കസാൻ: ആറാം ലോകകിരീടം ലക്ഷ്യമിട്ടെത്തിയ കാനറിക്കൂട്ടവും റഷ്യയിൽ നിന്ന് കണ്ണീരോടെ മടങ്ങുന്നു. ഇന്നലെ നടന്ന രണ്ടാമത്തെ ക്വാർട്ടറിൽ കറുത്ത കുതിരകളായ ബെൽജിയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്രസീലിനെ വീഴ്ത്തി. പതിമ്മൂന്നാം മിനിറ്റിൽ ഫെർണാണ്ടിഞ്ഞോയുടെ സെൽഫ് ഗോളിലൂടെ മുന്നിലെത്തിയ ബെൽജിയത്തിന് 31-ാം മിനിറ്റിൽ പ്ലേമേക്കർ കെവിൻ ഡി ബ്രൂയിൻ നേടിയ ഗോൾ വിജയ മുറപ്പിക്കുന്നതായി.
തുടക്കം മുതൽ തന്നെ നെയ്മറുടെ നേതൃത്വത്തിൽ ആക്രമിച്ചു കയറിയ ബ്രസീലിനെ മികച്ച പ്രതിരോധമുയർത്തി തടഞ്ഞു നിറുത്തിയ ബെൽജിയം വീണുകിട്ടയ കൗണ്ടർ അറ്രാക്കിലൂടെ മിന്നലാക്രമണം നടത്തി വിജയം സ്വന്തമാക്കുകയായിരുന്നു. ക്രോസ് ബാറിന് കീഴിൽ തകർപ്പൻ സേവുകളുമായി അവസരത്തിനൊത്തുയർന്ന ഗോൾ കീപ്പർ തിബൗട്ട് കൗർട്ടോയിസ് ബെൽജിയത്തിന്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ചു. ഗോളെന്നുറച്ച നിരവധി അവസരങ്ങളാണ് കൗർട്ടോയിസ് രക്ഷപ്പെടുത്തിയത്.
4-3-3 ശൈലിയിൽ തന്നെയാണ് ബെൽജിയം കോച്ച് റോബർട്ടോ മാർട്ടിനസും ബ്രസീൽ കോച്ച് ടിറ്രെയും ടീമുകളെ കളത്തിലിറക്കിയത്. നെയ്മറും വില്യനും കൗട്ടീഞ്ഞോയുമാണ് ബ്രസീലിന്റെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ഹസാർഡ്, ഡി ബ്രൂയിൻ, ലുക്കാക്കു എന്നിവരായിരുന്നു ബെൽജിയത്തിന്റെ മുന്നേറ്റ നിരയിൽ. ബാൾ പൊസിഷനിലും, പാസിംഗിലും ഷോട്ടുകളുതിർത്തതിലും ബ്രസീൽ തന്നെയായിരുന്നു മുന്നിലെങ്കിലും ഫിനിഷിംഗിൽ വരുത്തിയ ഗുരുതര പിഴവുകളും ബെൽജിയൻ പ്രതിരോധത്തിന്റെയും ഗോളി കൗർട്ടോയിസിന്റെയും അവസരോചിത ഇടപെടലുകളും കാനറികൾക്ക് പാരയാവുകയായിരുന്നു. ബ്രസീൽ 27 ഷോട്ടുകൾ ഉതിർത്തപ്പോൾ ബെൽജിയം ആകെ തൊടുത്തത് 9 ഷോട്ടുകൾ. ബ്രസീൽ ടാർജറ്രിലേക്ക് 9 ഷോട്ടുകൾ അടിച്ചപ്പോൾ ബെൽജിയം എടുത്തത് മൂന്നെണ്ണം മാത്രം.
തുടക്കം മുതൽ തന്നെ ആക്രമണം അഴിച്ചുവിട്ട ബ്രസീലിനെ ഞെട്ടിച്ച് കളിയുടെ ഒഴുക്കിനെതിരെ ബെൽജിയം ലീഡ് നേടുകയായിരുന്നു. 13-ാം മിനിറ്റിൽ ബെൽജിയത്തിന് ലഭിച്ച കോർണർ കിക്ക് ക്ലിയർ ചെയ്യാനുള്ള ഫെർണാണ്ടിഞ്ഞോയുടെ ശ്രമം പരാജയപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ തോളിൽ തട്ടി പന്ത് സ്വന്തം വലയിൽ കയറി.
ഗോൾവഴങ്ങിയിട്ടും ആക്രമണം തുടർന്ന ബ്രസീലിനെ പ്രതിസന്ധിയിലാക്കി 31-ാം മിനിറ്റിൽ ഡി ബ്രൂയിന്റെ തകർപ്പൻ ഗോൾ. ഡി ബ്രൂയിന്റെ ലോംഗ് റേഞ്ചർ ഷോട്ട് ബ്രസീൽ ഗോളി അലിസണെ മറികടന്ന് വലയ്ക്കകത്തായി. 71-ാം മിനിറ്റിൽ പകരക്കാരൻ റെനാറ്റോ അഗസ്റ്റോ തകർപ്പൻ ഹെഡ്ഡറിലൂടെ ബ്രസീലിനായി ഒരു ഗോൾ നേടി. തുടർന്ന് സമനിലയ്ക്കായി ബ്രസീൽ പൊരുതി നോക്കിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല.
click on malayalam character to switch languages