1 GBP = 125.36
breaking news

സുസ്ഥിരവികസനവും ജനക്ഷേമവും തുടരുകയാണ് വേണ്ടത്… മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ എന്ന ആശയത്തിന്, പ്രതീക്ഷയുടെ ഒരു കൊച്ചു തുരുത്തായി കേരളം എക്കാലവും നിലനിൽക്കണം…

സുസ്ഥിരവികസനവും ജനക്ഷേമവും തുടരുകയാണ് വേണ്ടത്… മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ എന്ന ആശയത്തിന്, പ്രതീക്ഷയുടെ ഒരു കൊച്ചു തുരുത്തായി കേരളം എക്കാലവും നിലനിൽക്കണം…

മനുഷ്യത്വത്തോടും , മനുഷ്യപുരോഗതിയോടും അനുഭാവം പുലർത്തുന്ന ഏതൊരു വ്യക്തിയെയും സംബന്ധിച്ചിടത്തോളം സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങളാണ് കഴിഞ്ഞ 10 വർഷങ്ങളിൽ കേരളം നടപ്പാക്കിയത്. ഒരുകാലത്തും നടപ്പാക്കാൻ പോകുന്നില്ല എന്ന് ലോകം മുഴുവൻ വിലയിരുത്തിയ നിരവധിയായ പദ്ധതികൾ 10 വർഷമായി തുടർന്ന് പോരുന്ന LDF സർക്കാരിന്റെ നിശ്ചയദാർഢ്യം ഒന്ന് കൊണ്ട് മാത്രമാണ് കേരളത്തിൽ നടപ്പാക്കാൻ കഴിഞ്ഞത്. പവർ കട്ടില്ലാത്ത കേരളം, എന്ന നേട്ടത്തിലേക്ക് എത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ഇടമൺ കൊച്ചി പവർ ഹൈവേ, ഗെയിൽ പൈപ്പ് ലൈൻ, ഒരിക്കലും നടക്കാൻ പോകുന്നില്ല എന്ന് പറഞ്ഞു ഓഫീസ് അടച്ചു പൂട്ടിപ്പോയ നാഷണൽ ഹൈവേയുടെ പൂർത്തീകരണം, വയനാട് തുരങ്കപാത, വിഴിഞ്ഞം തുറമുഖം തുടങ്ങി കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ച പദ്ധതികൾ ഇവയിൽ എടുത്ത് പറയേണ്ടതാണ്. റോഡുകളും പാലങ്ങളും അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും പുറമേ ജനക്ഷേമത്തിനും ഊന്നൽ നൽകിയ സർക്കാരാണ് കഴിഞ്ഞ 10 വർഷമായി കേരളത്തെ കാത്തു സംരക്ഷിച്ചത്. ക്ഷേമപെൻഷൻ മുടക്കം ഇല്ലാതെ പടിപടിയായി വർധിപ്പിച്ചതും ; ലോകത്തെ ഏറ്റവും കൂടുതൽ പട്ടിണിക്കാരുഉള രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യ രാജ്യത്തെ ഒരു സംസ്ഥാനമായിരുന്നിട്ട് കൂടി ഇന്ത്യയിലെ ഏക അതിദാരിദ്രമുക്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുത്തതും ഈ സർക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ്.

