1 GBP = 124.47
breaking news

റെഡിച്ചിലെ ഡോ. ജോയ് കെ. തോമസ് അന്തരിച്ചു; അന്ത്യം നാട്ടിൽ നിന്ന് മടങ്ങിവരവേ ഹീത്രു വിമാനത്താവളത്തിൽ വച്ച്

റെഡിച്ചിലെ ഡോ. ജോയ് കെ. തോമസ് അന്തരിച്ചു; അന്ത്യം നാട്ടിൽ നിന്ന് മടങ്ങിവരവേ ഹീത്രു വിമാനത്താവളത്തിൽ വച്ച്

ലണ്ടൻ: നാട്ടിൽ അവധിക്കുപോയി മടങ്ങിയെത്തിയ പിതാവിനെ സ്വീകരിക്കാൻ ഹീത്രോ വിമാനത്താവളത്തിൽ കാത്തുനിന്ന മകനെ തേടിയെത്തിയത് ഹൃദയഭേദകമായ വാർത്ത. റെഡിച്ചിൽ താമസിച്ചിരുന്ന പ്രമുഖ അധ്യാപകനും വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ. ജോയ് കെ. തോമസ് (70) വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

വിമാനമിറങ്ങി ലഗേജുകൾക്കായി കാത്തുനിൽക്കുന്നതിനിടെയാണ് അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീണത്. വിമാനത്താവള അധികൃതർ ഉടൻ സി.പി.ആർ. നൽകി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പൊലീസ് എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

യുകെയിലെത്തുന്നതിന് മുമ്പ് തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം അധ്യാപനരംഗത്തെ ജോലി ഉപേക്ഷിച്ചാണ് ബ്രിട്ടനിലെത്തിയത്. കൊച്ചി കുസാറ്റിൽനിന്ന് ബിരുദവും കേരള സർവകലാശാലയിൽനിന്ന് പി.എച്ച്.ഡിയും നേടിയ അദ്ദേഹം മദ്രാസ് സർവകലാശാലയിൽനിന്ന് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിരുന്നു.

യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടൻ, കവൻട്രി യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് വെയിൽസ് തുടങ്ങി ബ്രിട്ടനിലെ പ്രമുഖ സർവകലാശാലകളിൽ അധ്യാപനരംഗത്ത് പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ലണ്ടനിലെ ബിസിനസ് സ്കൂൾ ഓഫ് ഇംഗ്ലണ്ടിൽ ഗവേഷണ വിഭാഗത്തിന്റെ മേൽനോട്ട ചുമതലയും വഹിച്ചിരുന്നു.

ഓർഗനൈസേഷണൽ സൈക്കോളജി, ഫിനാൻസ്, മാനവവിഭവശേഷി തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച അദ്ദേഹം അറിയപ്പെടുന്ന പ്രഭാഷകനും ഗവേഷകനുമായിരുന്നു. ജനീവയിൽ നടന്ന ലോകസമാധാന സമ്മേളനത്തിൽ പങ്കെടുത്ത് പ്രഭാഷണം നടത്തിയിട്ടുള്ള അദ്ദേഹം കൗൺസിലിംഗ്, പരിശീലനം, എഴുത്ത് തുടങ്ങിയ മേഖലകളിലും സജീവമായിരുന്നു.

ഭാര്യ മേരി ജീൻ. മൂന്ന് മക്കളുണ്ട്. ഡോ. ജോയ് കെ. തോമസിന്റെ അപ്രതീക്ഷിത വിയോഗം റെഡിച്ചിലെ മലയാളി സമൂഹത്തിനും സുഹൃത്തുക്കൾക്കും വലിയ വേദനയായി.

ഡോ. ജോയ് കെ. തോമസിന്റെ അപ്രതീക്ഷിത വിയോഗത്തിൽ യുക്മ ദേശീയ സമിതിയ്ക്ക് വേണ്ടി സെക്രട്ടറി ജയകുമാർ നായരും റീജിയണൽ കമ്മിറ്റിയ്‌ക്കായി സെക്രട്ടറി ലൂയിസ് മേനാച്ചേരിയും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാദുഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു… ആദരാഞ്ജലികൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more