അഭയാർഥികളെ ടാക്സിയിലും ബസിലും കൊണ്ടുപോകാൻ ലേബർ സർക്കാർ ചെലവഴിച്ചത് 52 മില്യൺ പൗണ്ടിലധികം; നികുതിദായകരുടെ പണം ധൂർത്തടിക്കുന്നുവെന്ന് വിമർശനം
Nov 16, 2026
ലണ്ടൻ: അനധികൃത കുടിയേറ്റക്കാരെയും അഭയാർഥികളായി എത്തിയവരെയും ടാക്സികളിലും ബസുകളിലും യാത്ര ചെയ്യിപ്പിക്കുന്നതിനായി ലേബർ സർക്കാർ അധികാരത്തിലെത്തിയതിനുശേഷം 52 മില്യൺ പൗണ്ടിലധികം ചെലവഴിച്ചതായി റിപ്പോർട്ട്. ഹോം ഓഫീസ് പുറത്തുവിട്ട കണക്കുകളെ ഉദ്ധരിച്ച് ഡെയ്‌ലി മെയിൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്രതിദിനം ശരാശരി 80,000 പൗണ്ടിനടുത്താണ് ഈ ഇനത്തിൽ ചെലവാകുന്നത്.
2024-25 സാമ്പത്തിക വർഷത്തിൽ 26.4 മില്യൺ പൗണ്ടാണ് കുടിയേറ്റക്കാരുടെ യാത്രയ്ക്കായി ചെലവഴിച്ചത്. 2023-24 വർഷത്തെ അപേക്ഷിച്ച് 30 ശതമാനം വർധനവാണിത്. 2025-26 സാമ്പത്തിക വർഷത്തിൽ ഫെബ്രുവരി വരെ മാത്രം 25.9 മില്യൺ പൗണ്ടും ചെലവായിട്ടുണ്ട്. ഇതോടെ പുറത്തുവന്ന കണക്കുകൾ പ്രകാരം ആകെ ചെലവ് 52.3 മില്യൺ പൗണ്ടായി.
കുടിയേറ്റക്കാരെ ടാക്സികളിൽ ആശുപത്രികളിലേക്കും ജിപി, ദന്തചികിത്സാ അപ്പോയിന്റ്മെന്റുകൾക്കുമായി എത്തിക്കുന്നതിനുള്ള ചെലവും ഇതിൽ ഉൾപ്പെടുന്നു. അഭയാർഥികളെ താമസകേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനായി മിനിബസുകൾ ഉപയോഗിക്കുന്നതും ചെലവിന്റെ ഭാഗമാണ്. കെന്റിലെത്തുന്ന ചെറുബോട്ടുകളിലെ കുടിയേറ്റക്കാരെ പ്രാഥമിക നടപടികൾക്ക് ശേഷം താമസകേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള യാത്രാച്ചെലവും ഇതിൽ ഉൾപ്പെടുന്നു.
വെയിൽസിലെ ഫ്ലിന്റ്ഷയറിലുള്ള ഗ്രോനന്റ് പ്രദേശത്തേക്ക് അഭയാർഥികളെ രഹസ്യമായി മാറ്റിയ സംഭവവും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
കണക്കുകൾ പുറത്തുവന്നതോടെ സർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷവിമർശനവുമായി രംഗത്തെത്തി. ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിൽപ്, രാജ്യത്തെ അഭയാർഥി സംരക്ഷണ സംവിധാനം നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ടുപോകുന്നതിന്റെ ഉദാഹരണമാണ് ഈ ചെലവുകളെന്ന് ആരോപിച്ചു. നികുതിദായകരുടെ പണം ഉപയോഗിച്ച് അഭയാർഥികളെ ടാക്സികളിൽ യാത്ര ചെയ്യിപ്പിക്കേണ്ട സാഹചര്യം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അധികാരത്തിലെത്തിയാൽ അനധികൃതമായി രാജ്യത്തെത്തുന്ന എല്ലാവരെയും നാടുകടത്തുമെന്നും യൂറോപ്യൻ മനുഷ്യാവകാശ കൺവെൻഷൻ ഉൾപ്പെടെയുള്ള നിയമപരമായ തടസ്സങ്ങൾ മറികടക്കാൻ നടപടിയെടുക്കുമെന്നും കൺസർവേറ്റീവ് പാർട്ടിയുടെ അടുത്ത സർക്കാർ ഉറപ്പുനൽകുന്നതായും ക്രിസ് ഫിൽപ് പറഞ്ഞു.
