1 GBP = 124.38
breaking news

യുകെയിൽ യുക്മയുമായി സഹകരിച്ച് ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബ്രിട്ടനിലും വേദിയൊരുങ്ങുന്നു……ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുകെയിൽ മിനി ചലച്ചിത്രമേള; അടുത്ത ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ ഓണാഘോഷം; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ പദ്ധതികൾ; യുക്മ ദേശീയ കലാമേള ലോക മലയാളി സമൂഹത്തിന് മാതൃകയെന്നും മന്ത്രി

യുകെയിൽ യുക്മയുമായി സഹകരിച്ച് ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബ്രിട്ടനിലും വേദിയൊരുങ്ങുന്നു……ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുകെയിൽ മിനി ചലച്ചിത്രമേള; അടുത്ത ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ ഓണാഘോഷം; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ പദ്ധതികൾ; യുക്മ ദേശീയ കലാമേള ലോക മലയാളി സമൂഹത്തിന് മാതൃകയെന്നും മന്ത്രി

കുര്യൻ ജോർജ്ജ്

(നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ)

ചെൽറ്റൻഹാം, നവംബർ 7: കേരളത്തിന്റെ അഭിമാനമായ രാജ്യാന്തര ചലച്ചിത്രമേളയുടെ (International Film Festival of Kerala – IFFK) മാതൃകയിൽ യുകെയിൽ ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുന്നതിന് കേരള സർക്കാർ മുൻകൈയെടുക്കുമെന്ന് കേരള സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി. സി. വിഷ്ണുനാഥ് പ്രഖ്യാപിച്ചു. ഈ വർഷം ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുക്മയുമായി സഹകരിച്ച് ബ്രിട്ടനിൽ മിനി ചലച്ചിത്രമേള സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നാണ് മന്ത്രി അറിയിച്ചത്.

ചെൽറ്റൻഹാമിലെ ക്ലീവ് സ്കൂളിൽ പ്രത്യേകം സജ്ജീകരിച്ച സലിംകുമാർ നഗറിൽ നടന്ന പതിനേഴാമത് യുക്മ ദേശീയ കലാമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയാണ് യുകെയിലെ മലയാളി സമൂഹത്തിന് ഏറെ പ്രതീക്ഷ നൽകുന്ന സുപ്രധാന പ്രഖ്യാപനങ്ങൾ മന്ത്രി നടത്തിയത്. കേരളാ സർക്കാർ യുക്മയുമായി ചേർന്ന് നിരവധി സാംസ്കാരിക പരിപാടികൾ യുകെയിൽ സംഘടിപ്പിക്കുമെന്ന് മന്ത്രി തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ കലാമേളയുടെ ഉദ്ഘാടന സദസിൽ തിങ്ങിനിറഞ്ഞ കാണികളെ അറിയിച്ചു.

യുകെയിൽ മലയാള സിനിമയുടെയും ലോകസിനിമയുടെയും മികച്ച സൃഷ്ടികൾ പരിചയപ്പെടുത്താനും കേരളത്തിന്റെ ചലച്ചിത്ര സംസ്കാരത്തെ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്ന മിനി ഐ.എഫ്.എഫ്.കെ. പദ്ധതി, കേരളവും ബ്രിട്ടനിലെ മലയാളി സമൂഹവും തമ്മിലുള്ള സാംസ്കാരിക ബന്ധത്തിൽ പുതിയൊരു അധ്യായത്തിന് വഴിയൊരുക്കും.

യുക്മ ദേശീയ കലാമേള ലോക പ്രവാസി മലയാളികൾക്ക് മാതൃകയെന്ന് മന്ത്രി

കേരളത്തിന്റെ കലയും സംസ്കാരവും പൈതൃകവും ബ്രിട്ടനിലെ പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിൽ യുക്മ നടത്തുന്ന പ്രവർത്തനങ്ങളെ മന്ത്രി പി. സി. വിഷ്ണുനാഥ് പ്രത്യേകം അഭിനന്ദിച്ചു.

