1 GBP = 128.40
breaking news

ആവശ്യങ്ങൾ അംഗീകരിച്ചു; സമരം അവസാനിപ്പിച്ച് സി.ജെ.പി, ജന്തർ മന്തറിൽ ആഘോഷം

ആവശ്യങ്ങൾ അംഗീകരിച്ചു; സമരം അവസാനിപ്പിച്ച് സി.ജെ.പി, ജന്തർ മന്തറിൽ ആഘോഷം

ന്യൂഡൽഹി: ജന്തർമന്തറിലെ സമരം അവസാനിപ്പിച്ചതായി സി.ജെ.പി അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങൾ പൂർണമായും സർക്കാർ അംഗീകരിച്ചതിനെ തുടർന്നാണ് സമരം പിൻവലിക്കുന്നതെന്ന് സി.ജെ.പി നേതാക്കൾ വാർത്തസ​മ്മേളനത്തിൽ വ്യക്തമാക്കി. സർക്കാറുമായി നടത്തിയ മൂന്നാം ഘട്ട ചർച്ചകൾക്ക് ശേഷമാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെയാണ് സർക്കാറുമായി സി.ജെ.പി നേതാക്കൾ നിർണായക ചർച്ചകൾ നടത്തിയത്. കേന്ദ്ര മന്ത്രിമാരായ ജെ.പി നദ്ദ, ജിതേന്ദ്ര സിങ് എന്നിവരുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.

നീറ്റ് പരീക്ഷാ അട്ടിമറിയെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് സർക്കാറിന്റെ ഭാഗത്തുനിന്ന് അർഹമായ ധനസഹായം നൽകുമെന്ന് അധികാരികൾ ഉറപ്പുനൽകിയതായി സി.ജെ.പി വക്താവ് സൗരവ് ദാസ് അറിയിച്ചു. ഡൽഹി ഉൾപ്പെടെയുള്ള എല്ലാ ബി.ജെ.പി ഭരണ-സഖ്യ സംസ്ഥാനങ്ങളിലും പ്രക്ഷോഭകർക്കെതിരെ എടുത്ത എല്ലാ എഫ്.ഐ.ആറുകളും പിൻവലിക്കാൻ സർക്കാർ സമ്മതിച്ചു. ഡൽഹിയിൽ മാത്രം 15 മുതൽ 20 വരെ കേസുകളാണ് എടുത്തുട്ടള്ളത്. പ്രക്ഷോഭകർക്കെതിരായ കേസ് നടപടികൾ പൂർണമായി അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന്-നാല് ദിവസത്തിനുള്ളിൽ എഫ്.ഐ.ആറുകളുടെ പകർപ്പ് കൈമാറാമെന്നും, ചൊവ്വാഴ്ചയോടെ കേസ് പിൻവലിക്കൽ സംബന്ധിച്ച് സർക്കാറിന്റെ ഔദ്യോഗിക എഴുത്തുപൂർവ്വമായ ഉറപ്പ് നൽകുമെന്നും നേതാക്കൾ വ്യക്തമാക്കി.

മുൻകൂട്ടി സമർപ്പിച്ച കരട് നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ചക്കകം അന്തിമ ഉറപ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംഘടനയെന്ന് സി.ജെ.പി നേതൃത്വം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

യുവ രോഷത്തിനു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ, സമരം തുടങ്ങി 35ാം ദിവസം ഗത്യന്തരമില്ലാതെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്.

മോദി സർക്കാറിൽ അപൂർവമായി മാത്രമാണ് മന്ത്രിമാർ രാജിവെക്കുന്നത്. അതുകൊണ്ടുതന്നെ പ്രധാന്‍റെ രാജി പ്രഖ്യാപനവും അപ്രതീക്ഷിതമായി. സി.ജെ.പി പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ പ്രധാന്റെ രാജി ആവശ്യത്തിൽ തീരുമാനം ശനിയാഴ്ച അറിയിക്കാമെന്നാണ് കേന്ദ്ര സർക്കാർ ഇന്നലെ അറിയിച്ചിരുന്നത്. മന്ത്രി രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിൽ തന്നെയായിരുന്നു സി.ജെ.പി.

ഇതിനിടെ ധർമേന്ദ്ര പ്രധാൻ രാജിവെക്കില്ലെന്ന റിപ്പോർട്ടുകളും സർക്കാറുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളിൽനിന്ന് പുറത്തുവന്നു. നാഷനൽ ടെസ്റ്റിങ് ഏജൻസിയിൽ ഉദ്യോഗസ്ഥർക്കെതിരെ കൂട്ടനടപടിയെടുത്ത് മുഖംരക്ഷിക്കാനുള്ള നീക്കവും സർക്കാർ നടത്തി. 47 ഉദ്യോഗസ്ഥരെയാണ് ഒറ്റയടിക്ക് പുറത്തായത്. എന്നാൽ, ഇതൊന്നും സി.ജെ.പിയെ രാജി ആവശ്യത്തിൽനിന്ന് പിന്തിരിപ്പിച്ചില്ല. പ്രതിപക്ഷം ധർമേന്ദ്ര പ്രധാന്‍റെ രാജിയിൽ വീട്ടുവീഴ്ചക്കില്ലെന്ന് ശനിയാഴ്ചയും ആവർത്തിച്ചു. പാർലമെന്‍റ് മാർച്ചിനിടെ പൊലീസിന്‍റെ ലാത്തിച്ചാർജിൽ പരിക്കേറ്റ വിദ്യാർഥികളുമായി മാധ്യമങ്ങൾക്കു മുന്നിലെത്തിയ രാഹുൽ, രാജിയിൽ വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കി.

ഒടുവിൽ രാജി അല്ലാതെ മറ്റു വഴികളില്ലെന്ന് മനസ്സിലാക്കിയാണ് കേന്ദ്രം മുട്ടുമടക്കുന്നത്. മോദി സർക്കാറിൽ ആദ്യമായിട്ടാണ് യുവജന പ്രക്ഷോഭത്തെ തുടർന്ന് ഒരു മന്ത്രിക്ക് രാജിവെക്കേണ്ടി വരുന്നത്. രാജ്യസഭാ കാലാവധി അവസാനിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച റെയിൽവേ സഹമന്ത്രി രവനീത് സിങ് ബിട്ടുവും കഴിഞ്ഞമാസം ന്യൂനപക്ഷ ക്ഷേമ, ഫിഷറീസ് വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയായിരുന്ന മലയാളിയായ ജോർജ് കുര്യനും രാജിവെച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more