റിഫോം യുകെയുടെ ആഭ്യന്തരകാര്യ വക്താവ് സിയ യൂസഫും സർക്കാരിനെ വിമർശിച്ചു. ജീവിതച്ചെലവുകൾ വർധിച്ച് സാധാരണക്കാർ ബുദ്ധിമുട്ടുമ്പോൾ അവരുടെ നികുതിപ്പണം കുടിയേറ്റക്കാരുടെ സൗജന്യ താമസത്തിനും ടാക്സി യാത്രകൾക്കുമായി ചെലവഴിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തുള്ള അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുകയാണ് റിഫോം യുകെയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കുടിയേറ്റക്കാർക്ക് ആശുപത്രികളിലേക്കുള്ള യാത്രയ്ക്കായി അനിയന്ത്രിതമായി ടാക്സികൾ ഉപയോഗിക്കുന്ന രീതി ഹോം സെക്രട്ടറി ഷബാന മഹ്മൂദ് നേരത്തെ അവസാനിപ്പിച്ചിരുന്നു. ഒരു അഭയാർഥിയെ ചികിത്സയ്ക്കായി 250 മൈൽ ദൂരം ടാക്സിയിൽ കൊണ്ടുപോയ സംഭവം പുറത്തുവന്നതിനെ തുടർന്നായിരുന്നു നടപടി.
എസ്സെക്സിലെ ക്രോബറോവിലുള്ള മുൻ സൈനിക ബാരക്കുകളിൽ താമസിപ്പിച്ചിരിക്കുന്ന അഭയാർഥികളെ വിനോദയാത്രകൾക്കായി 40 മിനിറ്റ് ദൂരെയുള്ള ക്രോളിയിലേക്ക് കൊണ്ടുപോകുന്നതായും കഴിഞ്ഞയാഴ്ച റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഇതിനിടെ, ചെറുബോട്ടുകൾ വഴി ബ്രിട്ടനിലെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഈ വർഷം കുറവുണ്ടായിട്ടുണ്ട്. 2025ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 39.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ഇതുവരെ 23,529 പേരാണ് ചെറുബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടന്നെത്തിയത്.
എന്നാൽ, ഈ കുറവ് ലേബർ സർക്കാരിന്റെ നയങ്ങളുടെ വിജയമല്ലെന്നും യൂറോപ്പിലെ കാലാവസ്ഥയും കടൽമാർഗമുള്ള യാത്രകൾക്ക് അനുകൂലമല്ലാത്ത സാഹചര്യങ്ങളുമാണ് പ്രധാന കാരണമെന്നും ജിബി ന്യൂസ് റിപ്പോർട്ട് ചെയ്തു.
സർക്കാർ വിശദീകരണം
അഭയാർഥി യാത്രകൾക്കായി ടാക്സികൾ ഉപയോഗിക്കുന്നതിലെ നിയന്ത്രണമില്ലാത്ത രീതി അവസാനിപ്പിച്ചിട്ടുണ്ടെന്നും അഭയാർഥി സംവിധാനത്തിലെ അനാവശ്യ ചെലവുകൾ കണ്ടെത്തി ഒഴിവാക്കുന്നത് സർക്കാരിന്റെ പ്രധാന മുൻഗണനയാണെന്നും ഹോം ഓഫീസ് വക്താവ് പ്രതികരിച്ചു.