കേരളത്തിൽനിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ, ബ്രിട്ടന്റെ മണ്ണിൽ കേരളത്തിന്റെ തനത് കലാരൂപങ്ങളും സംഗീതവും നൃത്തവും സാഹിത്യവും ആഘോഷിക്കുന്നതിനും അവയ്ക്ക് വലിയൊരു മത്സരവേദി ഒരുക്കുന്നതിനും യുക്മ കാണിക്കുന്ന പ്രതിബദ്ധത പ്രശംസനീയമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

യുക്മ ദേശീയ കലാമേള യുകെയിലെ മലയാളികൾക്ക് മാത്രമല്ല, ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ പ്രവാസി മലയാളി സംഘടനകൾക്കും പിന്തുടരാവുന്ന മാതൃകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും സ്വന്തം ഭാഷയും സംസ്കാരവും സംരക്ഷിക്കുന്നതിനും പുതുതലമുറയ്ക്ക് പകർന്നുനൽകുന്നതിനും യുക്മ നടത്തുന്ന പ്രവർത്തനങ്ങൾ കേരളത്തിന് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.

ഏഴ് റീജിയണുകളിൽനിന്നായി നൂറുകണക്കിന് കുട്ടികളും യുവജനങ്ങളും പങ്കെടുക്കുന്ന ദേശീയ കലാമേളയുടെ സംഘാടക മികവും കലാപ്രതിഭകളുടെ പങ്കാളിത്തവും പ്രത്യേകം പ്രശംസിച്ച മന്ത്രി, ഇത്തരം കലാസാംസ്കാരിക കൂട്ടായ്മകൾ ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രചോദനമാകണമെന്നും അഭിപ്രായപ്പെട്ടു.

അടുത്ത ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ വിപുലമായ ഓണാഘോഷം

യുകെയിലെ മലയാളികൾക്ക് സന്തോഷം പകരുന്ന മറ്റൊരു പ്രഖ്യാപനവും മന്ത്രി നടത്തി. 2027ലെ ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തോടെ യുകെയിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തെ പ്രവാസലോകത്തും കൂടുതൽ വിപുലമായ രീതിയിൽ ആഘോഷിക്കുന്നതിനും കേരളീയ കലാരൂപങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കും അന്താരാഷ്ട്ര വേദിയൊരുക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി.

കേരളത്തിന്റെ സാംസ്കാരിക പൈതൃകവും പ്രവാസി മലയാളികളുടെ കൂട്ടായ്മയും കൂടുതൽ ശക്തിപ്പെടുത്തുന്ന ഇത്തരം പരിപാടികൾക്ക് സർക്കാർ പിന്തുണ നൽകുമെന്ന മന്ത്രിയുടെ പ്രഖ്യാപനം യുകെയിലെ മലയാളി സമൂഹത്തിന് ആവേശം പകരുന്നതായി.

ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾ കേരള ടൂറിസത്തിന്റെ അംബാസഡർമാരാകണം

കേരളത്തിന്റെ ടൂറിസം മേഖലയെ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ പ്രവാസി മലയാളികൾക്ക് നിർണായക പങ്കുവഹിക്കാൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ജീവിക്കുന്ന ഓരോ പ്രവാസി മലയാളിയെയും കേരളത്തിന്റെ ടൂറിസം അംബാസഡറായി മാറ്റുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതികൾക്ക് രൂപം നൽകുമെന്നും മന്ത്രി അറിയിച്ചു.

കേരളത്തിന്റെ പ്രകൃതിസൗന്ദര്യം, പൈതൃകം, കല, സംസ്കാരം, ആയുർവേദം, ഭക്ഷണവൈവിധ്യം, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയെ ലോകത്തിന് പരിചയപ്പെടുത്തുന്നതിൽ പ്രവാസി മലയാളികൾക്ക് വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിലേക്ക് കൂടുതൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും കേരള ടൂറിസത്തിന്റെ ആഗോള പ്രചാരണം ശക്തിപ്പെടുത്തുന്നതിനും പ്രവാസി മലയാളി സമൂഹത്തിന്റെ സഹകരണം പ്രയോജനപ്പെടുത്തുന്ന പദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിന്റെ ടൂറിസം സാധ്യതകൾ ബ്രിട്ടനിലും മറ്റ് രാജ്യങ്ങളിലും കൂടുതൽ ഫലപ്രദമായി അവതരിപ്പിക്കുന്നതിൽ യുക്മ പോലുള്ള സംഘടനകളുടെ പങ്കാളിത്തം ഏറെ പ്രാധാന്യമുള്ളതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

