1 GBP = 123.62
breaking news

സൗത്താംപ്ടണിലെ ഹെൻറി നൊവാക്കിന്റെ കൊലപാതകം: ശിക്ഷാവിധിക്കെതിരെ അപ്പീൽ നൽകാൻ പ്രതി

സൗത്താംപ്ടണിലെ ഹെൻറി നൊവാക്കിന്റെ കൊലപാതകം: ശിക്ഷാവിധിക്കെതിരെ അപ്പീൽ നൽകാൻ പ്രതി

സൗത്താംപ്ടൺ: ബ്രിട്ടനിൽ 18കാരനായ വിദ്യാർഥി ഹെൻറി നൊവാക്കിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട വിക്‌റം സിങ് ദിഗ്‌വ കൊലപാതകക്കുറ്റത്തിലെ വിധിക്കെതിരെ അപ്പീൽ നൽകാൻ അപേക്ഷ സമർപ്പിച്ചു. തന്റെ ശിക്ഷാവിധി നിയമപരമായി നിലനിൽക്കുന്നതല്ലെന്നും റദ്ദാക്കണമെന്നുമാണ് 23കാരനായ ദിഗ്‌വയുടെ ആവശ്യം. ശിക്ഷ പുനഃപരിശോധിക്കണമെന്നും സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2025 ഡിസംബർ 3ന് സൗത്താംപ്ടണിലായിരുന്നു കേസിനാസ്പദമായ സംഭവം. സിഖ് മതാചാരങ്ങളിൽ ഉപയോഗിക്കുന്ന കഠാര ഉപയോഗിച്ച് ദിഗ്‌വ ഹെൻറിയെ പലതവണ കുത്തുകയായിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ് മരണത്തോട് മല്ലടിച്ച ഹെൻറിയെ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ഇയാൾ തന്നെ വംശീയമായി അധിക്ഷേപിച്ചെന്ന വ്യാജ ആരോപണം ഉന്നയിക്കുകയും ചെയ്തു.

പൊലീസ് സ്ഥലത്തെത്തിയപ്പോൾ ദിഗ്‌വയുടെ ആരോപണം വിശ്വസിച്ച് രക്തം വാർന്ന് കിടന്ന ഹെൻറിയെ കൈവിലങ്ങണിയിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഹെൻറി ആവർത്തിച്ച് ‘എന്നെ കുത്തിയിട്ടുണ്ട്’ എന്ന് പറഞ്ഞിട്ടും ഒരു പൊലീസ് ഉദ്യോഗസ്ഥൻ ‘അങ്ങനെ തോന്നുന്നില്ല’ എന്ന് പ്രതികരിക്കുന്ന ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നത് ബ്രിട്ടനിൽ വലിയ പ്രതിഷേധത്തിന് കാരണമായി.

കഴിഞ്ഞ ജൂണിൽ സൗത്താംപ്ടൺ ക്രൗൺ കോടതിയാണ് ദിഗ്‌വയ്ക്ക് ജീവപര്യന്തം തടവ് വിധിച്ചത്. കുറഞ്ഞത് 21 വർഷം ജയിലിൽ കഴിയണമെന്നായിരുന്നു ആദ്യ ഉത്തരവ്. എന്നാൽ ശിക്ഷ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി അറ്റോർണി ജനറൽ നൽകിയ ഇടപെടലിനെത്തുടർന്ന് ഈ മാസം അപ്പീൽ കോടതി കുറഞ്ഞ തടവുകാലാവധി 25 വർഷമായി ഉയർത്തി.

