കുര്യൻ ജോർജ്ജ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
യുക്മയുടെ ഏറ്റവും പ്രധാനപ്പെട്ട പോഷക സംഘടനയായ യുക്മ നഴ്സസ് ഫോറത്തിന്റെ (UNF) നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡായി സോണിയ ലൂബിയെ യുക്മ ദേശീയ നിർവ്വാഹക സമിതി നിയമിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു.
യുക്മ നഴ്സസ് ഫോറത്തിൻ്റെ ആരംഭം മുതൽ സഹയാത്രികയായിരുന്ന സോണിയ ലൂബി, യു.എൻ.എഫ് നഴ്സസിന് വേണ്ടി സംഘടിപ്പിച്ച നിരവധി സെമിനാറുകളിലും കോവിഡ് കാലം മുതൽ നടത്തി വരുന്ന ഓൺലൈൻ ട്രെയിനിംഗ്കളിലും സ്ഥിരമായി സെഷനുകൾ ചെയ്ത് വരുന്നു. യു കെ നഴ്സിംഗ് രംഗത്തെ വിവിധ വിഷയങ്ങളെ അധികരിച്ച് തികച്ചും ആധികാരികമായും വളരെ ഭംഗിയായും ട്രെയിനിംഗ് നൽകുന്ന സോണിയ യുകെയിലെ മലയാളി നഴ്സിംഗ് സമൂഹത്തിന് ചിരപരിചിതയാണ്.
യു എൻ എഫ് 2024 മെയ് 11 ന് നോട്ടിംഗ്ഹാമിൽ വെച്ച് നടത്തിയ നഴ്സസ് ഡേ ദിനാഘോഷത്തിന്റെ ട്രെയിനിംഗ് സെഷൻറെ ചുമതല വളരെ ഭംഗിയായി നിർവ്വഹിച്ചത് സോണിയയുടെ സംഘാടക മികവിന്റെ ഉത്തമ ഉദാഹരണമായിരുന്നു. 2022 – 2025 കാലയളവിൽ യു.എൻ.എഫ് നാഷണൽ ട്രെയിനിംഗ് പ്രോഗ്രാം കോർഡിനേറ്റർ എന്ന നിലയിൽ പ്രവർത്തിച്ച് വരുന്ന സോണിയയുടെ പ്രൊഫഷണൽ യോഗ്യതകളും പ്രവർത്തന പരിചയവും യു.എൻ.എഫ് അംഗങ്ങൾക്കും പൊതുവെ യുകെയിലെ മലയാളി നഴ്സിംഗ് സമൂഹത്തിനും ഒരു മുതൽക്കൂട്ടാവുമെന്ന് യുക്മ ദേശീയ നിർവ്വാഹക സമിതി വിലയിരുത്തി.
ബാർട്ട്സ് ഹെൽത്ത് എൻ.എച്ച്.എസ്സ് ട്രസ്റ്റ് ഹോസ്പിറ്റൽ എൻ ഇ എൽ ഇൻറഗ്രേറ്റഡ് കെയർ ബോർഡ് പ്രോജക്‌ട് മാനേജർ ആൻഡ് ആർ റ്റി പി പ്രോഗ്രാം ലീഡായി ജോലി ചെയ്യുന്ന സോണിയ തിരക്കേറിയ ഔദ്യോഗിക ചുമതലകൾക്കിടയിലും കലാ സാഹിത്യ സാംസ്കാരിക മേഖലകളിലും നിറസാന്നിദ്ധ്യമാണ്. ബാർട്ട്സ് ഹെൽത്ത് ഹീറോ അവാർഡിന് മൂന്ന് തവണ നോമിനേറ്റ് ചെയ്യപ്പെട്ട സോണിയ 2025 മാർച്ചിൽ കവൻട്രിയിൽ വെച്ച് നടന്ന സാസ്സിബോൻഡ് ഇവൻറിൽ ഇൻസ് പിരേഷണൽ മദർ അവാർഡിന് അർഹയായി.
ഈസ്റ്റ് ലണ്ടൻ മലയാളി അസ്സോസ്സിയേഷൻ (ELMA 1) അംഗമായ സോണിയ 2024 യുക്മ നാഷണൽ കലാമേളയിൽ പ്രസംഗ മത്സരത്തിൽ രണ്ടാം സമ്മാനാർഹയായി. ക്നാനായ യൂണിറ്റ് വൈസ് പ്രസിഡൻറ്, വേദപാഠം ടീച്ചർ, ആങ്കർ, നാഷണൽ പ്രോഗ്രാം ജഡ്ജ്, കോർഡിനേറ്റർ എന്നിങ്ങനെ വിവിധ മേഖലകളിൽ തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള സോണിയ, ഭർത്താവ് ലൂബി മാത്യൂസ് (അഡ്വൈസർ, യു കെ കെ സി എ) മക്കൾ സ്കൂൾ വിദ്യാർത്ഥികളായ സാമന്ത ലൂബി മാത്യൂസ്, സ്റ്റീവ് ലൂബി മാത്യൂസ് എന്നിവരോടൊപ്പം ലണ്ടനിലാണ് താമസിക്കുന്നത്.
സോണിയ ലൂബിയുടെ അദ്ധ്യാപന, ട്രെയിനിംഗ് രംഗങ്ങളിലെ ദീർഘകാലത്തെ പരിചയവും സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രവർത്തനവും യുക്മ നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡ് എന്ന ഉത്തരവാദിത്വമേറിയ റോൾ മികച്ച രീതിയിൽ നിർവ്വഹിക്കുവാൻ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുക്മ ദേശീയ പ്രസിഡൻറ് അഡ്വ. എബി സെബാസ്റ്റ്യൻ പറഞ്ഞു.
click on malayalam character to switch languages