1 GBP = 128.13
breaking news

ഗ്രീൻ കാർഡ് അപേക്ഷകളിൽ കർശന നടപടിയുമായി യു.എസ്; അപൂർണ്ണമായ വിസ അപേക്ഷകൾ നേരിട്ട് നിരസിക്കപ്പെടും

ഗ്രീൻ കാർഡ് അപേക്ഷകളിൽ കർശന നടപടിയുമായി യു.എസ്; അപൂർണ്ണമായ വിസ അപേക്ഷകൾ നേരിട്ട് നിരസിക്കപ്പെടും

വാഷിങ്ടൺ: അമേരിക്കയിൽ കുടിയേറ്റാനുകൂല്യങ്ങൾക്കായുള്ള നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കി യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS). വിസ, ഗ്രീൻ കാർഡ്, പൗരത്വം എന്നിവക്കുള്ള അപേക്ഷകളിൽ ആവശ്യമായ രേഖകൾ ഇല്ലെങ്കിലോ അപൂർണ്ണമാണെങ്കിലോ, അധിക വിവരങ്ങൾ ചോദിക്കാതെ തന്നെ നേരിട്ട് നിരസിക്കാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകിക്കൊണ്ടുള്ള പുതിയ നയം നിലവിൽ വന്നു.

ഈ തീരുമാനം അമേരിക്കയിൽ പഠനത്തിനും ജോലിക്കും സ്ഥിരതാമസത്തിനുമായി ശ്രമിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ അപേക്ഷകരെയാണ് സാരമായി ബാധിക്കുക. അപേക്ഷകർ തങ്ങൾ ആവശ്യപ്പെടുന്ന കുടിയേറ്റാനുകൂല്യത്തിന് അപേക്ഷ സമർപ്പിക്കുന്ന സമയത്ത് തന്നെ അതിനുള്ള യോഗ്യത പൂർണ്ണമായി തെളിയിച്ചിരിക്കണമെന്ന് യു.എസ്‌.സി.ഐ.എസ്‌ കർശന നിർദേശം നൽകിയിട്ടുണ്ട്.

പുതിയ നിർദേശപ്രകാരം, ഒരു അപേക്ഷയിൽ ആവശ്യമായ പ്രാരംഭ തെളിവുകൾ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലോ യോഗ്യത വ്യക്തമാക്കുന്നതിൽ പരാജയപ്പെട്ടാലോ, ‘റിക്വസ്റ്റ് ഫോർ എവിഡൻസ്’ (RFE) അല്ലെങ്കിൽ ‘നോട്ടീസ് ഓഫ് ഇൻ്റന്റ് ടു ഡിനൈ’ (NOID) തുടങ്ങിയ മുന്നറിയിപ്പുകളോ നോട്ടീസോ നൽകാതെ തന്നെ ഉദ്യോഗസ്ഥർക്ക് അപേക്ഷകൾ നേരിട്ട് തള്ളിക്കളയാവുന്നതാണ്. ഏജൻസിയുടെ ഔദ്യോഗിക ഫോമുകളിലും ഒപ്പമുള്ള നിർദേശങ്ങളിലും ഓരോ കുടിയേറ്റാനുകൂല്യത്തിനും ആവശ്യമായ രേഖകളും തെളിവുകളും വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ടെന്നും, അതിനാൽ അപേക്ഷകർക്ക് പൂർണ്ണമായ അപേക്ഷകൾ സമർപ്പിക്കാൻ ഇത് ധാരാളമാണെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

ബൈഡൻ ഭരണകാലത്ത് നടപ്പിലാക്കിയ നയത്തിന്റെ സമ്പൂർണ്ണ തിരുത്തലായാണ് പുതിയ ഭേദഗതി വന്നിരിക്കുന്നത്. മുൻപ്, അപേക്ഷകൾ അപൂർണ്ണമാണെങ്കിലും അല്ലെങ്കിൽ ആവശ്യമായ രേഖകൾ കൃത്യമായില്ലെങ്കിലും, അപേക്ഷകൾ തള്ളിക്കളയുന്നതിന് മുൻപ് അധിക വിവരങ്ങൾ സമർപ്പിക്കാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് നിർദേശമുണ്ടായിരുന്നു.

എന്നാൽ ഈ മുൻകാല രീതി അപൂർണ്ണവും അപര്യാപ്തവുമായ അപേക്ഷകൾ കാരണം മറ്റ് തീർപ്പാക്കാത്ത കേസുകളുടെ പ്രോസസ്സിങ് വേഗത കുറക്കാൻ ഇടയാക്കിയതായി യു.എസ്‌.സി.ഐ.എസ്‌ വിലയിരുത്തുന്നു. കൂടാതെ, പ്രാഥമിക അപേക്ഷയുടെ തീരുമാനത്തിനായി കാത്തിരിക്കുന്ന സമയത്ത് തൊഴിൽ അനുമതി പോലുള്ള അനുബന്ധ ആനുകൂല്യങ്ങൾ നേടാൻ ചിലർ ‘പ്ലേസ്‌ഹോൾഡർ’ അപേക്ഷകൾ ഫയൽ ചെയ്യാൻ ഈ നയം വഴിയൊരുക്കിയെന്നും ഏജൻസി കൂട്ടിച്ചേർത്തു.

പുതിയ നയം വരുന്നതോടുകൂടി ഉചിതമായ കേസുകളിൽ RFE അല്ലെങ്കിൽ NOID നൽകാതെ തന്നെ അപേക്ഷകൾ നിരസിക്കാനുള്ള വിവേചനാധികാരം ഉദ്യോഗസ്ഥർക്ക് തിരികെ ലഭിച്ചിരിക്കുന്നു. എങ്കിലും, അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ് കൂടുതൽ രേഖകൾ ആവശ്യമാണെന്ന് ഉദ്യോഗസ്ഥർക്ക് തോന്നുകയാണെങ്കിൽ RFE നൽകാനുള്ള വിവേചനാധികാരം അവർക്ക് നിലവിലുണ്ടാകും.

ഉടൻ പ്രാബല്യത്തിൽ വന്ന ഈ നയം 2026 ആഗസ്റ്റ് 5നോ അതിനുശേഷമോ സമർപ്പിച്ചതോ നിലവിലുള്ളതോ ആയ എല്ലാ കുടിയേറ്റ അപേക്ഷകൾക്കും ബാധകമാണ്. തൊഴിൽ അധിഷ്ഠിത വിസകൾ, ഫാമിലി സ്പോൺസേർഡ് ഗ്രീൻ കാർഡുകൾ, സ്റ്റാറ്റസ് മാറ്റങ്ങൾ, പൗരത്വം എന്നിവക്കായി അപേക്ഷിക്കുന്നവർ ഇനി മുതൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. അപേക്ഷ സമർപ്പിക്കുന്ന സമയത്ത് തന്നെ എല്ലാ രേഖകളും കൃത്യമായി സമർപ്പിച്ചില്ലെങ്കിൽ, തിരുത്തലുകൾ വരുത്താനുള്ള അവസരങ്ങൾ ലഭിക്കാതെ തന്നെ അപേക്ഷകൾ നേരിട്ട് തള്ളപ്പെടാൻ സാധ്യതയുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more