സുരേന്ദ്രൻ ആരക്കോട്ട് (അസ്സോസിയേറ്റ് എഡിറ്റർ)
ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് 2019 ഏപ്രിൽ 23-നായിരുന്നു കേരള ജനത വോട്ട് രേഖപ്പെടുത്തിയത്. ഐക്യ ജനാധിപത്യ മുന്നണി 19 സീറ്റ് തൂത്തുവാരിയപ്പോൾ, ഭരണത്തിലിരിക്കുന്ന ഇടത് ജനാധിപത്യ മുന്നണി കേവലം 1 സീറ്റിലും, ചുരുങ്ങിയത് 2 സീറ്റെങ്കിലും നേടുമെന്ന് കരുതിയിരുന്ന കേന്ദ്രം ഭരണം കൈയാളുന്ന ബി.ജെ.പി നയിക്കുന്ന ദേശീയ ജനാതിപത്യ മുന്നണി 0 സീറ്റിലുമായി ഒതുങ്ങിപ്പോയ വാർത്ത തെല്ലൊരു അതിശയത്തോടു കൂടിയാണ് കേരള ജനത കേൾക്കാനിടയായത്!
ശബരിമല പ്രശ്നത്തിൽ ഇടതുമുന്നണിയെ പ്രതിസ്ഥാനത്തു നിർത്താനായി ഐക്യ ജനാധിപത്യ മുന്നണിയും ദേശീയ ജനാധിപത്യ മുന്നണിയും ഒപ്പത്തിനൊപ്പം മത്സരിച്ച ഈ തെരഞ്ഞെടുപ്പിൽ കേരളത്തിലെ രാഷ്ട്രീയ രംഗവും ചൂടുപിടിച്ചു. ബി.ജെ.പി യുടെ ഭരണ പരാജയങ്ങൾ ഇടതു മുന്നണി വോട്ടാക്കി മാറ്റാനായി ശ്രമിച്ചപ്പോൾ, ബി.ജെ. പി-ക്ക് പകരം വെക്കാനായി കോൺഗ്രസ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി മാത്രമേയുള്ളുവെന്ന തിരഞ്ഞെടുപ്പ് തന്ത്രമാണ് കോൺഗ്രസ്സും സഖ്യകക്ഷികളും പുറത്തെടുത്തത്. മത്സര രംഗത്തുള്ള രാഷ്ട്രീയ പാർട്ടികൾക്കുപോലും തെരഞ്ഞെടുപ്പിൽ കൃത്യമായി എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിക്കാൻ കഴിയാത്ത ഒരു സാഹചര്യമാണ് അന്ന് കേരളത്തിൽ ഉണ്ടായിരുന്നത്!
തെരഞ്ഞെടുപ്പ് ചൂട് കേരളത്തിലെ പോലെതന്നെ പുറം നാടുകളിൽ താമസിക്കുകയും ജോലിഎടുക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികളെയും ബാധിച്ചു കഴിഞ്ഞിരുന്നു. ഈ അവസരത്തിലാണ് യൂ.കെ മലയാളികളുടെ സംഘടനയായ യുക്മയുടെ മുഖപത്രമായ യുക്മ ന്യൂസ് തെരഞ്ഞെടുപ്പ് പ്രവചന മത്സരമെന്ന ആശയവുമായി മുന്നോട്ടു വന്നത്. കേരളത്തിലെ 20 ലോകസഭാ മണ്ഡലങ്ങളിലെയും വിജയികൾ ആരെന്നു മുൻകൂട്ടി പ്രവചിക്കാനുള്ള അവസരം യു.കെ മലയാളികൾ പരമാവധി പ്രയോജനപ്പെടുത്തി.
4211 ആൾക്കാർ പങ്കെടുത്ത പ്രവചന മത്സരത്തിൽ 20 സീറ്റിലേയും വിജയികളെ കിറു-കൃത്യമായി മുൻകൂട്ടി പ്രവചിച്ചു ആലപ്പുഴ ചമ്പക്കുളം സ്വദേശി ശ്രീ. ജോജോ ജോസഫ് തിരുനിലം ഒന്നാം സ്ഥാനം കരസ്ഥമാക്കി. യഥാർത്ഥ തെരഞ്ഞെടുപ്പ് ഫലത്തിനോടടുത്തു അനുയോജ്യമായ തരത്തിൽ ഉത്തരം നല്കുന്നവർക്കുള്ള രണ്ടാം സ്ഥാനത്തിന് ആരും അര്ഹരായിരുന്നില്ലെന്നുള്ള വസ്തുത ഒന്നാം സ്ഥാന വിജയിയുടെ മാറ്റ് കൂട്ടുന്നതാണ്!