ശിശുമരണ നിരക്കിലും, ആയുർദൈർഖ്യത്തിന്റെ കാര്യത്തിലായാലും വികസിത മുതലാളിത്ത രാജ്യങ്ങളെക്കാൾ വലിയ റാങ്കിങ് കേരളം നേടിയെടുത്തതിൽ ആരോഗ്യമേഖല വഹിച്ച പങ്ക് പ്രശംസനീയമാണ്. ഗ്രാമപ്രദേശങ്ങളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളും, കടുംബാരോഗ്യകേന്ദ്രങ്ങളും തുടങ്ങി താലൂക്കാശുപത്രികളും, ജില്ലാ ആശുപത്രികളും, ജനറൽ ആശുപത്രികളും സർക്കാർ മെഡിക്കൽ കോളേജുകളും എല്ലാം ലോകോത്തര നിലവാരത്തിലേക്കാണ് കഴിഞ്ഞ 10 വര്ഷം കൊണ്ട് മാറ്റിയെടുത്തത്. സ്വകാര്യ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രികൾ ലക്ഷക്കണക്കിന് രൂപ പണം വാങ്ങി നടത്തുന്ന ഹൃദയമാറ്റൽ ശസ്ത്രക്രിയ അടക്കമുള്ള വലിയ ഓപ്പറേഷനുകൾ, ഒരു രൂപ പോലും മുടക്കാതെ, എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാപ്പ്യമാകുന്ന നിലയിലേക്ക് മാറ്റിയെടുക്കാൻ നമ്മുടെ ജനറൽ ആശുപത്രികളെയും മെഡിക്കൽ കോളേജുകളെയും മാറ്റിയെടുത്തത് അഭിമാനകരമായ നേട്ടമാണ്. കോവിഡ് പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാതെ, ലോകം മുഴുവൻ പകച്ചു നിന്നപ്പോഴും കേരളത്തിലെ ആരോഗ്യമേഖല തന്മയത്വത്തോടെ ആ മഹാമാരിയെ നേരിട്ടത് ലോകപ്രശംസ പിടിച്ചു പറ്റിയ പ്രവർത്തനമായിരുന്നു. 70 മുതൽ 100 ശതമാനം വരെ മരണനിരക്കുള്ള നിപ്പ വൈറസിനെ ഫലപ്രദമായി നേരിട്ട് ലോകത്തിന് മുഴുവൻ മാതൃകയായി നിന്ന കേരളത്തിലെ ആരോഗ്യമേഖല തികച്ചും പ്രൊഫെഷനലായിട്ടാണ് കോവിഡ് മഹാമാരിയെ നേരിട്ടത്. ചികിത്സാസഹായം കിട്ടാതെ മരണപ്പെടുന്ന സാഹചര്യം ഒരാൾക്കും ഉണ്ടാകരുത് എന്ന ഇടതുപക്ഷ രാഷ്ട്രീയ ബോധമാണ് കേരളത്തിലെ ആരോഗ്യമേഖലയെ ലോകത്തെ തന്നെ ഒന്നാം നമ്പർ എന്ന പദവിയിൽ എത്തിച്ചത്.

സൗഹാർദ്ദപൂർണ്ണവും, സ്നേഹസമ്പന്നവുമായ ഒരു സാമൂഹ്യ അന്തരീക്ഷം കേരളത്തിൽ രൂപപ്പെടുത്തുന്നതിന് എക്കാലവും വലിയ പങ്കു വഹിച്ചിട്ടുള്ള മേഖലയാണ് ഇവിടുത്തെ പൊതു വിദ്യാഭ്യാസ സംവിധാനം. നാനാതുറകളിലും നിന്നും വരുന്ന കുട്ടികൾക്ക് ഒരുമിച്ചിരുന്ന് പഠിച്ചും കളിച്ചും വളരാനുള്ള സാഹചര്യം, അവരിൽ സ്നേഹത്തിന്റെ വിത്തുകൾ മുളപ്പിക്കും, അതു വഴി വർഗ്ഗീയ ചിന്തകളിലേക്കും, അപരവിദ്വേഷ ചിന്തകളിലേക്കും ഒന്നും വഴിതെറ്റി പോകാതെ, മികച്ച പൗരബോധവും മനുഷ്യത്വവും കുട്ടികളിൽ രൂപപ്പെടുത്താൻ കേരളത്തിലെ കുട്ടികളെ സഹായിച്ചിട്ടുണ്ട്. ജാതി മത സംഘടനകളും മറ്റ് വൻകിട കോർപറേറ്റുകളും വലിയ ഫീസീടാക്കി വിദ്യാർത്ഥികൾക്ക് കൊടുക്കുന്നു, എന്ന് അവർ അവകാശപ്പെടുന്നതിനേക്കാൾ മികച്ച സൗകര്യങ്ങളാണ് ഇന്ന് കേരളത്തിലെ പൊതു വിദ്യാലയങ്ങൾ പ്രധാനം ചെയ്യുന്നത്. അതു കൊണ്ട് തന്നെ, പത്തു ലക്ഷത്തോളം കുട്ടികളാണ് സ്വകാര്യ മാനേജ്മെൻ്റ് സ്കൂളിൽ നിന്നും പൊതു വിദ്യാലയങ്ങളിലേക്ക് ഓരോ വർഷവും കടന്ന് വരുന്നത്. കുട്ടികളില്ലാത്ത അവസ്ഥയും , ലാഭകരമല്ല എന്ന കാരണവും ചൂണ്ടിക്കാട്ടി “പുണ്യാളന്മാരും നന്മമരങ്ങളും” നേതൃത്വം നൽകിയ മുൻ സർക്കാർ അടച്ചുപൂട്ടാൻ തീരുമാനിച്ച അതേ പൊതുവിദ്യാലയങ്ങളാണ് ഇന്ന് ഹൈടെക് സ്കൂളുകളായി തലയുയർത്തി നിൽക്കുന്നത്.