ഹെൻറി 13 വയസ്സുള്ളപ്പോൾ അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ വംശീയ പരാമർശങ്ങളുണ്ടായിരുന്നുവെന്നും അവ വിചാരണയ്ക്കിടെ പരിഗണിക്കാൻ അനുവദിക്കാതിരുന്നത് തെറ്റാണെന്നുമാണ് ദിഗ്‌വയുടെ പ്രധാന വാദങ്ങളിലൊന്ന്. എന്നാൽ കൊലപാതകവുമായി ബന്ധമില്ലാത്തതിനാൽ ഈ സന്ദേശങ്ങൾ തെളിവായി സ്വീകരിക്കാനാവില്ലെന്ന് വിചാരണ കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹെൻറിയെ വംശീയവാദിയായി ചിത്രീകരിക്കാൻ ദിഗ്‌വ നടത്തിയ ശ്രമം കള്ളമാണെന്നും കോടതി കണ്ടെത്തിയിരുന്നു.

കൂടാതെ, കൊലപാതകം സമ്മതിക്കുന്ന തരത്തിലുള്ള ദിഗ്‌വയുടെ രഹസ്യ പൊലീസ് റെക്കോർഡിങ് ജൂറി പരിഗണിക്കാൻ അനുവദിച്ചതും തെളിവ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് പ്രതിഭാഗത്തിന്റെ മറ്റൊരു വാദം. ദിഗ്‌വയുടെ അഭിഭാഷക സ്ഥാപനമായ ഇമ്രാൻ ഖാൻ ആൻഡ് പാർട്‌ണേഴ്‌സ് അപ്പീൽ അപേക്ഷ സമർപ്പിച്ചതായി ബിബിസിയോട് സ്ഥിരീകരിച്ചു. ശിക്ഷയുമായി ബന്ധപ്പെട്ട നടപടികളിൽ നിന്ന് വ്യത്യസ്തമാണ് കുറ്റസ്ഥാപനത്തിനെതിരായ അപ്പീലെന്നും അഭിഭാഷകർ വ്യക്തമാക്കി.

അതേസമയം, അപ്പീൽ അപേക്ഷ സമർപ്പിച്ചതുകൊണ്ടുമാത്രം കേസ് വീണ്ടും പരിഗണിക്കപ്പെടുകയോ കൂടുതൽ വാദം കേൾക്കൽ അനുവദിക്കപ്പെടുകയോ ചെയ്യില്ല.

പ്രതിയുടെ അമ്മയ്ക്കും തടവ് ശിക്ഷ

കൊലപാതകത്തിന് ഉപയോഗിച്ച കഠാര ഒളിപ്പിച്ച് മകനെ സഹായിച്ച കുറ്റത്തിന് ദിഗ്‌വയുടെ അമ്മ കിരൺ കൗറിനും മൂന്ന് വർഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. എന്നാൽ സർക്കാർ നടപ്പാക്കുന്ന നേരത്തെയുള്ള മോചന പദ്ധതിയുടെ ഭാഗമായി ഒരു വർഷം മാത്രം തടവിൽ കഴിഞ്ഞ് ഡിസംബറിൽ അവർ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.

ഇതിനെതിരെ ഹെൻറിയുടെ പിതാവ് മാർക്ക് നൊവാക്ക് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. മൂന്ന് വർഷത്തെ ശിക്ഷ ലഭിച്ച ഒരാൾ ഒരു വർഷത്തിനുള്ളിൽ പുറത്തിറങ്ങുന്നത് നീതിയല്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മകൻ ജയിലിൽ കഴിയുമ്പോൾ അമ്മയ്ക്ക് സന്ദർശിക്കാനാകുമെന്നും എന്നാൽ തനിക്ക് സ്വന്തം മകനെ കാണാൻ ഇനി കഴിയില്ലെന്നും ഹെൻറിയുടെ അമ്മ ലൂസി റോസും വേദനയോടെ പ്രതികരിച്ചു.

പൊലീസ് ബോഡി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് വലിയ പൊതുപ്രതിഷേധത്തിന് ഇടയാക്കിയ കേസിൽ, കുറ്റസ്ഥാപനത്തിനെതിരായ ദിഗ്‌വയുടെ പുതിയ നീക്കം വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more