1 GBP = 110.66
breaking news

അലക്സ് വർഗീസ് യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ…..ഷാജി തോമസ് സെക്രട്ടറി

അലക്സ് വർഗീസ് യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ…..ഷാജി തോമസ് സെക്രട്ടറി

കുര്യൻ ജോർജ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ

യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാനായി അലക്സ് വർഗ്ഗീസ്, സെക്രട്ടറിയായി ഷാജി തോമസ് എന്നിവരെ നിയോഗിച്ചതായി ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. യുക്മ പ്രസിഡൻറ് എബി സെബാസ്റ്റ്യൻ ചെയർമാനായ യുക്മ ചാരിറ്റി ഫൗണ്ടേഷൻ (UCF) പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ യുക്മയുടെ പോഷക സംഘടനയായി പ്രവർത്തിച്ചുവരുന്നു. യുകെയിലെ ഏറ്റവും വലിയ ചാരിറ്റി സംഘടനയായ യുക്മ ചാരിറ്റി ഫൗണ്ടേഷനിൽ യുക്മ ജനറൽ കൗൺസിലിൽ നിന്നുമുള്ള അംഗങ്ങളെയാണ് യുക്മ ദേശീയ സമിതി യോഗം ചേർന്ന് ട്രസ്റ്റിമാരായി തിരഞ്ഞെടുക്കുകയും തുടർന്ന് ഭാരവാഹികളെ തീരുമാനിക്കുകയും ചെയ്യുന്നത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.എബി സെബാസ്റ്റ്യൻ്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ ആദ്യ യോഗത്തിൽ വച്ചാണ് വൈസ് ചെയർമാൻ, സെക്രട്ടറി എന്നിവരെ ഐകകണ്ഡേന തീരുമാനിച്ചത്. ബർമിംങ്ഹാമിൽ ചേർന്ന യുക്മ ദേശീയ സമിതി യോഗം യുക്മയുടെ പ്രധാനപ്പെട്ട പോഷക സംഘടനാ നേതൃത്വങ്ങളിലും സംഘടനയിലെ പ്രധാനപ്പെട്ട തസ്തികകളിലേക്കുമുള്ള നിയമനങ്ങൾ അംഗീകരിച്ചിരുന്നു. യു കെ മലയാളി സമൂഹത്തിന് കൂടുതൽ പ്രയോജനകരമാകുന്ന വിധത്തിൽ യുക്മ ചാരിറ്റിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അലക്സ് വർഗ്ഗീസിൻറെയും ഷാജി തോമസിന്റെയും പരിചയ സമ്പത്ത് പ്രയോജനകരമാകുമെന്ന് ദേശീയ സമിതി വിലയിരുത്തി. എബി സെബാസ്റ്റ്യൻ, ജയകുമാർ നായർ, അലക്സ് വർഗീസ്, ഷാജി തോമസ്, മനോജ് കുമാർ പിള്ള, ഡോ.ബിജു പെരിങ്ങത്തറ, കുര്യൻ ജോർജ് എന്നിവരാണ് യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റിമാർ.

യുക്മ ചാരിറ്റി ബോർഡ് വൈസ് ചെയർമാൻ അലക്സ് വർഗ്ഗീസ്

യുക്മയുടെ സ്ഥാപന കാലഘട്ടം മുതൽ ഏറ്റവും കൂടുതൽ തവണ ദേശീയ കമ്മറ്റിയിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് അലക്സ് വർഗീസ്. യുക്മ ദേശീയ ജനറൽ സെക്രട്ടറി, യുക്മ നാഷണൽ കമ്മറ്റി അംഗം, രണ്ടുവട്ടം യുക്മ നാഷണൽ പി ആര്‍ ഒ & മീഡിയ കോർഡിനേറ്റർ, ദേശീയ ജോയിന്റ് ട്രഷറര്‍, ദേശീയ ജോയിന്റ് സെക്രട്ടറി, യുക്മ ന്യൂസ് മാനേജിംഗ് എഡിറ്റർ, യുക്മന്യൂസ് അസോസിയേറ്റ് എഡിറ്റർ, ദേശീയ ട്രഷറർ തുടങ്ങിയ വിവിധ ഉത്തരവാദിത്തങ്ങൾ സംഘടനക്ക് വേണ്ടി നിർവഹിച്ചിട്ടുള്ള അലക്സ് വിനയവും സൗമ്യതയും കൈമുതലാക്കിയ നേതാവാണ്. ഏത് പ്രതിസന്ധിയും അനായാസേന കൈകാര്യം ചെയ്യുന്നതിലുള്ള വൈദഗ്ദ്ധ്യമാണ് കൂടുതല്‍ ഉയര്‍ന്ന പദവികളിലേയ്ക്ക് അദ്ദേഹത്തെ എപ്പോഴും എത്തിക്കുന്നത്. മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷനിൽ (എം എം സി എ) രണ്ടു പ്രാവശ്യം പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ തുടങ്ങിയ ചുമതലകൾ കൂടി വഹിച്ച അലക്സ്, മാഞ്ചസ്റ്റര്‍ സെന്‍റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചിന്റെ ട്രസ്റ്റിയായും രണ്ടു ടേം പ്രവര്‍ത്തിച്ചിട്ടുണ്ട്.

അലക്സിന്റെ സംഘാടകപാടവത്തിന്റെ മകുടോദ്ദാഹരണമാണ് മാമ്മൻ ഫിലിപ്പ് നേതൃത്വം നൽകിയ ഭരണസമിതിയുടെ ഏറ്റവും അവസാന പരിപാടിയായി മാഞ്ചസ്റ്റര്‍ ഫോറം സെന്ററില്‍ സംഘടിപ്പിക്കപ്പെട്ട യുക്മ ദേശീയ കുടുംബ സംഗമം (യുക്മ ഫെസ്റ്റ്). മാഞ്ചസ്റ്ററിലെ മലയാളി സമൂഹം ഇന്നു വരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംഘടിപ്പിച്ച, അതിമനോഹരമായ ആ പരിപാടിയിലൂടെ യുക്മയുടെ ചരിത്രത്തിലെ ഏറ്റവും പ്രൗഢഗംഭീരമായ ചടങ്ങിനാണ് സംഘടന സാക്ഷ്യം വഹിച്ചത്.