കോവിഡ് മഹാമാരി, നിപ്പ വൈറസ് വ്യാപനം, തീരദേശ മേഖലയിലെ ജീവിതങ്ങളെ അപ്പാടെ കണ്ണീരിലാഴ്ത്തിയ ഓക്കി ചുഴലിക്കാറ്റ്, നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പ്രളയം, രാഷ്ട്രീയമായും സാമ്പത്തികമായും എല്ലായ്പ്പോഴും കേരളത്തെ കടന്നാക്രമിച്ചു കൊണ്ടിരിക്കുന്ന മോദി നേതൃത്വം നൽകുന്ന യൂണിയൻ സർക്കാർ, തുടങ്ങിയ എത്രയോ ദുരന്തങ്ങളെ അതിജീവിച്ചു കൊണ്ടാണ് കേരളം ഈ നേട്ടങ്ങൾ കൈവരിക്കുന്നത് എന്നതാണ് പ്രധാന വിഷയം. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുബോഴും, അതേ പോലെ തന്നെ സമൂഹ്യ സുരക്ഷാ ഇൻഡക്‌സിൽ ഒന്നാം സ്ഥാനത്ത് തുടരുബോഴും, സമസ്ത മേഖലകളെയും സ്പർശിക്കുന്ന ഇപ്രകാരമുള്ള വികസനപ്രവർത്തനങ്ങൾ കേരളത്തിൽ ഇനിയും തുടർന്ന് പോകേണ്ടതുണ്ട്, അതിന് ഇടതുപക്ഷമല്ലാതെ മാറ്റാരുണ്ട് നമുക്ക് വിശ്വാസമർപ്പിക്കാൻ…

ജനാധിപത്യ വ്യവസ്ഥയിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കേണ്ട ഒരു സംവിധാനമാണ് പ്രതിപക്ഷം എന്ന് പറയുന്നത്. എന്നാൽ, കേരള ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനമാണ് സതീശൻ്റെ നേതൃത്വത്തിലുള്ള UDF എന്ന ഉടായിപ്പ് ഡെമോക്രാറ്റിക് സംവിധാനം കഴിഞ്ഞ 5 വർഷം കാട്ടിക്കൂട്ടിയത്. 10 വർഷം തുടർച്ചയായി ഭരിക്കുന്ന ഒരു മുന്നണിക്ക്, സ്വാഭാവികമായും ഉണ്ടാകാൻ സാധ്യതയുള്ള ചില വീഴ്ചകളെ പോലും ചൂണ്ടിക്കാട്ടി പൊതുജന മധ്യത്തിലേക്ക് കൊണ്ടു വരാനോ ഏറ്റെടുക്കാനോ അവർക്ക് സാധിച്ചില്ല. ഭരണം ഇല്ലാതിരുന്നിട്ടു കൂടി അഴിമതിയുടെയും തട്ടിപ്പിൻ്റെയും കാര്യത്തിൽ അവർ വെച്ചു പുലർത്തുന്ന ശ്രദ്ധ, പഠന വിഷയമാക്കേണ്ടതാണ്.

