യുവാക്കളുടെ തൊഴിലില്ലായ്മയ്ക്ക് കാരണം കുടിയേറ്റ തൊഴിലാളികളോ? എൻഎച്ച്എസ് ട്രസ്റ്റുകൾ ഉൾപ്പെടെ വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്ന് അലൻ മിൽബേൺ
Nov 17, 2026
യുകെയിൽ തൊഴിലില്ലാത്ത യുവാക്കളുടെ എണ്ണം 12.5 ലക്ഷമായി ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്; യുവാക്കൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകാൻ തൊഴിലുടമകളോട് ആവശ്യം
ലണ്ടൻ: ബ്രിട്ടനിലെ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ വർധിക്കുന്നതിന് പരിഹാരമായി വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറച്ച് തദ്ദേശീയരായ യുവാക്കൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകണമെന്ന് മുൻ ലേബർ മന്ത്രിയും യുവജന തൊഴിൽ അവലോകനത്തിന് നേതൃത്വം നൽകുന്ന അലൻ മിൽബേൺ. കുടിയേറ്റ നിരക്ക് കുറയുന്ന നിലവിലെ സാഹചര്യം ബ്രിട്ടീഷ് യുവാക്കളെ ജോലിയിൽ പ്രവേശിപ്പിക്കാൻ തൊഴിലുടമകൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജിബി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മിൽബേൺ ഈ നിലപാട് വ്യക്തമാക്കിയത്. കുടിയേറ്റം കുറയുന്നത് പ്രാദേശികമായി തൊഴിലില്ലാതെ കഴിയുന്ന യുവാക്കളെ ജോലിക്ക് നിയോഗിക്കാൻ തൊഴിലുടമകൾക്ക് അവസരമൊരുക്കുന്നുവെന്നും വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന രീതി ക്രമേണ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ വിദ്യാഭ്യാസത്തിലോ തൊഴിലിലോ തൊഴിൽപരിശീലനത്തിലോ ഏർപ്പെടാത്ത യുവാക്കളുടെ (NEET) എണ്ണം ഏകദേശം 10 ലക്ഷമാണ്. ഇത് 12.5 ലക്ഷമായി ഉയരാൻ സാധ്യതയുണ്ടെന്നാണ് മിൽബേണിന്റെ മുന്നറിയിപ്പ്. രാജ്യത്തെ യുവാക്കളുടെ ഒരു തലമുറ തന്നെ തൊഴിൽ വിപണിയിൽനിന്ന് പുറത്താകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയാണെന്നും ഇത് അനിവാര്യമായ ഒന്നല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 25 വർഷമായി യുവാക്കളിൽ വിദ്യാഭ്യാസം, തൊഴിൽ, പരിശീലനം എന്നിവയിൽനിന്ന് വിട്ടുനിൽക്കുന്നവരുടെ അനുപാതം 10 ശതമാനത്തിൽ താഴെയാക്കാൻ പോലും രാജ്യത്തിന് കഴിഞ്ഞിട്ടില്ല. തൊഴിൽ അവസരങ്ങൾ വർധിച്ചിട്ടും യുവാക്കൾക്ക് ആദ്യമായി ജോലിയിൽ പ്രവേശിക്കാനുള്ള അവസരങ്ങൾ കുറഞ്ഞതാണ് പ്രധാന കാരണങ്ങളിലൊന്ന്. ശനിയാഴ്ചകളിൽ ലഭിച്ചിരുന്ന പാർട്ട് ടൈം ജോലികൾ ഉൾപ്പെടെയുള്ള പരമ്പരാഗത എൻട്രി ലെവൽ അവസരങ്ങൾ ഇല്ലാതായതും പ്രശ്നം രൂക്ഷമാക്കിയതായി അദ്ദേഹം വിലയിരുത്തി.
യുവാക്കളെ ജോലിക്കെടുക്കുന്നത് തൊഴിലുടമകൾക്ക് കൂടുതൽ എളുപ്പവും കുറഞ്ഞ അപകടസാധ്യതയുള്ളതുമാക്കണം. തൊഴിൽ വിപണിക്ക് ആവശ്യമായ നൈപുണ്യങ്ങൾ നൽകുന്നതിൽ വിദ്യാഭ്യാസ സംവിധാനവും കൂടുതൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അപ്രന്റീസ്ഷിപ്പ് പദ്ധതികളും കോളേജ് പരിശീലന അവസരങ്ങളും വിപുലീകരിക്കുന്നതടക്കം തൊഴിൽ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും സമഗ്രമായ മാറ്റം വേണമെന്നാണ് മിൽബേണിന്റെ നിർദേശം.
