സൂം, എച്ച്എസ്ബിസി, ഐകിയ ഉൾപ്പെടെ പ്രമുഖ വെബ്സൈറ്റുകളിൽ സൈബർ ആക്രമണം; ഐഫോൺ ഉപയോക്താക്കളുടെ ബാങ്ക് വിവരങ്ങൾ ചോർത്താൻ ശ്രമം
Nov 17, 2026
ലണ്ടൻ: ലോകത്തെ പ്രമുഖ വെബ്സൈറ്റുകളായ സൂം, എച്ച്എസ്ബിസി, സെയിൽസ്ഫോഴ്സ്, ഐകിയ എന്നിവയുൾപ്പെടെ 178 സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളിൽ ഹാക്കർമാർ ദുഷ്ട കോഡ് (Malicious Code) കടത്തിവിട്ട് വൻ സൈബർ ആക്രമണം നടത്തിയതായി സുരക്ഷാ ഗവേഷകർ. ഐഫോൺ ഉപയോക്താക്കളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ക്രിപ്റ്റോകറൻസി ഇടപാട് വിവരങ്ങൾ, വ്യക്തിഗത വിവരങ്ങൾ എന്നിവ മോഷ്ടിക്കുകയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്നാണ് റിപ്പോർട്ട്.
നവംബർ 16-ന് ബാധിക്കപ്പെട്ട വെബ്സൈറ്റുകളിൽ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകിയവർ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ പരിശോധിക്കണമെന്നും സംശയാസ്പദമായ ഇടപാടുകൾ ശ്രദ്ധിക്കണമെന്നും സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകി.
ആക്രമണത്തിന് ഇരയായ 178 സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്നത് വെബ്സൈറ്റ് ഒപ്റ്റിമൈസേഷൻ ടൂളായ ‘ഒപ്റ്റിമൈസ്ലി’ (Optimizely) ആണെന്ന് ഗവേഷകനായ സ്കോട്ട് ഹെൽം കണ്ടെത്തി. ഈ പ്ലാറ്റ്ഫോമിലെ സുരക്ഷാ പിഴവ് മുതലെടുത്താണ് ഹാക്കർമാർ വെബ്സൈറ്റുകളിൽ ദുഷ്ട ജാവാസ്ക്രിപ്റ്റ് കോഡ് ഉൾപ്പെടുത്തിയത്.
വെബ്സൈറ്റുകളിലെ ഓൺലൈൻ പേയ്മെന്റ് ഫോമുകളിൽ ഐഫോൺ ഉപയോക്താക്കൾ നൽകുന്ന ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തുക, ബ്രൗസർ കുക്കികളും സ്ക്രീൻഷോട്ടുകളും മോഷ്ടിക്കുക, ആപ്പിളിന്റെ iOS ഓപ്പറേറ്റിങ് സിസ്റ്റത്തിലെ സുരക്ഷാ പിഴവുകൾ മുതലെടുത്ത് ഉപകരണങ്ങളിൽ ആക്രമണം നടത്തുക എന്നിവയായിരുന്നു കോഡിന്റെ പ്രവർത്തനങ്ങൾ.
ക്രിപ്റ്റോകറൻസി വഴി പണമിടപാട് നടത്തുമ്പോൾ സ്വീകർത്താവിന്റെ വാലറ്റ് വിലാസം ഉപയോക്താവറിയാതെ ഹാക്കർമാരുടെ വാലറ്റ് വിലാസത്തിലേക്ക് മാറ്റാനും ആക്രമണത്തിന് ശേഷിയുണ്ടായിരുന്നുവെന്ന് ഗവേഷകർ പറയുന്നു.
എന്നാൽ ഉപയോക്താക്കളുടെ ബാങ്ക് വിവരങ്ങളോ ക്രിപ്റ്റോകറൻസിയോ യഥാർത്ഥത്തിൽ മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
വെബ്സൈറ്റുകളല്ല, അവ ഉപയോഗിച്ച സോഫ്റ്റ്വെയറാണ് ചോർന്നത്
പരമ്പരാഗത രീതിയിൽ വെബ്സൈറ്റുകൾ നേരിട്ട് ഹാക്ക് ചെയ്യപ്പെട്ടതല്ലെന്നും അവയുടെ പ്രവർത്തനത്തിന് ഉപയോഗിക്കുന്ന മൂന്നാംകക്ഷി സോഫ്റ്റ്വെയറാണ് ആക്രമണത്തിന് ഇരയായതെന്നും സൈബർ സുരക്ഷാ ഉപദേഷ്ടാവ് മുഹമ്മദ് യഹ്യ പട്ടേൽ വ്യക്തമാക്കി.