ബ്രിട്ടനിലെ റെയിൽവേയിൽ സി.എൻ.സി ഓപ്പറേറ്റർ ആയി ജോലി ചെയ്യുന്ന ജോജോ ജോസഫ് ഭാര്യ പ്രമീള ജോജോ, മക്കളായ അമൽ, അനീറ്റ, എയ്‌ബെൽ എന്നിവരും ചെഷയറിലെ വാറിംഗ്ടണിലാണ് താമസിക്കുന്നത്. 12 വര്ഷം ഗൾഫ് നാടുകളിൽ ജോലി ചെയ്തിട്ടുള്ള ജോജോ കഴിഞ്ഞ 12 ലേറെ വര്ഷങ്ങളായി യു.കെയിൽ
സ്ഥിരതാമസക്കാരനാണ്.
രാഷ്ട്രീയ രംഗത്തെ മാറിവരുന്ന പ്രവണതകൾ സൂക്ഷ്മമായി നിരീക്ഷിക്കാറുള്ള ജോജോക്ക് കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും സുഹൃദ് ബന്ധങ്ങളുണ്ടായിരുന്നു. ഇവരിൽ പലരും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിലെ അംഗങ്ങളോ രാഷ്ട്രീയ നിരീക്ഷകരോ ആയിരുന്നു. ഇവരുമായുള്ള നിരന്തരമായ ആശയവിനിമയവും, തന്റെ ഭാര്യയുടെ അനുജത്തിയുടെ ഭർത്താവും കേരളം പോലീസിൽ ജോലിചെയ്യുന്നയാളുമായ ശ്രീ ജാക്‌സന്റെ വിശകലന പാടവവുമാണ് ഈ തിരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിക്കുവാൻ തന്നെ സഹായിച്ചതെന്ന് ശ്രീ ജോജോ ജോസഫ് യുക്മ ന്യൂസ് അസ്സോസിയേറ്റ് എഡിറ്റർ ശ്രീ. സുരേന്ദ്രൻ ആരക്കോട്ടുമായുള്ള അഭിമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി.
സജീവ രാഷ്ട്രീയ രംഗത്തിറങ്ങിയില്ലെങ്കിലും ജോജോ ഒരു കോൺഗ്രസ് അനുഭാവിയാണ്. ആലപ്പുഴയിലെ ചമ്പക്കുളം ഏയ്ഞ്ചൽ ബോട്ട് ക്ലബ്ബിന്റെ മുൻ രക്ഷാധികാരിയായിരുന്നു.
ഈ വരുന്ന യുക്മ കേരളാപൂരത്തിൽ ഒന്നാം ഹീറ്റ്‌സിൽ മത്സരിക്കുന്ന വാറിംഗ്ടൺ ബോറ്ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടൻറെ ക്യാപ്റ്റിൻ കൂടിയാണ് ശ്രീ. ജോജോ ജോസഫ്. കൂടാതെ നിലവിൽ റിതം ഓഫ് വാറിംഗ്ടന്റെ ചെണ്ടമേളം ടീം അംഗവും, വാറിംഗ്ടൺ വടം വലി ടീമംഗവുമാണ്. വാറിംഗ്ടൺ ക്രിസ്ത്യൻ കമ്മ്യൂണിറ്റിയുടെ മുൻകാല സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ജോജോ ചമ്പക്കുളം സംഗമം യു.കെയുടെ നിലവിലെ ട്രെഷറർ കൂടിയാണ്.
ഓഗസ്റ്റ് 31 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള മാൻവേർസ് തടാകത്തിൽ വെച്ച് നടത്തപ്പെടുന്ന കേരളം പൂരത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ വെച്ച് ശ്രീ. ജോജോ ജോസഫിന് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിക്കുന്നതായിരുക്കും.
കേരളാ പൂരം വള്ളം കളിയിൽ ചമ്പക്കുളം ടീം ക്യാപ്റ്റൻ കൂടിയായ ശ്രീ. ജോജോ ജോസഫിന് എല്ലാ ഭാവുകങ്ങളും നേരുന്നതായി യുക്മ ന്യൂസ് ടീം അറിയിക്കുന്നു!
click on malayalam character to switch languages