മനോജ് കുമാർ പിള്ള പ്രസിഡൻ്റായ ദേശീയ സമിതി ആദ്യമായി മാഞ്ചസ്റ്റർ പാർസ് വുഡ് സ്കൂളിലെ ശ്രീദേവി നഗറിൽ വച്ച് 2019 -ൽ സംഘടിപ്പിച്ച ദേശീയ കലാമേള വൻ വിജയമാക്കുന്നതിന് പിന്നിൽ പ്രധാന ചുമതല വഹിച്ചത് ജനറൽ സെക്രട്ടറിയായിരുന്ന അലക്സ് വർഗീസാണ്. കേരളാ പോലീസ് ഉദ്യോഗസ്ഥനായിരുന്ന അലക്സ് പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിഥിൻഷോ ഹോസ്പിറ്റൽ ലംങ്ങ് ക്യാൻസർ ഡിപ്പാർട്ടൻ്റിലെ സ്പെഷ്യലിസ്റ്റ് നഴ്സാസായ ബെറ്റിമോൾ അലക്സ് ഭാര്യയാണ്. അനേഖ അലക്സ് (ബാങ്ക് ഓഫ് ന്യൂയോർക്ക്), കബഡി വേൾഡ് കപ്പിൽ വെയിൽസ് ടീമിനെ പ്രതിനിധീകരിച്ച അഭിഷേക് അലക്സ് (നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥി, ഹൾ – യോർക് മെഡിക്കൽ സ്കൂൾ), ഏഡ്രിയേൽ അലക്സ് (ഇയർ 8) എന്നിവർ മക്കളാണ്.

യുക്മ ചാരിറ്റി ബോർഡ് സെക്രട്ടറി ഷാജി തോമസ്

യുക്മ ചാരിറ്റി ബോർഡിന്റെ സെക്രട്ടറിയായി ഡോർസെറ്റിൽ നിന്നുള്ള ഷാജി തോമസിനെ യുക്മ ദേശീയ സമിതി നിയോഗിച്ചു. യുക്മയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന യുക്മ ചാരിറ്റി ട്രസ്റ്റി ബോർഡംഗമായ ഷാജി തോമസ് യുക്മയുടെ ആരംഭകാലം മുതൽ സംഘടനയുടെ സന്തത സഹചാരിയാണ്. യുക്മ ദേശീയ വൈസ് പ്രസിഡൻറ്, ദേശീയ ട്രഷറർ എന്നീ ചുമതലകൾ വഹിച്ചിട്ടുള്ള ഷാജി തോമസ് രണ്ട് തവണ ദേശീയ സമിതിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

യുക്മ ചാരിറ്റി ട്രസ്റ്റി ബോർഡംഗമാകുന്നതിന് മുൻപ് തന്നെ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും സഹകരിക്കുകയും ചെയ്തിട്ടുള്ള ഷാജി തോമസ് പുതിയ ചുമതല ഏറ്റെടുക്കുന്നത് ഏറെ താല്പര്യത്തോടെയാണ്. കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി യുക്മ മുണ്ടക്കയം കോരുത്തോട്ടിൽ പണി കഴിപ്പിച്ച വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ഷാജി തോമസായിരുന്നു. യുക്മ ദേശീയ സമിതി നിർദ്ദേശിച്ച സമയത്തിനുള്ളിൽ ആ പ്രോജക്ട് പൂർത്തിയാക്കുവാൻ അദ്ദേഹം കാണിച്ച ശുഷ്കാന്തി സ്തുത്യർഹമായിരുന്നു.

ഡോർസെറ്റ് കേരള കമ്മ്യൂണിറ്റിയുടെ സ്ഥാപക പ്രസിഡൻറായ ഷാജി തോമസ് മുണ്ടക്കയം സ്വദേശിയാണ്. എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കി ഹൈദരാബാദിൽ ജോലി ചെയ്തിരുന്ന ഷാജി തോമസ് 2006 ലാണ് യുകെയിലേക്ക് കുടിയേറിയത്. ഷാജി തോമസിൻറെ ഭാര്യ ആൻസി ഡെപ്യൂട്ടി ഹോം മാനേജരായി ഡോർസെറ്റിലെ നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്നു. മകൻ ഫെബിൻ എയറോനോട്ടിക്കൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കി മിനിസ്ട്രി ഓഫ് ഡിഫൻസിൽ ജോലി ചെയ്യുന്നു. ഫെബിൻ്റെ ഭാര്യ ഡിമ്പിൾ. മകൾ ഫേബ പഠനം പൂർത്തിയാക്കി ഹൈസ്കൂൾ ടീച്ചറായി ജോലി ചെയ്യുന്നു.

യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ പുതിയ ഭാരവാഹികളായി നിയമിതരായ അലക്സ് വർഗീസ്, ഷാജി തോമസ് എന്നിവരെ യുക്മ നാഷണൽ പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, മുൻ പ്രസിഡൻ്റുമാരായ മനോജ് കുമാർ പിള്ള, ഡോ.ബിജു പെരിങ്ങത്തറ, മുൻ ജനറൽ സെക്രട്ടറിയും നിലവിലെ പി ആർ ഒയുമായ കുര്യൻ ജോർജ് എന്നിവർ അഭിനന്ദിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more