സന്ദർശകർക്ക് വെബ്സൈറ്റുകൾ സാധാരണ നിലയിൽ തന്നെയാണ് കാണപ്പെട്ടത്. എന്നാൽ പശ്ചാത്തലത്തിൽ പ്രവർത്തിച്ചിരുന്ന ദുഷ്ട കോഡ് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്താൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പരിശോധിച്ച വെബ്സൈറ്റുകളിൽ വെറും 15 ശതമാനത്തിൽ മാത്രമാണ് ഈ കോഡ് പ്രവർത്തിക്കുന്നത് തടയാൻ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഭവം സ്ഥിരീകരിച്ച ഒപ്റ്റിമൈസ്ലി സുരക്ഷാ പിഴവ് പരിഹരിച്ചതായും പങ്കാളികളുടെ വെബ്സൈറ്റുകളിൽനിന്ന് ദുഷ്ട കോഡ് നീക്കം ചെയ്തതായും അറിയിച്ചു. ബാധിക്കപ്പെട്ട ഉപയോക്തൃ അക്കൗണ്ടുകൾ സുരക്ഷിതമാക്കാനും ഭാവിയിൽ അനധികൃത കോഡ് വെബ്സൈറ്റുകളിൽ എത്തുന്നത് തടയാനും കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.
സെയിൽസ്ഫോഴ്സും ഐകിയയും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി ഒപ്റ്റിമൈസ്ലി പ്ലാറ്റ്ഫോമിൽ നിന്നുള്ള സ്ക്രിപ്റ്റുകൾ പ്രവർത്തനരഹിതമാക്കിയതായി സെയിൽസ്ഫോഴ്സ് അറിയിച്ചു. ഇക്വിഫാക്സും പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത് നിർത്തിയതായി വ്യക്തമാക്കി. തങ്ങളുടെ സംവിധാനങ്ങളിൽ സുരക്ഷാ വീഴ്ചയുണ്ടായതിന് തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ഇക്വിഫാക്സിന്റെ പ്രതികരണം.
എച്ച്എസ്ബിസി വെബ്സൈറ്റുകളിൽ അനധികൃത സ്ക്രിപ്റ്റുകൾ പ്രവർത്തിച്ചിരുന്നില്ലെന്ന് അറിയിച്ചു.
ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നവംബർ 16-ന് ബാധിക്കപ്പെട്ട വെബ്സൈറ്റുകളിൽ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകിയവർ ബാങ്ക് ഇടപാടുകൾ സൂക്ഷ്മമായി പരിശോധിക്കണം. സംശയകരമായ ഇടപാടുകൾ കണ്ടാൽ ഉടൻ ബാങ്കിനെയോ കാർഡ് നൽകിയ സ്ഥാപനത്തെയോ ബന്ധപ്പെടണം.
ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തിയവർ പണം ഉദ്ദേശിച്ച വ്യക്തിയുടെ വാലറ്റിലേക്കുതന്നെ എത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഇടപാടിന്റെ യഥാർത്ഥ വിലാസം സ്വീകർത്താവുമായി വിശ്വസനീയമായ മറ്റൊരു മാർഗത്തിലൂടെ സ്ഥിരീകരിക്കണമെന്നും നിർദേശമുണ്ട്.
ഐഫോൺ, ഐപാഡ് ഉപയോക്താക്കൾ തങ്ങളുടെ ഉപകരണങ്ങളിൽ ലഭ്യമായ ഏറ്റവും പുതിയ iOS, iPadOS അപ്ഡേറ്റുകൾ ഉടൻ ഇൻസ്റ്റാൾ ചെയ്യണം. പഴയ സോഫ്റ്റ്വെയർ പതിപ്പുകളിലെ സുരക്ഷാ പിഴവുകൾ മുതലെടുക്കാനും ആക്രമണത്തിൽ ശ്രമമുണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ.
കൂടാതെ, വെബ്സൈറ്റുകളിൽ ഉപയോഗിക്കുന്ന അക്കൗണ്ടുകളിൽ അപരിചിതമായ ലോഗിൻ സെഷനുകളോ അസാധാരണമായ മാറ്റങ്ങളോ ഉണ്ടോയെന്നും പരിശോധിക്കണം. മോഷ്ടിക്കപ്പെട്ടേക്കാവുന്ന ബ്രൗസർ കുക്കികൾ വഴി ചില അക്കൗണ്ടുകളിൽ പ്രവേശനം നേടാൻ ഹാക്കർമാർക്ക് സാധിച്ചേക്കാം.
