കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ രാജ്യസഭാ എംപിമാരുടെ രാജി തുടരുന്നു. പാർട്ടിക്ക് തിരിച്ചടിയായി മറ്റൊരു നേതാവ് കൂടി രാജ്യസഭാംഗത്വം രാജിവെച്ചു. പ്രകാശ് ചിക് ബരൈക്ക് ആണ് രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചത്. ഇതോടെ രാജിവെച്ച തൃണമൂൽ രാജ്യസഭാ എംപിമാരുടെ എണ്ണം മൂന്നായി. നേരത്തെ, സുഖേന്ദു ശേഖർ റോയ്, സുഷ്മിത ദേവ് എന്നിവരാണ് രാജിവെച്ചിരുന്നത്.
തൃണമൂൽ കോൺഗ്രസ് എംപിമായിരുന്ന സുഷ്മിത ദേവിൻ്റെ രാജിക്ക് പിന്നാലെ ആണ് പ്രകാശ് ചിക് ബരൈക്കും സ്ഥാനമൊഴിഞ്ഞത്. സുഷ്മിത ദേവ് തൃണമൂൽ കോൺഗ്രസിൽ നിന്നും രാജിവെച്ചിട്ടുണ്ട്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുമായി ദില്ലിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു സുഷ്മിതയുടെ രാജി. ഇവർ ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.
പശ്ചിമ ബംഗാളിൽ ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് മമത ബാനർജി നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസ് പ്രതിസന്ധി നേരിടുന്നത്. പാർട്ടിയുടെ ബംഗാളിലെ 80 എംഎൽഎമാരിൽ 60 പേർ വിമത ക്യാമ്പിനൊപ്പമാണ്. പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ച് തൃണമൂൽ പുറത്താക്കിയ ഋതബ്രത ബാനർജി ആണ് വിമത ക്യാമ്പിന് നേതൃത്വം നൽകുന്നത്. ഋതബ്രത ബാനർജിയെ സംസ്ഥാന പ്രതിപക്ഷ നേതാവായി ഗവർണർ അംഗീകരിച്ചത് തൃണമൂൽ കോൺഗ്രസിന് കനത്ത പ്രഹരമായി.
അതിനിടെ, ലോക്സഭാ എംപിമാർക്കിടയിലും വിമതനീക്കം സജീവമായി. കാകോലി ഘോഷ് ദസ്തിദാറുടെ നേതൃത്വത്തിലുള്ള വിമത ക്യാമ്പിന് 20 എംപിമാരുടെ പിന്തുണയുണ്ടെന്നാണ് അവകാശവാദം. സായോനി ഘോഷ്, മാല റോയ്, യൂസഫ് പത്താൻ, ശത്രുഘ്നൻ സിൻഹ ഉൾപ്പെടെ ഉള്ള എംപിമാർ വിമതർക്കൊപ്പമുണ്ടെന്നാണ് റിപ്പോർട്ട്. ഇവർ എൻഡിഎയ്ക്ക് പിന്തുണ നൽകുന്നതായി ലോക്സഭാ സ്പീക്കറെ കത്ത് മുഖേന അറിയിച്ചുവെന്ന റിപ്പോർട്ടുണ്ട്.
പാർട്ടിയിൽ പ്രതിസന്ധി തുടരുന്നതിനിടെ ദില്ലി കേന്ദ്രീകരിച്ചു ചർച്ചകൾ നടത്തുകയാണ് മമത ബാനർജിയും ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും. ഇരുവരും കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ കോൺഗ്രസ് – തൃണമൂൽ കോൺഗ്രസ് ലയനം സംബന്ധിച്ച് അഭ്യൂഹങ്ങൾ സജീവമായെങ്കിലും ഇക്കാര്യം ഇരുപാർട്ടികളും തള്ളി.
click on malayalam character to switch languages