുന്നതിന് മുൻപായി ലൈവിൽ വന്ന മാതാപിതാക്കൾ ടൈറ്റസ് ഫിലിപ്പ്- അനിത ടൈറ്റസ്, ബിനോയ് കൃഷ്ണൻ – സരിത ബിനോയ് എന്നിവർ, കുട്ടികൾക്കായി ഇതുപോലൊരു ആശയം മുന്നോട്ട് വെയ്ക്കുകയും അത് വളരെ ഭംഗിയായി നടത്തുകയും ചെയ്യുന്ന യുക്മയ്ക്കും യുക്മ സാംസ്കാരിക വേദിക്കും സ്നേഹപൂർവ്വം നന്ദി അറിയിച്ചു.
വെൽഷ് കാർഡിഫ് കൌണ്ടി ആൻഡ് വെയ്ല് ഓഫ് ഗ്ളാമോർഗൻ ഓർക്കസ്ട്ര, കാർഡിഫ് സ്കൂൾ ഓർക്കസ്ട്ര, തുടങ്ങി നിരവധി ഓർക്കസ്ട്രകളിലും വേദികളിലും സംഗീത നിലാമഴ പെയ്യിച്ചിട്ടുള്ള കെവിൻ, അർണവ്, എയ്ഡീൻ, അനുവ എന്നീ കൌമാര വസന്തങ്ങൾക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. “LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക് ഉറച്ച പിന്തുണ നൽകുന്ന ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി.
യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ന്റെ അടുത്ത ലൈവ് ജൂൺ 25 വ്യാഴം 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) ആയിരിക്കും.
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages