സ്വിൻഡൻ: സ്വിൻഡനിൽ തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ യുവാവ് മരണമടഞ്ഞു. അരുൺ വിൻസെന്റെന്ന യുവാവാണ് വിടവാങ്ങിയത്. മുപ്പത്തിയേഴ് വയസ്സായിരുന്നു പ്രായം. രക്താർബുദത്തെത്തുടർന്നാണ് അരുണിന്റെ ആകസ്മിക വിയോഗം.
കഴിഞ്ഞ മൂന്ന് നാല് ദിവസമായി സ്വിൻഡനിലെ എൻഎച്ച്എസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അരുണിന്റെ വിയോഗം ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു. സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിൽ പോയിരുന്ന അരുൺ രണ്ടാഴ്ചകൾക്ക് മുൻപായിരുന്നു യുകെയിൽ തിരിച്ചെത്തിയത്. വളരെയേറെ ക്ഷീണം അനുഭവപ്പെട്ടതിനെത്തുടർന്നായിരുന്നു ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.
ഏറെ സ്വപ്നങ്ങളുമായി മൂന്ന് വർഷങ്ങൾക്ക് മുൻപ് മാത്രമായിരുന്നു അരുണും കുടുംബവും യുകെയിലെത്തിയത്. നേഴ്‌സായി ജോലി ചെയ്യുന്ന ഭാര്യ ലിയ അരുണിനും നാലും ആറും വയസ്സുള്ള മക്കളായ ആൻഡ്രിക്കിനും എറിക്കിനുമൊപ്പം യുകെയിലെത്തിയ അരുണിന്റെ വിയോഗം താങ്ങാനാവാതെയാണ് കുടുംബം. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുന്നതിനുള്ള ശ്രമത്തിലാണ് കുടുംബവും അടുത്ത സുഹൃത്തുക്കളും. വിൽറ്റ്‌ഷെയർ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജിജി സജിയുടെ നേതൃത്വത്തിൽ സ്വിൻഡനിലെ മലയാളി സമൂഹമൊന്നാകെ കുടുംബത്തിന് താങ്ങും തണലുമായുണ്ട്..
അരുൺ വിൻസെന്റിന്റെ ആകസ്മിക വിയോഗത്തിൽ യുക്മ ദേശീയ അധ്യക്ഷൻ ഡോ ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, ദേശീയ എക്സിക്യട്ടീവ് കമ്മിറ്റിയംഗം ടിറ്റോ തോമസ്, സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുജു ജോസഫ്, സെക്രെട്ടറി സുനിൽ ജോർജ്ജ്, ട്രഷറർ രാജേഷ് രാജ്, നേഴ്‌സസ് ഫോറം കോർഡിനേറ്റർ രാജേഷ് നടേപ്പിള്ളി, വിൽറ്റ്‌ഷെയർ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജിജി സജി, സെക്രട്ടറി ഷിബിൻ വർഗ്ഗീസ്, ട്രഷറർ കൃതിഷ് കൃഷ്‌ണൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി… കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കു ചേരുന്നു.
click on malayalam character to switch languages