1 GBP = 126.59
breaking news

യുക്മ റീജിയണൽ കായികമേളകൾക്ക് വിജയകരമായ പരിസമാപ്തി…… ദേശീയ കായിക മാമാങ്കം ജൂൺ 20 ന് ബർമിംഗ്ഹാമിലെ സട്ടൻ കോൾഡ്ഫീൽഡിൽ……

യുക്മ റീജിയണൽ കായികമേളകൾക്ക് വിജയകരമായ പരിസമാപ്തി…… ദേശീയ കായിക മാമാങ്കം ജൂൺ 20 ന് ബർമിംഗ്ഹാമിലെ സട്ടൻ കോൾഡ്ഫീൽഡിൽ……

കുര്യൻ ജോർജ്ജ്

(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

യുക്മ ദേശീയ കായികമേളയ്ക്ക് മുന്നോടിയായുള്ള റീജിയണൽ കായികമേളകൾ എല്ലാ റീജിയണുകളിലും വൻ ജനപങ്കാളിത്തത്തോടെ വിജയകരമായി പര്യവസാനിച്ചു. അംഗ അസ്സോസ്സിയേഷനുകളിൽ നിന്നെത്തിയ നൂറ് കണക്കിന് കായികതാരങ്ങൾ വിവിധ റീജിയണൽ കായികമേളകളിൽ അണിനിരന്നു മത്സരങ്ങളിൽ പങ്കെടുത്തു. ജൂൺ 20 ശനിയാഴ്ച ബർമിംഗ്ഹാം സട്ടൻ കോൾഡ്ഫീൽഡിലെ വിൻഡ്‌ലി ലെഷർ സെൻ്റർ സ്റ്റേഡിയത്തിൽ നടക്കുന്ന യുക്മ ദേശീയ കായികമേളയുടെ ഒരുക്കങ്ങൾ വളരെ വേഗത്തിൽ പൂർത്തിയാകുന്നതായി ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ് എന്നിവർ അറിയിച്ചു.

യുക്മ ദേശീയ കായികമേളയുടെ ചുമതല വഹിക്കുന്ന ജോയിൻ്റ് സെക്രട്ടറി റെയ്മോൾ നിധീരി, ജോയിൻ്റ് ട്രഷറർ പീറ്റർ താണോലിൽ എന്നിവർ കായികമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നു. വൈസ് പ്രസിഡൻ്റുമാരായ വർഗ്ഗീസ് ഡാനിയൽ, സ്മിത തോട്ടം, ജോയിൻ്റ് സെക്രട്ടറി സണ്ണിമോൻ മത്തായി എന്നിവരുടെ നേതൃത്വത്തിൽ യുക്മ ദേശീയസമിതി ഒന്നടങ്കം കായികമേളയുടെ ഒരുക്കങ്ങളിൽ വ്യാപൃതരാണ്.

മെയ് 23 ന് ബാൺസ്ലിയിൽ വച്ച് നടന്ന യോർക്ക്ഷയർ & ഹംബർ റീജിയൻ, ജൂൺ 6 ന് മെർതിറിൽ വച്ച് നടന്ന വെയിത്സ് റീജിയൻ, ജൂൺ 13 ന് വാറിംഗ്ടണിൽ വച്ച് നടന്ന നോർത്ത് വെസ്റ്റ് റീജിയൻ, റെഡ്ഡിച്ചിൽ വച്ച് നടന്ന ഈസ്റ്റ് & വെസ്ററ് മിഡ്‌ലാൻഡ്സ് റീജിയൻ, ഹോർഷമിൽ വച്ച് നടന്ന സൌത്ത് ഈസ്റ്റ് റീജിയൻ, ലൂട്ടനിൽ വച്ച് നടന്ന ഈസ്റ്റ് ആംഗ്ളിയ റീജിയൻ, ജൂൺ 14 ന് യോവിലിൽ വച്ച് നടന്ന സൌത്ത് വെസ്റ്റ് റീജിയൻ കായികമേളകളിൽ ഇക്കുറി വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. പ്രവാസി മലയാളി ലോകത്തെ ഏറ്റവും വലിയ കായികമേളയായി മാറിക്കഴിഞ്ഞ യുക്മ റീജിയണൽ കായികമേളകളിൽ യുക്മ അംഗ അസ്സോസ്സിയേഷനുകളിൽ നിന്നുള്ള നാലായിരത്തിലേറെ കായികതാരങ്ങളാണ് വിവിധ റീജിയണുകളിലായി തങ്ങളുടെ കായികാവേശം പ്രകടിപ്പിച്ചത്. 

റീജിയണൽ കായികമേളകളിലെ ഓരോ ഇനങ്ങളിലെയും ആദ്യ മൂന്ന് സ്ഥാനക്കാരാണ് ദേശീയ കായികമേളയിൽ പങ്കെടുക്കുവാൻ അർഹരായിരിക്കുന്നത്. റീജിയണൽ കായികമേളകളിൽ വിജയികളായ മുഴുവൻ കായികതാരങ്ങളെയും അംഗ അസ്സോസ്സിയേഷനുകളുടെ സഹകരണത്തോടെ ദേശീയ കായികമേളയിൽ പങ്കെടുപ്പിക്കുവാനുള്ള ഒരുക്കങ്ങളിലാണ് വിവിധ റീജിയണൽ നേതൃത്വങ്ങൾ.

2024, 2025 വർഷങ്ങളിലെ യുക്മ ദേശീയ കായികമേളകൾ അരങ്ങേറിയ വിൻഡ്‌ലി ലെഷർ സെൻ്റർ സ്റ്റേഡിയം കായിക താരങ്ങൾക്കും കാണികൾക്കും ഏറെ സൌകര്യപ്രദമായ സ്‌റ്റേഡിയമാണ്.  ട്രാക്കിലെയും ഫീൽഡിലെയും മത്സരങ്ങൾ ഒരേ സമയം നടത്തുന്നതിനുള്ള സൌകര്യങ്ങൾ ഉള്ളതാണ് സട്ടൻ കോൾഡ് ഫീൽഡിലെ വിൻഡ്‌ലി ലെഷർ സെൻ്റർ സ്‌റ്റേഡിയം. മനോഹരമായ സിന്തറ്റിക് ട്രാക്ക് ഒരുക്കിയിരിക്കുന്ന സ്‌റ്റേഡിയത്തോടനുബന്ധിച്ച് വിശാലമായ പാർക്കിംഗ് സൌകര്യവുമുണ്ട്. 

യുകെയിലെ മുഴുവൻ മലയാളി കായികപ്രേമികളെയും യുക്മ ദേശീയ കായികമേളയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ സമിതി അറിയിച്ചു.

കായികമേള വേദിയുടെ വിലാസം:-

Windley Leisure Centre, 

Clifton Road,

Sutton Coldfield, 

Birmingham, B73 6EB.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more