സിവിൽ സർവീസിൽ കൂടുതൽ യുവാക്കളെ നിയമിക്കണമെന്നും എൻഎച്ച്എസ് ട്രസ്റ്റുകളും പ്രാദേശിക കൗൺസിലുകളും തൊഴിൽരഹിതരായ യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളുടെ തൊഴിലില്ലായ്മ കൂടുതലുള്ള പിന്നാക്ക മേഖലകളിൽ എൻഎച്ച്എസും പ്രാദേശിക കൗൺസിലുകളുമാണ് പ്രധാന തൊഴിൽദാതാക്കളെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുവാക്കൾക്കായുള്ള തൊഴിൽ പദ്ധതികളിൽ നിക്ഷേപിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ സർക്കാരിന്റെ ക്ഷേമാനുകൂല്യ ചെലവുകൾ കുറയ്ക്കാനും നികുതി വരുമാനം വർധിപ്പിക്കാനും സഹായിക്കുമെന്നും മിൽബേൺ അഭിപ്രായപ്പെട്ടു. യുവാക്കൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയില്ലെന്ന് ചോദിക്കുന്നതിനുപകരം അവർക്ക് എന്തൊക്കെ ചെയ്യാൻ കഴിയും, അതിനായി ആവശ്യമായ പിന്തുണയും അവസരങ്ങളും എങ്ങനെ നൽകാം എന്നതായിരിക്കണം സർക്കാരിന്റെയും സമൂഹത്തിന്റെയും സമീപനമെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള സമഗ്രമായ നിർദേശങ്ങൾ ഉൾക്കൊള്ളുന്ന മിൽബേണിന്റെ റിപ്പോർട്ട് ഉടൻ പുറത്തുവരാനിരിക്കെയാണ് വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ശ്രദ്ധ നേടുന്നത്.
യുക്മയുടെ മുൻ ദേശീയ പ്രസിഡന്റുമാർ ഉൾപ്പെടെ ആറു പ്രമുഖർക്ക് വിശിഷ്ട സേവന പുരസ്കാരങ്ങൾ; മന്ത്രി പി. സി. വിഷ്ണുനാഥ് ആദരിച്ചു……. ഡോ. ബിജു പെരിങ്ങത്തറ, മനോജ് പിള്ള, അലക്സ് വർഗീസ്, കുര്യൻ ജോർജ്ജ്, സ്മിത ബാബു തോട്ടം, റെയ്മോൾ നിധീരി എന്നിവർക്ക് ആദരം; യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടനവേദിയിൽ നേതൃത്വമികവിനും ദീർഘകാല സംഘടനാ സേവനത്തിനും അംഗീകാരം /
യുക്മ ഫോർച്യൂൺ ലോട്ടറി 2026 ഒന്നാം സമ്മാനം പതിനായിരം പൌണ്ട് ഈസ്റ്റ്ബോണിലെ മാജിദ് തച്ചപറമ്പന്, രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം വാറിംഗ്ടണിലെ ആൻ്റ്ലിൻ ആൻ്റോയ്ക്ക്. അര പവൻ സ്വർണ്ണത്തിൻ്റെ 2 മൂന്നാം സമ്മാനങ്ങൾ ഡോർചെസ്റ്ററിലെ പ്രിജിമോൾ വാസു, ഹേവാർഡ്സ് ഹീത്തിലെ ചിഞ്ചു കുര്യാക്കോസ് എന്നിവർക്ക്. /
പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ മിഡ്ലാൻഡ്സ് റീജിയൻ ഓവറോൾ ചാമ്പ്യന്മാർ; വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ അസോസിയേഷൻ ചാമ്പ്യന്മാർ….. യോർക്ക്ഷെയർ ആൻഡ് ഹംബർ രണ്ടാം സ്ഥാനത്ത്; നോർത്ത് വെസ്റ്റ് മൂന്നാമത്; കലാതിലകമായി അമേയ കൃഷ്ണ നിധീഷ്, നാട്യമയൂരമായി ഐശ്വര്യ വിനു നായർ; ഏഴ് വേദികളിലായി 46 മത്സരയിനങ്ങൾ — സമയനിഷ്ഠയിലും സംഘാടനമികവിലും ശ്രദ്ധേയമായി യുക്മ ദേശീയ കലാമേള 2026 /
യുകെയിൽ യുക്മയുമായി സഹകരിച്ച് ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബ്രിട്ടനിലും വേദിയൊരുങ്ങുന്നു……ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുകെയിൽ മിനി ചലച്ചിത്രമേള; അടുത്ത ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ ഓണാഘോഷം; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ പദ്ധതികൾ; യുക്മ ദേശീയ കലാമേള ലോക മലയാളി സമൂഹത്തിന് മാതൃകയെന്നും മന്ത്രി /
ഐ.എൽ.ആർ പോരാട്ടത്തിൽ യുക്മയുടെ ഇടപെടലിന് നിർണായക നേട്ടം; കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ കാലാവധി തുടരും; ഒന്നര ലക്ഷത്തോളം കെയർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം; യുക്മയുടെ ദേശീയതല ക്യാംപെയ്ൻ ഫലം കണ്ടുതുടങ്ങുന്നു /
click on malayalam character to switch languages