അഞ്ച് വർഷം കൂടുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്നതാണ് ഭരണമാറ്റം എന്നതായിരുന്നു 2021ലെ അസംബ്ലി തിരഞ്ഞെടുപ്പ് സമയത്തെ അവരുടെ പ്രതീക്ഷയും ആത്മവിശ്വാസവും. എങ്കിൽ, ഇക്കുറി അവർ പ്രതീക്ഷ വെക്കുന്നത് 10 കൊല്ലമായില്ലേ, ഇനി എന്താണെങ്കിലും മാറ്റം ഉണ്ടാകും എന്ന ചിന്ത മാത്രമാണ്. പണപ്പിരിവ് നടത്തി തട്ടിപ്പ് കാണിക്കുന്നതല്ലാതെ ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഇക്കൂട്ടർക്ക് സ്വന്തം നിലയിൽ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെയോ, സമൂഹ്യ വിഷയങ്ങളെയോ കണ്ടെത്താനോ, അതുവഴി ഒരു തിരഞ്ഞെടുപ്പ് അജണ്ട ഉണ്ടാക്കാനോ കഴിയാത്തത് കൊണ്ട്, കോടികൾ മുടക്കി കനഗോലുനേ പോലുള്ള ആളുകളെ ആശ്രയിച്ചാണ് തിരഞ്ഞെടുപ്പ് strategy ഉണ്ടാക്കാൻ ശ്രമിക്കുന്നത്.

ബ്രെക്‌സിറ്റ്നാന്തര ബ്രിട്ടനിൽ താമസിക്കുന്ന എന്നെ പോലുള്ള മലയാളികളെ അതിശയിപ്പിക്കുന്ന രീതിയിലുള്ള വാദഗതികളാണ് ഇലക്ഷൻ എൻജിനീയറിങ് എന്ന പേരിൽ കനഗോലുമാർ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് !! വസ്തുതകളുമായി യാതൊരു വിധ ബന്ധവുമില്ലാത്ത കാര്യങ്ങൾ സത്യമെന്ന നിലയിൽ പ്രചരിപ്പിക്കുക, യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെട്ടില്ലെങ്കിലും ആളുകളെ വൈകാരികമായി ചിന്തിപ്പിക്കാനും, വികാരത്തളിച്ച കൊണ്ട് മറ്റെല്ലാം മറക്കുകയും ചെയ്യുന്ന രീതിയിലുള്ള കണ്ടൻ്റുകൾ സമൂഹത്തിലേക്ക് കുത്തൊഴുക്കി വിടുക, തുടങ്ങിയ കാര്യങ്ങൾ 2016 ൽ ബ്രെക്സിറ്റ് സമയത്തും, പിന്നീട് ട്രംപിൻ്റെ ആദ്യ തിരഞ്ഞെടുപ്പ് കാലത്തും നമ്മൾ കണ്ടതാണല്ലോ. ആ ഘട്ടത്തിലാണ് സത്യാനന്തരം എന്ന് അർത്ഥം വരുന്ന “post truth” എന്ന വാക്ക് Oxford university അവരുടെ ഡിക്ഷണറിയിൽ ഒരു പുതിയ വാക്ക് എന്ന നിലയിൽ ഉൾപ്പെടുത്തിയത്. ആ അവസ്ഥയെ പോലും നാണിപ്പിക്കുന്ന നിലയിലുള്ള നുണയുടെ കൂമ്പാരമാണ് ഓരോ ദിവസവും UDF എന്ന ഉടായിപ്പ് ഡെമോക്രാറ്റിക് പാർട്ടി വമിപ്പിച്ചുകൊണ്ടിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങളിൽ 99 ശതമാനവും പൂർത്തിയാക്കി, അതിൻ്റെ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങളുടെ മുന്നിൽ സമർപ്പിച്ച്, തിരഞ്ഞെടുപ്പ് രംഗത്ത് രാഷ്ട്രീയം പറഞ്ഞ് മുന്നേറുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയാണ് ഇത്തരം അസംബന്ധ നാടകങ്ങൾ കൊണ്ട് നേരിടാൻ ശ്രമിക്കുന്നത് എന്നതാണ് അപലപനീയമായ വസ്തുത. RSS നേതൃത്വം നൽകുന്ന BJP യുമായി താരതമ്യം ചെയ്താൽ കോൺഗ്രസ് ഒരൊറ്റ വിഷയത്തിൽ മാത്രമായിരുന്നു വേറിട്ട് നിന്നിരുന്നത്. അതവരുടെ മതനിരപേക്ഷ കാഴ്ചപ്പാടും, വർഗീയതക്കെതിരായി എടുക്കുന്ന സമീപനങ്ങളുമായിരുന്നു !! എന്നാൽ ദൗർഭാഗ്യകരം എന്ന് വിലയിരുത്തേണ്ട കാര്യം, ഇന്നത്തെ കോൺഗ്രസിന് ബിജെപിയുടെ മനസ്സും കോൺഗ്രസിൻ്റെ ശരീരവുമാണ് എന്നതാണ്. തിരഞ്ഞെടുപ്പിന് തൊട്ടു മുന്നേ വരെ ബിജെപി പടച്ചു വിടുന്ന വർഗ്ഗീയ വിദ്വേഷ നുണക്കൂമ്പാരങ്ങളുടെ മുഖ്യ പ്രചാരകരായിരുന്ന ആളുകളാണ് ഇപ്പോൾ കോൺഗ്രസ് ആയിട്ട് വേഷം കെട്ടി ആടുന്നത്. സാമ്പത്തിക നയങ്ങളിൽ ബിജെപിയുടെയും കോൺഗ്രസിൻ്റയും നിലപാട് ഒന്ന് തന്നെ ആയിരുന്നെങ്കിലും, ബിജെപിയുടെ കൂടെ കൂടി കേരളത്തെ ഇകഴ്ത്തി കാണിക്കാനും, കേരളം ജീവിക്കാൻ കൊള്ളാത്ത ഇടമാണെന്നും എന്നൊക്കെ പറഞ്ഞു നടക്കുന്ന പരിപാടി മുൻകാലങ്ങളിൽ ഇവർക്കില്ലായിരുന്നു… ബിജെപി കേരളത്തിൽ വളരുന്നത് കോൺഗ്രസിലൂടെയാണ് എന്ന വാദം ശരിവെക്കുന്ന രീതിയിലാണ് ഇപ്പൊൾ കാര്യങ്ങൾ മുന്നോട്ട് പോകുന്നത് !!

