സുരേന്ദ്രൻ ആരക്കോട്ട് (അസ്സോസിയേറ്റ് എഡിറ്റർ)
ഇക്കഴിഞ്ഞ സെപ്തംബർ 14-ന് ശനിയാഴ്ച, ഡാർട്ഫോർഡ് മലയാളീ അസോസിയേഷന്റെ (DMA) ഓണാഘോഷപരിപാടികൾ ഡാർട്ഫോർഡ് വാളർ പാർക്കിൽവെച്ചു വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കപ്പെട്ടു.


രാവിലെ മുതൽ കുട്ടികളും മുതിർന്നവരുമായി, നൂറുകണക്കിനാളുകൾ വിവിധ മത്സര ഇനങ്ങളിൽ പങ്കെടുക്കാനായി വാളർ പാർക്ക് ഗ്രൗണ്ടിലെത്തി. കൊച്ചു കുട്ടികൾ, കൗമാര പ്രായക്കാർ, യുവതീ യുവാക്കൾ, സ്ത്രീ പുരുഷന്മാർ എന്നീ വിഭാഗങ്ങൾക്കായി ഓട്ടം, ചാക്കിലോട്ടം, നാരങ്ങാ-സ്പൂൺ കടിച്ചുപിടിച്ചുള്ള ഓട്ടം,വെള്ളം-പകർന്നൊഴിക്കൽ എന്നീ മത്സരങ്ങൾക്ക് പുറമെ ആൺ-പെൺ വിഭാഗത്തിൽ വാശിയേറിയ വടംവലിയും വെവ്വേറെ നടത്തപ്പെട്ടു.

വടംവലിയിൽ പുരുഷ വിഭാഗത്തിൽ ജോയൽ ജോസെഫിന്റെ ടീം ഒന്നാം സ്ഥാനവും അനിരുദ്ധ് ജിജിയുടെ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ പ്രിയ റെനോൾഡിന്റെ ടീം ഒന്നാം സ്ഥാനം നേടിയപ്പോൾ എലിസബത്ത് ജിന്റോ നയിച്ച ടീം രണ്ടാം സ്ഥാനം കൈക്കലാക്കി.



ഉച്ചക്ക് 1 മണി മുതൽ വിളമ്പാൻ തുടങ്ങിയ, നാവിൽ രുചിയേറുന്നതും കേരളത്തനിമയാർന്നതുമായ ഓണസദ്യ, പ്രായഭേദമെന്യേ എല്ലാവരും നന്നായി ആസ്വദിച്ചു.


തുടർന്ന് ശ്രീ അന്നമ്മ ജോസെഫിന്റെ ടീം അവതരിപ്പിച്ച നയനാനന്ദകരമായ തിരുവാതിര കേരളത്തിന്റെ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളിലേക്ക് കാണികളെ ആനയിപ്പിച്ചു.


വിവിധ ഇനങ്ങളിൽ ജേതാക്കളായിട്ടുള്ളവർക്കുള്ള ട്രോഫികളും മെഡലുകളും തുടർന്ന് നടന്ന പൊതു ചടങ്ങിന്റെ വേദിയിൽ വെച്ച് സമ്മാനിക്കപ്പെട്ടു.

DMA യുടെ ഈ വർഷത്തെ ഓണാഘോഷവേളയിൽ യുക്മ ദേശീയ വൈസ്-പ്രസിഡണ്ടും ഡാർട്ഫോർഡ് നിവാസിയുമായ ശ്രീ എബി സെബാസ്റ്റ്യൻ മുഖ്യാതിഥി ആയിരുന്നു.

കായിക മത്സരങ്ങൾക്കും, ഓണസദ്യ, തുടർന്നുള്ള കല പരിപാടികൾ, പൊതു ചടങ്ങു് എന്നിവക്കുമെല്ലാം DMA യുടെ പ്രസിഡന്റ് ശ്രീ റെനോൾഡ് മാൻവെൽ, സെക്രട്ടറി ശ്രീ സുരേന്ദ്രൻ ആരക്കോട്ട്, ട്രഷറർ ശ്രീ സഞ്ജീവ് മേനോൻ എന്നിവർ നേതൃത്വം നൽകി.


സംഘാടന മികവുകൊണ്ടും, പങ്കെടുത്ത ജനാവലിയുടെ അംഗബലം കൊണ്ടും, വൈവിധ്യമാർന്ന കലാ -കായിക പരിപാടികളാലും വളരെ മികവുറ്റ ഒരാഘോഷ ദിവസമായി 2019-ലെ ഓണം ഓർമകളിൽ നിറഞ്ഞുനിൽക്കുമെന്നതിൽ ഒട്ടും സംശയമില്ല!




click on malayalam character to switch languages