തെരഞ്ഞെടുപ്പിന് ശേഷം അഭയാർഥി സംരക്ഷണത്തിനായുള്ള ചെലവിൽ ഒരു ബില്യൺ പൗണ്ടിലധികം കുറവുവരുത്തിയിട്ടുണ്ടെന്നും ചെലവേറിയ ഹോട്ടലുകളെയും ഗതാഗത സംവിധാനങ്ങളെയും ആശ്രയിക്കുന്നത് കുറച്ച് നികുതിദായകർക്ക് കൂടുതൽ മൂല്യം ലഭിക്കുന്ന ബദൽ സംവിധാനങ്ങൾ നടപ്പാക്കുകയാണെന്നും ഹോം ഓഫീസ് വ്യക്തമാക്കി.
യുക്മയുടെ മുൻ ദേശീയ പ്രസിഡന്റുമാർ ഉൾപ്പെടെ ആറു പ്രമുഖർക്ക് വിശിഷ്ട സേവന പുരസ്കാരങ്ങൾ; മന്ത്രി പി. സി. വിഷ്ണുനാഥ് ആദരിച്ചു……. ഡോ. ബിജു പെരിങ്ങത്തറ, മനോജ് പിള്ള, അലക്സ് വർഗീസ്, കുര്യൻ ജോർജ്ജ്, സ്മിത ബാബു തോട്ടം, റെയ്മോൾ നിധീരി എന്നിവർക്ക് ആദരം; യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടനവേദിയിൽ നേതൃത്വമികവിനും ദീർഘകാല സംഘടനാ സേവനത്തിനും അംഗീകാരം /
യുക്മ ഫോർച്യൂൺ ലോട്ടറി 2026 ഒന്നാം സമ്മാനം പതിനായിരം പൌണ്ട് ഈസ്റ്റ്ബോണിലെ മാജിദ് തച്ചപറമ്പന്, രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം വാറിംഗ്ടണിലെ ആൻ്റ്ലിൻ ആൻ്റോയ്ക്ക്. അര പവൻ സ്വർണ്ണത്തിൻ്റെ 2 മൂന്നാം സമ്മാനങ്ങൾ ഡോർചെസ്റ്ററിലെ പ്രിജിമോൾ വാസു, ഹേവാർഡ്സ് ഹീത്തിലെ ചിഞ്ചു കുര്യാക്കോസ് എന്നിവർക്ക്. /
പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ മിഡ്ലാൻഡ്സ് റീജിയൻ ഓവറോൾ ചാമ്പ്യന്മാർ; വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ അസോസിയേഷൻ ചാമ്പ്യന്മാർ….. യോർക്ക്ഷെയർ ആൻഡ് ഹംബർ രണ്ടാം സ്ഥാനത്ത്; നോർത്ത് വെസ്റ്റ് മൂന്നാമത്; കലാതിലകമായി അമേയ കൃഷ്ണ നിധീഷ്, നാട്യമയൂരമായി ഐശ്വര്യ വിനു നായർ; ഏഴ് വേദികളിലായി 46 മത്സരയിനങ്ങൾ — സമയനിഷ്ഠയിലും സംഘാടനമികവിലും ശ്രദ്ധേയമായി യുക്മ ദേശീയ കലാമേള 2026 /
യുകെയിൽ യുക്മയുമായി സഹകരിച്ച് ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബ്രിട്ടനിലും വേദിയൊരുങ്ങുന്നു……ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുകെയിൽ മിനി ചലച്ചിത്രമേള; അടുത്ത ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ ഓണാഘോഷം; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ പദ്ധതികൾ; യുക്മ ദേശീയ കലാമേള ലോക മലയാളി സമൂഹത്തിന് മാതൃകയെന്നും മന്ത്രി /
ഐ.എൽ.ആർ പോരാട്ടത്തിൽ യുക്മയുടെ ഇടപെടലിന് നിർണായക നേട്ടം; കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ കാലാവധി തുടരും; ഒന്നര ലക്ഷത്തോളം കെയർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം; യുക്മയുടെ ദേശീയതല ക്യാംപെയ്ൻ ഫലം കണ്ടുതുടങ്ങുന്നു /
click on malayalam character to switch languages