സുരേന്ദ്രൻ ആരക്കോട്ട് (യുക്മ ന്യൂസ് എഡിറ്റർ)
ആരോഗ്യ പ്രവർത്തകരോട് തങ്ങളുടെ സംരക്ഷണ വസ്ത്രങ്ങളും മാസ്കുകളും (PPE ) വീണ്ടും ഉപയോഗിക്കാൻ ആഹ്വാനം ചെയ്യാനൊരുങ്ങുകയാണ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട്. ഈ വിഷയം യു.കെയിലെ ചീഫ് മെഡിക്കൽ ഓഫീസർമാരും ചീഫ് നഴ്‌സുമാരും ഈയിടെ ചർച്ച ചെയ്തതായി അറിയുന്നു. ഈ യോഗത്തിനെത്തുടർന്ന് ഏപ്രിൽ 13 ന് പുറത്തിറക്കിയ ഒരു കരട് രേഖയിൽ നിലവിലെ പി.പി.ഇ യുടെ രൂക്ഷമായ വിതരണക്ഷാമത്തിന് പല പരിഹാരങ്ങളും നിർദേശിക്കുന്നുണ്ട്. അവസാനത്തെ ആശ്രയം എന്ന നിലയിലാണ് സംരക്ഷണ വസ്ത്രങ്ങളും മാസ്കുകളും അണുവിമുക്തമാക്കി വീണ്ടു ഉപയോഗിക്കാം എന്ന ആശയം ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. എന്നാൽ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല.
മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ കുറവ് പരിഹരിക്കാനുള്ള പദ്ധതികളുടെ പുതിയ വിശദാംശങ്ങൾ ഇപ്രകാരമാണ്:
- കണ്ണടകളോ മുഖം പരിചകളോ ലഭ്യമല്ലാത്ത സാഹചര്യത്തിൽ, കണ്ണുകളുടെ വശങ്ങൾ മറയ്ക്കുന്നതിനായി സ്പോർട്സ് രംഗത്ത് ഉപയോഗിക്കുന്നതോ കെട്ടിട നിർമാണ സ്ഥലങ്ങളിൽ ഉപയോഗിക്കുന്നതോ ആയ കണ്ണ് സംരക്ഷണ സാമഗ്രികൾ പകരമായി ഉപയോഗിക്കുക.
- ഒരു തവണ ഉപയോഗിച്ചിട്ട് കളയുന്ന പുറങ്കുപ്പായത്തിന് ക്ഷാമം നേരിടുന്നപക്ഷം കഴുകാവുന്ന ലബോറട്ടറി കോട്ടുകളും രോഗികൾക്ക് ആശുപത്രിയിൽ അണിയാൻ നൽകാറുള്ള ഗൗണുകളും ഉപയോഗപ്പെടുത്തുക.
- നീരാവി, അൾട്രാവയലറ്റ്, അണുനാശിനി, മറ്റു രോഗാണുവിമുക്തമാക്കൽ പ്രക്രിയകൾ വഴി മുഖാവരണങ്ങൾ പുനരുപയോഗക്ഷമമാക്കി എടുക്കുക.
അവസാനത്തെ ആശ്രയം മാത്രമായ ഈ നടപടികളിൽ ചിലത് ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവ് (HSE) അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് രേഖയിൽ പറയുന്നു.
ചില തരം മുഖാവരണങ്ങൾ (മാസ്കുകൾ) ശുദ്ധീകരിക്കുന്നതിനായി ബാഷ്പീകൃത്യമായ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കുന്നതിന് അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകിയതായി വാർത്തയുണ്ടായിരുന്നു.
“പിപിഇ വളരെ ദൗര്ലഭ്യമുള്ള ഒരു സാധനമാണ്, ആരോഗ്യ-സാമൂഹിക പരിപാലനത്തിൽ ഏർപ്പെട്ടിട്ടുള്ള എല്ലാവർക്കും ശരിയായ സംരക്ഷണ ഉപകരണങ്ങൾ ലഭ്യമാകേണ്ടത് അതീവ നിർണായകമാണ്”, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിലെ ഡോ. സൂസൻ ഹോപ്കിൻസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
“പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ഉപകരണങ്ങളുടെ പുനരുപയോഗം നിർദ്ദേശിക്കുന്നുണ്ടെങ്കിൽ, അത് ശാസ്ത്രബോധത്തിന്റെ പിന്ബലത്തിലും, അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും, ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണത്തിൽ യാതൊരു വിട്ടുവീഴ്ചക്കും ഇടം നല്കാതെയുമായിരിക്കും”, ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ചെയർ പേഴ്‌സൺ ആയ ഡോ. ചാന്ദ് നാഗ്പോൾ പ്രസ്താവിച്ചു.
click on malayalam character to switch languages