നിലവിളക്ക് കൊളുത്തി പതിനേഴാമത് യുക്മ ദേശീയ കലാമേള ഉദ്ഘാടനം ചെയ്തു

യുകെ മലയാളികളുടെ ഏറ്റവും വലിയ കലാസാംസ്കാരിക സംഗമങ്ങളിലൊന്നായ പതിനേഴാമത് യുക്മ ദേശീയ കലാമേള മന്ത്രി പി. സി. വിഷ്ണുനാഥ് പരമ്പരാഗത നിലവിളക്ക് കൊളുത്തി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ഉച്ചയ്ക്ക് 12.30ന് കലാമേള വേദിയിലെത്തിയ മന്ത്രിയെയും സെലിബ്രിറ്റി അതിഥിയായ യുവഗായിക സൗപർണിക നായരെയും യുക്മ ദേശീയ ഭാരവാഹികളുടെ നേതൃത്വത്തിൽ ഊഷ്മളമായി സ്വീകരിച്ച് പ്രധാന വേദിയിലേക്ക് ആനയിച്ചു. യുക്മ ദേശീയ കലാമേള കൺവീനറും ദേശീയ വൈസ് പ്രസിഡന്റുമായ വർഗീസ് ഡാനിയൽ മന്ത്രിയെ പൊന്നാട അണിയിച്ച് ആദരിച്ചു.

തുടർന്ന് നടന്ന ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങിൽ യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ ഏവരേയും സ്വാഗതം ചെയ്യുകയും,

തുടർന്ന് യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ അധ്യക്ഷപ്രസംഗവും നടത്തി. കേരളത്തിൽനിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ ബ്രിട്ടന്റെ മണ്ണിൽ മലയാളത്തിന്റെ കലയും സംസ്കാരവും പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിൽ യുക്മ ദേശീയ കലാമേള വഹിക്കുന്ന പങ്കിന്റെ പ്രാധാന്യം അധ്യക്ഷപ്രസംഗത്തിൽ എടുത്തുപറഞ്ഞു.

യുകെയിലെ ഏഴ് റീജിയണുകളിൽനിന്ന് ദേശീയ വേദിയിലേക്ക് എത്തുന്ന നൂറുകണക്കിന് കലാപ്രതിഭകളുടെ പരിശ്രമവും അവരുടെ കഴിവുകൾക്ക് പിന്തുണ നൽകുന്ന മാതാപിതാക്കളുടെയും അധ്യാപകരുടെയും സമർപ്പണവും കലാമേളയുടെ യഥാർത്ഥ കരുത്താണെന്ന സന്ദേശവും അധ്യക്ഷപ്രസംഗത്തിൽ ഉയർന്നു.

ഉച്ചയ്ക്ക് ഒരു മണിയോടെ നിലവിളക്ക് കൊളുത്തി കലാമേള ഉദ്ഘാടനം ചെയ്ത മന്ത്രി, യുക്മയുടെ കലാസാംസ്കാരിക പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതിനൊപ്പം യുകെയിലെ മലയാളി സമൂഹത്തിന് പ്രതീക്ഷ നൽകുന്ന മിനി ഐ.എഫ്.എഫ്.കെ., ഓണാഘോഷം, ടൂറിസം പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളും നടത്തി.

സൗപർണിക നായരുടെ മധുരഗാനം ഉദ്ഘാടനച്ചടങ്ങിന് മാറ്റുകൂട്ടി

ബ്രിട്ടൻസ് ഗോട്ട് ടാലന്റ് 2020ലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ യുവഗായിക സൗപർണിക നായരുടെ മനോഹരമായ ഗാനാലാപനം ഉദ്ഘാടനച്ചടങ്ങിലെ ശ്രദ്ധേയമായ മുഹൂർത്തമായി.

