ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനെതിരെ കർശന നടപടിയുമായി ഇന്ത്യ. പാകിസ്താനുമായി പതിറ്റാണ്ടുകളായി തുടരുന്ന സിന്ധു നദീജല കരാർ അനിശ്ചിത കാലത്തേക്ക് റദ്ദാക്കുന്നതടക്കമുള്ളവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് സുരക്ഷ സമിതി യോഗത്തിലാണ് തീരുമാനമായത്.
പാകിസ്താൻ പൗരന്മാരുടെ സാർക്ക് വിസ റദ്ദാക്കുകയും 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ആവശ്യപ്പെടുകയും ചെയ്തു. അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഉടനടി അടച്ചുപൂട്ടും. ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈകമീഷനിലെ പ്രതിരോധ, സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കൾക്ക് ഇന്ത്യ വിടാൻ ഒരാഴ്ച സമയമനുവദിച്ചു.
ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമീഷനിൽനിന്ന് ഇന്ത്യ ഉപദേഷ്ടാക്കളെ പിൻവലിക്കും. ഈ തസ്തികകൾ റദ്ദാക്കപ്പെട്ടതായി കണക്കാക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. സൗദി അറേബ്യ സന്ദർശനം വെട്ടിച്ചുരുക്കിയശേഷം മോദി ബുധനാഴ്ച പുലർച്ചയാണ് മടങ്ങിയെത്തിയത്.
1960 സെപ്റ്റംബർ 19നാണ് പാകിസ്താനുമായി സിന്ധു നദീജല കരാർ ഒപ്പിട്ടത്. ഇന്ത്യയുടെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവും പാകിസ്താൻ പ്രസിഡന്റ് അയൂബ് ഖാനും തമ്മിലാണ് സിന്ധുനദീജല കരാർ ഒപ്പുവെച്ചത്. ലോകബാങ്ക് ഉടമ്പടി പ്രകാരം സിന്ധു നദീജല സംവിധാനത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടാണ് കരാർ.
1965, 1971, 1999 എന്നീ യുദ്ധ വർഷങ്ങളിൽ പോലും കരാർ തുടർന്നിരുന്നു. കരാർ റദ്ദാക്കുന്നത് പാകിസ്താന് തിരിച്ചടിയാകും. അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണക്കുന്നത് ഉപേക്ഷിക്കുന്നതു വരെയാണ് സിന്ധു നദീജല കരാർ റദ്ദാക്കുന്നത്.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സൗദി അറേബ്യൻ സന്ദർശനം വെട്ടിച്ചുരുക്കിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയത്. രണ്ടാം ദിവസം നിശ്ചയിച്ചിരുന്ന പരിപാടികളെല്ലാം റദ്ദാക്കിയ പ്രധാനമന്ത്രി ഡൽഹി പാലം വിമാനത്താവളത്തിൽ എത്തിയ ഉടൻ വിദേശ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരെത്തി ചർച്ച നടത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ബുധനാഴ്ച വൈകീട്ട് ആറ് മണിക്ക് തുടങ്ങിയ സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ യോഗം രാത്രി എട്ടരവരെ നീണ്ടു. ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ പങ്കെടുത്തു.
തെക്കൻ കശ്മീരിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ സഞ്ചാരികൾക്കുനേരെ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയിരുന്നു. 20 പേർക്കെങ്കിലും ഭീകരാക്രമണത്തിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
click on malayalam character to switch languages