1 GBP = 124.47
breaking news

അന്നനാള ക്യാൻസർ നേരത്തേ കണ്ടെത്താൻ ‘സ്പോഞ്ച് ടെസ്റ്റ്’; കൂടുതൽ രോഗികളിലേക്ക് വ്യാപിപ്പിക്കാൻ എൻഎച്ച്എസ്

അന്നനാള ക്യാൻസർ നേരത്തേ കണ്ടെത്താൻ ‘സ്പോഞ്ച് ടെസ്റ്റ്’; കൂടുതൽ രോഗികളിലേക്ക് വ്യാപിപ്പിക്കാൻ എൻഎച്ച്എസ്

ലണ്ടൻ: തുടർച്ചയായും കഠിനമായും അനുഭവപ്പെടുന്ന ദഹനപ്രശ്നങ്ങളും നെഞ്ചെരിച്ചിലും ഉള്ളവരിൽ അന്നനാള ക്യാൻസർ നേരത്തേ കണ്ടെത്തുന്നതിനായി പുതിയ സ്പോഞ്ച് പരിശോധന കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിക്കാൻ എൻഎച്ച്എസ് നീക്കം. ഇംഗ്ലണ്ടിലെ എൻഎച്ച്എസിനായി തയ്യാറാക്കിയ പുതിയ കരട് മാർഗനിർദേശത്തിലാണ് ഈ പരിശോധന വ്യാപകമാക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്.

നിലവിൽ ചില പ്രദേശങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമായ ഈ പരിശോധനയ്ക്ക് ആശുപത്രികളിൽ നടത്തുന്ന എൻഡോസ്കോപ്പിയേക്കാൾ ചെലവും ബുദ്ധിമുട്ടും കുറവാണ്. ജിപി സർജറികളിൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ പരിശോധന നടത്താനാകുമെന്നതും പ്രത്യേകതയാണ്.

പരിശോധനയ്ക്കായി നൂലിൽ ഘടിപ്പിച്ച ചെറിയൊരു ക്യാപ്സ്യൂൾ രോഗി വിഴുങ്ങണം. ആമാശയത്തിലെത്തുമ്പോൾ ക്യാപ്സ്യൂൾ അലിഞ്ഞ് അതിനുള്ളിലെ ചെറിയ സ്പോഞ്ച് പുറത്തുവരും. തുടർന്ന് ഡോക്ടർ നൂലിലൂടെ സ്പോഞ്ച് പതുക്കെ പുറത്തെടുക്കുമ്പോൾ അന്നനാളത്തിന്റെ ആന്തരിക പാളിയിലെ കോശങ്ങൾ അതിൽ ശേഖരിക്കപ്പെടും. ഇവ ലബോറട്ടറിയിൽ പരിശോധിച്ച് അസാധാരണമായ കോശമാറ്റങ്ങളുണ്ടോയെന്ന് കണ്ടെത്താനാകും.

ആസിഡ് റിഫ്ലക്സ്, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ ദീർഘകാലം തുടരുന്നവരിൽ ബാരറ്റ്സ് ഈസോഫാഗസ് (Barrett’s Oesophagus) എന്ന അവസ്ഥ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അന്നനാളത്തിലെ കോശങ്ങളിൽ മാറ്റങ്ങൾ സംഭവിക്കുന്ന ഈ അവസ്ഥയുള്ള എല്ലാവർക്കും ക്യാൻസർ ഉണ്ടാകണമെന്നില്ലെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ അന്നനാള ക്യാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നു.

മുതിർന്നവരിൽ 100 പേരിൽ ഒരാൾ മുതൽ രണ്ടുപേർ വരെ ഈ അവസ്ഥയുള്ളവരാണെന്നാണ് കണക്കാക്കുന്നത്. എൻഡോസ്കോപ്പി പരിശോധനയ്ക്കുള്ള തിരക്ക് കാരണം ചില രോഗികൾക്ക് ആവശ്യമായ ഇടവേളകളിൽ പരിശോധന ലഭിക്കാത്ത സാഹചര്യവുമുണ്ട്.

സ്പോഞ്ച് പരിശോധനയിലൂടെ കൂടുതൽ ആളുകളെ പ്രാഥമികമായി പരിശോധിക്കാനും കൂടുതൽ വിശദമായ പരിശോധന ആവശ്യമുള്ളവരെ നേരത്തേ കണ്ടെത്താനും കഴിയുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്സലൻസ് (NICE) ചീഫ് എക്സിക്യൂട്ടീവ് പ്രൊഫ. ജോനാഥൻ ബെഞ്ചർ വ്യക്തമാക്കി.

പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പദ്ധതികളിലൂടെ ആയിരക്കണക്കിന് പേർക്ക് ഈ പരിശോധനയുടെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ദേശീയ കാൻസർ ക്ലിനിക്കൽ ഡയറക്ടർ പ്രൊഫ. പീറ്റർ ജോൺസൺ പറഞ്ഞു. രാജ്യവ്യാപകമായി നടപ്പാക്കുന്നത് പരിഗണിക്കുന്നത് സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സ്പോഞ്ച് പരിശോധനയോ എൻഡോസ്കോപ്പിയോ എല്ലാ ക്യാൻസർ കേസുകളും കണ്ടെത്തുമെന്ന് ഉറപ്പില്ലെന്ന് NICE മുന്നറിയിപ്പ് നൽകുന്നു. പരിശോധനാഫലം സാധാരണമാണെങ്കിലും രോഗലക്ഷണങ്ങളുള്ളവർക്ക് ആവശ്യമായ തുടർപരിശോധനയും നിരീക്ഷണവും തുടരണം.

പുതിയ മാർഗനിർദേശങ്ങളുടെ അന്തിമ ശുപാർശകൾ അടുത്ത വർഷം ആദ്യം NICE പ്രഖ്യാപിക്കും. അമിതവണ്ണം, പുകവലി, മദ്യപാനം എന്നിവയും ആസിഡ് റിഫ്ലക്സ് സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more