സെലിബ്രിറ്റി അതിഥിയായി പങ്കെടുത്ത സൗപർണിക നായർ തന്റെ സംഗീതപ്രതിഭയിലൂടെ സദസ്സിന് ഹൃദ്യമായ അനുഭവം സമ്മാനിച്ചു.

ചെറുപ്രായത്തിൽത്തന്നെ ലോകസംഗീതവേദികളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച സൗപർണികയുടെ സാന്നിധ്യം ദേശീയ കലാമേളയിൽ പങ്കെടുക്കുന്ന നൂറുകണക്കിന് കുട്ടികൾക്കും യുവകലാപ്രതിഭകൾക്കും പ്രചോദനമായി.

തുടർന്ന് യുക്മ ദേശീയ ട്രഷറർ ഷീജോ വർഗീസ് നന്ദിപ്രകാശനം നടത്തി. വിശിഷ്ടാതിഥികൾക്കുള്ള ഉപഹാരസമർപ്പണവും ഔദ്യോഗിക ഫോട്ടോഗ്രാഫി സെഷനും നടന്നു.

ഏഴ് റീജിയണുകൾ, 750 ഓളം മത്സരാർത്ഥികൾ, 45 മത്സരയിനങ്ങൾ

കേരളത്തിലെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മാതൃകയിൽ സംഘടിപ്പിക്കുന്ന പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ യുകെയിലെ ഏഴ് റീജിയണുകളിൽനിന്നായി ഏകദേശം 750 മത്സരാർത്ഥികളാണ് അഞ്ച് പ്രായവിഭാഗങ്ങളിലായി 45 മത്സരയിനങ്ങളിൽ ഏഴ് വേദികളിൽ മാറ്റുരച്ചത്.

കിഡ്സ്, സബ് ജൂനിയേഴ്സ്, ജൂനിയേഴ്സ്, സീനിയേഴ്സ്, സൂപ്പർ സീനിയേഴ്സ് എന്നീ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങൾ കേരളത്തിന്റെ സമ്പന്നമായ കലാസാംസ്കാരിക പാരമ്പര്യത്തിന്റെ നേർക്കാഴ്ചയായി.

യുക്മ സൗത്ത് വെസ്റ്റ് റീജിയണിന്റെ ആതിഥേയത്വത്തിൽ തുടർച്ചയായ അഞ്ചാം വർഷമാണ് ചെൽറ്റൻഹാം ദേശീയ കലാമേളയ്ക്ക് വേദിയായത്.

ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗീസ്, കലാമേള കൺവീനർ വർഗീസ് ഡാനിയൽ എന്നിവരുടെ നേതൃത്വത്തിൽ ദേശീയ സമിതിയും റീജിയണൽ നേതൃത്വവും വിവിധ അസോസിയേഷനുകളും വോളണ്ടിയർമാരും ചേർന്നാണ് കലാമേളയുടെ വിപുലമായ ഒരുക്കങ്ങൾ നടത്തിയത്.

കലാമേളയുടെ ടൈറ്റിൽ സ്പോൺസറായ ലൈഫ്‌ലൈൻ പ്രൊട്ടക്ട്, കോ-സ്പോൺസറായ കാർഗോഫോഴ്സ് എന്നിവരുടെയും മറ്റ് സ്പോൺസർമാരുടെയും പിന്തുണ പരിപാടിയുടെ വിജയത്തിന് കരുത്തായി.

കേരളവും യുകെ മലയാളികളും തമ്മിലുള്ള സാംസ്കാരിക സഹകരണത്തിന് പുതിയ സാധ്യതകൾ

യുകെയിൽ മിനി ഐ.എഫ്.എഫ്.കെ., കേരള സർക്കാരിന്റെ ഏകോപനത്തിൽ ഓണാഘോഷം, പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ ആഗോള അംബാസഡർമാരാക്കുന്ന പദ്ധതികൾ — മന്ത്രി പി. സി. വിഷ്ണുനാഥ് നടത്തിയ ഈ മൂന്ന് പ്രധാന പ്രഖ്യാപനങ്ങളും കേരളവും ബ്രിട്ടനിലെ മലയാളി സമൂഹവും തമ്മിലുള്ള സാംസ്കാരിക, വിനോദസഞ്ചാര സഹകരണത്തിന് പുതിയ സാധ്യതകളാണ് തുറന്നിടുന്നത്.

