സ്റ്റീഫൻ അലക്സ് ഇലവുങ്കൽ
ലണ്ടൻ: പാകിസ്താനോടും തോറ്റ് ദക്ഷിണാഫ്രിക്ക ലോകകപ്പ് ക്രിക്കറ്റിന്റെ സെമി കാണാതെ പുറത്ത്. 49 റൺസിനാണ് പാകിസ്താൻ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. പാകിസ്താൻ ഉയർത്തിയ 309 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 259 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. അർധ സെഞ്ചുറി നേടിയ ഹാരിസ് സൊഹൈലാണ് കളിയിലെ താരം.
ഓപ്പണർ ഹാഷിം അംലയുടെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം നഷ്ടമായത്. രണ്ട് റൺസ് എടുത്ത അംലയെ മുഹമ്മദ് ആമിർ മടക്കി. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ഡി കോക്കും ഡുപ്ലസിസും കരുതിക്കളിച്ചെങ്കിലും ഡി കോക്കിനെ പുറത്താക്കി ഷദാബ് ഖാൻ കൂട്ടുകെട്ട് പൊളിച്ചു. ഡി കോക്ക് 60 പന്തിൽ 47 റൺസ് നേടി.
അർധ സെഞ്ചുറി നേടിയ ഡുപ്ലെസിസിനെയും ആമിർ മടക്കി. ഡുപ്ലെസിസ് 79 പന്തിൽ 63 റൺസ് എടുത്തു. വാൻ ഡി ഡുസൻ 47 പന്തിൽ 36 റൺസും ഡേവിഡ് മില്ലർ 37 പന്തിൽ 31 റൺസും എടുത്ത് പുറത്തായി. മാർക്രാം, ക്രിസ് മോറിസ്, റബാദ, എൻഗിഡി എന്നിവർ കാര്യമായ സംഭാവനകൾ നൽകാതെ മടങ്ങി. 32 പന്തിൽ 46 റൺസുമായി ഫെലുക്വായോ, മൂന്ന് പന്തിൽ ഒരു റണ്ണുമായി ഇമ്രാൻ താഹിർ എന്നിവർ പുറത്താകാതെ നിന്നു.
പാകിസ്താന് വേണ്ടി 10 ഓവറിൽ 50 റൺസ് വഴങ്ങി ഷദാബ് ഖാനും 10 ഓവറിൽ 46 റൺസ് വഴങ്ങി വഹാബ് റിയാസും മൂന്ന് വിക്കറ്റുകൾ വീതം നേടി. 10 ഓവറിൽ 49 റൺസ് വഴങ്ങി മുഹമ്മദ് ആമീർ രണ്ട് വിക്കറ്റ് നേടി. ഷഹീൻ അഫ്രീദി ഒരു വിക്കറ്റ് എടുത്തു.
നേരത്തെ ഒന്നാം ഇന്നിങ്സിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താൻ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 308 റൺസ് നേടി. പാകിസ്താന് വേണ്ടി ബാബർ അസം, ഹാരിസ് സൊഹൈൽ എന്നിവർ അർധ സെഞ്ചുറികൾ നേടി.
പാകിസ്താന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാർ സമ്മാനിച്ചത്. ഇരുവരും 44 റൺസ് വീതം നേടി പുറത്തായി. 50 പന്തിൽ 44 റൺസ് എടുത്ത ഓപ്പണർ ഫഖർ സമാന്റെ വിക്കറ്റാണ് പാകിസ്താന് ആദ്യം നഷ്ടമായത്. സമാനെ ഇമ്രാൻ താഹിർ അംലയുടെ കൈകളിൽ എത്തിച്ചു. 58 പന്തിൽ 44 റൺസ് എടുത്ത ഇമാം ഉൽ ഹക്കിനെയും താഹിർ മടക്കി.
ബാബർ അസം 80 പന്തിൽ 69 റൺസും ഹാരിസ് സൗഹൈൽ 59 പന്തിൽ 89 റൺസും നേടി. മുഹമ്മദ് ഹഫീസ് 20 റൺസും, ഇമാദ് വസീം 23 റൺസും, വഹാബ് റിയാസ് നാല് റൺസും എടുത്ത് പുറത്തായി. രണ്ട് റൺസുമായി സർഫറാസ് അഹമ്മദ്, ഒരു റണ്ണുമായി ഷദാബ് ഖാൻ എന്നിവർ പുറത്താകാതെ നിന്നു.
ദക്ഷിണാഫ്രിക്കയ്ക്കായി ഒൻപത് ഓവറിൽ 64 റൺസ് വഴങ്ങി എൻഗിഡി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. 10 ഓവറിൽ 40 റൺസ് വഴങ്ങി ഇമ്രാൻ താഹിർ രണ്ട് വിറ്റ് നേടി. ഫെലുക്വായോ, മാർക്രാം എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി
click on malayalam character to switch languages