1 GBP = 106.18
breaking news

പ്രതീക്ഷയുടെ മൺചിരാതുകൾ തെളിച്ചുകൊണ്ട് വീണ്ടുമൊരു പുതുവർഷപുലരി

പ്രതീക്ഷയുടെ മൺചിരാതുകൾ തെളിച്ചുകൊണ്ട് വീണ്ടുമൊരു പുതുവർഷപുലരി
എഡിറ്റോറിയൽ
പ്രതീക്ഷയുടെ മൺചിരാതുകൾ തെളിച്ചുകൊണ്ട് വീണ്ടുമൊരു പുതുവർഷപുലരി അണിഞ്ഞൊരുങ്ങുകയായി. ആശിക്കുവാനാണോ ആശങ്കപ്പെടാനാണോ കൂടുതൽ കാരണങ്ങൾ എന്നറിയാതെ പുത്തൻ ചക്രവാളങ്ങൾ തേടി മനുഷ്യ സമൂഹങ്ങൾ യാത്ര തുടരുന്നു.
ഭൂമി തിരിയുന്ന അച്ചുതണ്ടിനെ കാലപ്പഴക്കം തേയ്മാനപ്പെടുത്തുന്നുണ്ടോ എന്ന് ആർക്കെങ്കിലും ആശങ്ക ഉണ്ടാകുമോ ആവോ. തിരക്കുകൾക്ക്‌ മേലെ തിരക്കുകളുമായി നാം ഓടിക്കൊണ്ടിരിക്കുമ്പോൾ ഇതൊക്കെ ആലോചിക്കാൻ ആർക്കാണ് സമയം. പുരാണത്തിലെ ആഗ്നേയാസ്ത്രവും വരുണാസ്ത്രവും ഭൂമി തന്നെ നമുക്ക് നേരെ തൊടുത്തുകഴിഞ്ഞു എന്നുള്ള തിരിച്ചറിവെങ്കിലും നമുക്ക് ഉണ്ടാകേണ്ടതല്ലേ. ഇനിയും വൈകിയാൽ, പിന്നെ സമയമേ ഇല്ലാതാകും, എന്നെങ്കിലും നമ്മൾ തിരിച്ചറിഞ്ഞേ മതിയാകൂ.
ആഗോളതാപനം നമ്മുടെ ഭൂമിയെത്തന്നെ ഇല്ലാതാക്കുവാൻ തുടങ്ങുകയാണ്. സൂര്യൻ അഗ്നിഗോളമായി കത്തിയെരിയുന്നു ഒരുവശത്ത്. കനത്ത ഊഷ്മാവിൽ ധ്രുവങ്ങളിൽ മഞ്ഞുരുകി കരയെല്ലാം കടലെടുക്കാൻ തയ്യാറായി വരുന്നു മറുവശത്ത്. ഇതൊരു മുത്തശ്ശി കഥയല്ല. ഈ നൂറ്റാണ്ടിനെ ഗ്രസിച്ച് തുടങ്ങിക്കഴിഞ്ഞ ഉഗ്രഭീഷിണികളാണിവ.
വിവിധ മതസ്ഥർ തമ്മിലുള്ള ദൈവങ്ങളുടെ ആസ്ഥാന ഭൂമി തർക്കങ്ങളും, ഒരേ മതസ്ഥർ തമ്മിലുള്ള ദേവാലയങ്ങളുടെ അവകാശ തർക്കങ്ങളുമൊക്കെയായി നമ്മൾ “ചരിത്രം സൃഷ്ടിച്ച്”കൊണ്ടേയിരിക്കുമ്പോൾ മറക്കാതിരിക്കാം – അതിജീവനത്തിനുള്ള മനുഷ്യ കുലത്തിന്റെ അവസാന അവസരമാണിത്. ഭൂമി മാതാവിന്റെ നിലനിൽപ്പിനായി നമുക്ക് കൈകോർക്കാം. രാജ്യങ്ങളും വർഗ്ഗങ്ങളും മതങ്ങളും ഈ പ്രപഞ്ചത്തിന്റെ നിലനിൽപ്പിനായി തോളോട് തോൾ ചേരട്ടെ. പുതുവർഷത്തിന്റെ ഈ കുളിരുന്ന പുലരിയിൽ നന്മയുടെ നനുത്ത കുളിർകാറ്റ് നമ്മെ തഴുകി ഉണർത്തട്ടെ എന്നാശംസിക്കുന്നു. യുക്മന്യൂസിന്റെ എല്ലാ നല്ലവരായ വായനക്കാർക്കും ഹൃദയം നിറഞ്ഞ പുതുവർഷാശംസകൾ നേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more