പ്രവാസലോകത്ത് മലയാളത്തിന്റെ കലാസാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും യുക്മ നടത്തുന്ന പ്രവർത്തനങ്ങൾക്ക് കേരള സർക്കാരിന്റെ സഹകരണം കൂടുതൽ ശക്തമാകുമെന്ന പ്രതീക്ഷയാണ് ഈ പ്രഖ്യാപനങ്ങൾ ഉയർത്തുന്നത്.

യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടനവേദിയിൽനിന്ന് ഉയർന്ന മിനി ഐ.എഫ്.എഫ്.കെ. പ്രഖ്യാപനം, ബ്രിട്ടനിലെ മലയാളി സമൂഹത്തിനും സിനിമാപ്രേമികൾക്കും ഒരുപോലെ ആവേശകരമായ വാർത്തയായി മാറിയിരിക്കുകയാണ്.

കേരളത്തിന്റെ കലയും സിനിമയും സംസ്കാരവും ലോകവേദികളിലേക്ക് കൂടുതൽ വ്യാപിപ്പിക്കുന്നതിൽ യുക്മയ്ക്ക് പുതിയ അവസരങ്ങൾ തുറന്നുകൊടുക്കുന്ന സുപ്രധാന പ്രഖ്യാപനങ്ങൾക്കാണ് ചെൽറ്റൻഹാമിലെ സലിംകുമാർ നഗർ സാക്ഷ്യം വഹിച്ചത്.

ഉദ്ഘാടനച്ചടങ്ങിൽ യുക്മ ദേശീയ വൈസ് പ്രസിഡന്റ് സ്മിത തോട്ടം, ജോയിന്റ് സെക്രട്ടറിമാരായ സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി, ജോയിന്റ് ട്രഷറർ പീറ്റർ താണോലിൽ എന്നിവരും മറ്റ് ദേശീയ സമിതി അംഗങ്ങളും വേദിയിൽ സന്നിഹിതരായിരുന്നു.

പതിനേഴാമത് യുക്മ ദേശീയ കലാമേളയുടെ വിജയകരമായ നടത്തിപ്പിന് ഡോ. ബിജു പെരിങ്ങത്തറ, കുര്യൻ ജോർജ്ജ്, മനോജ് പിള്ള, അലക്സ് വർഗീസ്, സുജു ജോസഫ്, ഡിക്സ് ജോർജ്ജ്, സുനിൽ ജോർജ്ജ്, ബിജു പീറ്റർ, ഷാജി തോമസ് വരാക്കുടി, ജോഷി തോമസ്, ബെന്നി അഗസ്റ്റിൻ, സുരേന്ദ്രൻ ആരക്കോട്ട്, ജിപ്സൺ തോമസ്, രാജേഷ് രാജ്, ജോബി പുതുക്കുളങ്ങര, ജോർജ്ജ് തോമസ്, ജോബിൻ ജോർജ്ജ്, ജെയ്സൺ ചാക്കോച്ചൻ, അമ്പിളി സെബാസ്റ്റ്യൻ, ജോസ് വർഗ്ഗീസ്, എബ്രഹാം പൊന്നുംപുരയിടം, ജോബി തോമസ്, ഭുവനേഷ് പീതാംബരൻ, സാംസൺ പോൾ, ലൂയിസ് മേനാച്ചേരി, സനോജ് വർഗ്ഗീസ്, അജു തോമസ്, തേജു മാത്യൂസ്, ബേബി വർഗ്ഗീസ്, ടോംബിൽ കണ്ണത്ത്, പോൾ ജോസഫ്,  ഷിൻ്റോ സ്കറിയ, ഡോ.ശീതൾ മാർക്ക്, ജോസഫ് മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more