സുരേന്ദ്രൻ ആരക്കോട്ട് (അസ്സോസിയേറ്റ് എഡിറ്റർ)
ഡെർബിഷയെർ: ടോഡ് ബ്രുക് ജലാശയ സംഭരണിയുടെ പാർശ്വ ഭിത്തി ഈയിടെ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഭാഗികമായി തകർന്നതിനെത്തുടർന്നു വൈലയ് ബ്രിഡ്ജ് ഗ്രാമം ഒഴിപ്പിക്കാനുള്ള ശ്രമം തുടങ്ങി.
6500 – ഓളം വരുന്ന ഗ്രാമവാസികളോട് സമീപത്തുള്ള മറ്റൊരു ടൗണിലെ സ്കൂളിലേക്ക് താത്കാലികമായി മാറിത്താമസിക്കാൻ അടിയന്തിര നിർദ്ദേശം കൊടുത്തുകഴിഞ്ഞു.
1831 ൽ പണിതീർത്ത ഈ അണക്കെട്ടു പൂർണമായും മണ്ണ് കൊണ്ട് നിർമിച്ചതാണ്. ഡാമിന്റെ ഉയരത്തിലുള്ള ഭാഗത്താണ് കേടുപാടുകൾ എന്നത് പ്രശനം കൂടുതൽ സങ്കീർണമാക്കുന്നു. എത്രയും പെട്ടെന്ന് വെള്ളത്തിന്റെ അളവ് കുറയ്ക്കാൻ ആവുന്ന കാര്യങ്ങൾ ചെയ്യുക എന്നതാണ് എൻജിനീയർമാരുടെ മുന്നിലുള്ള ശ്രമകരമായ ദൗത്യം.
രാജ്യത്തെ നാനാഭാഗത്തുനിന്നും എത്തിച്ചേർന്നിട്ടുള്ള അഗ്നിശമന സേന അംഗങ്ങൾ ഉയർന്ന ശേഷിയുള്ള 10 പമ്പുകൾ ഉപയോഗിച്ച് വെള്ളം അതിവേഗത്തിൽ താഴെയുള്ള കനാലുകളിലേക്കു പമ്പ് ചെയ്യാനുള്ള കഠിന പരിശ്രമത്തിലാണിപ്പോൾ ഏർപ്പെട്ടിരിക്കുന്നത്.
ഒരു മിനുട്ടിൽ 700 ലിറ്റർ വെള്ളം വരെ അടിച്ചു കളയാനുള്ള ശേഷി ഈ പമ്പുകൾക്കുണ്ട്. ഇന്ന് രാത്രി കഴിഞ്ഞുകിട്ടിയാൽ വലിയ അപകട നില തരണം ചെയ്തേക്കാം എന്ന അവസ്ഥയാണിപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നിരുന്നാലും ഈ വാരാന്ത്യം മുഴുവൻ വെള്ളം അടിച്ചു കളയുന്നത് തുടരേണ്ടിവരും.
ജലാശയ സംഭരണിക്കു താഴെയുള്ള ഗോയ്ട് നദീ തടത്തിനു സമീപപ്രദേശങ്ങളിൽ അതിതീവ്ര വെള്ളപ്പൊക്കത്തിന്റെയും തുടർന്നുണ്ടായേക്കാവുന്ന ജീവഹാനിയുടെയും മുന്നറിയിപ്പുകൾ ഇതിനകം നൽകിക്കഴിഞ്ഞു.
ഹെയ്‌സിൽ ഗ്രോവിനും ബാക്സ്റ്റണും ഇടയിലുള്ള ട്രെയിൻ ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. ഇത് മാഞ്ചസ്റ്റർ പിക്കാഡില്ലിക്കും ബാക്സ്റ്റണും ഇടയിലുള്ള സർവിസുകളെ കാര്യമായി ബാധിച്ചിട്ടുണ്ട്.
click on malayalam character to switch languages