മൂന്നാംകക്ഷി സോഫ്റ്റ്വെയറുകളെ ആശ്രയിക്കുന്ന വെബ്സൈറ്റുകൾ നേരിടുന്ന സുരക്ഷാ ഭീഷണിയുടെ ഗൗരവമാണ് ഈ സംഭവം വ്യക്തമാക്കുന്നത്. 2021 മുതൽ ക്രിപ്റ്റോകറൻസി ഹാക്കിങ്ങിലൂടെ 22.3 ബില്യൺ ഡോളറിലധികം മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നാണ് ബ്ലോക്ക്ചെയിൻ ഗവേഷണ സ്ഥാപനമായ ചെയിനാലിസിസിന്റെ കണക്ക്.
കഴിഞ്ഞ മാസം ഉത്തരകൊറിയയുമായി ബന്ധപ്പെടുത്തിയ മറ്റൊരു സൈബർ ആക്രമണത്തിൽ ലോകത്തെ പ്രമുഖ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ ബിനാൻസിൽനിന്ന് 6.3 ബില്യൺ ഡോളർ മോഷ്ടിക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
യുക്മയുടെ മുൻ ദേശീയ പ്രസിഡന്റുമാർ ഉൾപ്പെടെ ആറു പ്രമുഖർക്ക് വിശിഷ്ട സേവന പുരസ്കാരങ്ങൾ; മന്ത്രി പി. സി. വിഷ്ണുനാഥ് ആദരിച്ചു……. ഡോ. ബിജു പെരിങ്ങത്തറ, മനോജ് പിള്ള, അലക്സ് വർഗീസ്, കുര്യൻ ജോർജ്ജ്, സ്മിത ബാബു തോട്ടം, റെയ്മോൾ നിധീരി എന്നിവർക്ക് ആദരം; യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടനവേദിയിൽ നേതൃത്വമികവിനും ദീർഘകാല സംഘടനാ സേവനത്തിനും അംഗീകാരം /
യുക്മ ഫോർച്യൂൺ ലോട്ടറി 2026 ഒന്നാം സമ്മാനം പതിനായിരം പൌണ്ട് ഈസ്റ്റ്ബോണിലെ മാജിദ് തച്ചപറമ്പന്, രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം വാറിംഗ്ടണിലെ ആൻ്റ്ലിൻ ആൻ്റോയ്ക്ക്. അര പവൻ സ്വർണ്ണത്തിൻ്റെ 2 മൂന്നാം സമ്മാനങ്ങൾ ഡോർചെസ്റ്ററിലെ പ്രിജിമോൾ വാസു, ഹേവാർഡ്സ് ഹീത്തിലെ ചിഞ്ചു കുര്യാക്കോസ് എന്നിവർക്ക്. /
പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ മിഡ്ലാൻഡ്സ് റീജിയൻ ഓവറോൾ ചാമ്പ്യന്മാർ; വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ അസോസിയേഷൻ ചാമ്പ്യന്മാർ….. യോർക്ക്ഷെയർ ആൻഡ് ഹംബർ രണ്ടാം സ്ഥാനത്ത്; നോർത്ത് വെസ്റ്റ് മൂന്നാമത്; കലാതിലകമായി അമേയ കൃഷ്ണ നിധീഷ്, നാട്യമയൂരമായി ഐശ്വര്യ വിനു നായർ; ഏഴ് വേദികളിലായി 46 മത്സരയിനങ്ങൾ — സമയനിഷ്ഠയിലും സംഘാടനമികവിലും ശ്രദ്ധേയമായി യുക്മ ദേശീയ കലാമേള 2026 /
യുകെയിൽ യുക്മയുമായി സഹകരിച്ച് ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബ്രിട്ടനിലും വേദിയൊരുങ്ങുന്നു……ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുകെയിൽ മിനി ചലച്ചിത്രമേള; അടുത്ത ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ ഓണാഘോഷം; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ പദ്ധതികൾ; യുക്മ ദേശീയ കലാമേള ലോക മലയാളി സമൂഹത്തിന് മാതൃകയെന്നും മന്ത്രി /
ഐ.എൽ.ആർ പോരാട്ടത്തിൽ യുക്മയുടെ ഇടപെടലിന് നിർണായക നേട്ടം; കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ കാലാവധി തുടരും; ഒന്നര ലക്ഷത്തോളം കെയർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം; യുക്മയുടെ ദേശീയതല ക്യാംപെയ്ൻ ഫലം കണ്ടുതുടങ്ങുന്നു /
click on malayalam character to switch languages