മത വർഗ്ഗീയ കലാപങ്ങൾ സംഘടിപ്പിക്കാനോ, ജാതിയുടെ പേരിൽ ആളുകളെ തല്ലി കൊല്ലാനോ , ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നതിൻ്റെ ആൾക്കൂട്ട അക്രമങ്ങൾ നടത്താനോ, ഇത്രയും കാലം കിണഞ്ഞു പരിശ്രമിച്ചിട്ടും ബിജെപിക്ക് കേരളത്തിൽ സാധിച്ചിട്ടില്ല, അതു കൊണ്ട് തന്നെ NDA കേരളത്തിൽ ഒരു കക്ഷിയാണെന്നോ അസംബ്ലി തിരഞ്ഞെടുപ്പ് ഇവരെ ബാധിക്കുന്ന കാര്യമാണെന്നോ ഞാൻ വിചാരിക്കുന്നില്ല. അവർ മുൻകാലങ്ങളിലെ പതിവ് പോലെ തന്നെ, ഉള്ള വോട്ടുകൾ നോട്ട് വാങ്ങി ഉടായിപ്പ് മുന്നണിക്ക് തന്നെ ചെയ്യും. മാത്രവുമല്ല, ബിജെപിയുടെ സാമ്പത്തിക നയങ്ങളും മറ്റ് പരിപാടികളും കേരളത്തിൽ പ്രചരിപ്പിക്കുന്നത് കോൺഗ്രസ് തന്നെയാണല്ലോ !!

ലോകത്തിന് തന്നെ മാതൃക ആയിട്ടുള്ളതാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയ. ദിവസങ്ങൾ നീണ്ട തിരഞ്ഞെടുപ്പ് കാമ്പയിൻ, ലോകത്തെ ഏറ്റവും വലിയ പോളിങ് ശതമാനം, അങ്ങനെ ജനാധിപത്യം സമ്പുഷ്ടമായി നില നിൽക്കുന്ന കേരളത്തിലെ പ്രബുദ്ധ വോട്ടർമാർ മണ്ടത്തരം കാണിച്ച് സ്വന്തം നാടിന് ആപത്ത് വരുത്തി വെക്കില്ല എന്നുറപ്പാണ്.
നല്ലൊരു നാളേക്കായ് കേരളം ഒരുമിച്ച് മുന്നേറട്ടെ…
ജനപക്ഷ സർക്കാർ തുടരട്ടെ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more