പോർട്ടസ്‌മൗത്ത്: ഇന്നലെ യുകെ മലയാളികളെത്തേടിയെത്തിയത് രണ്ടു വിയോഗ വാർത്തകൾ. ലൂട്ടനിൽ താമസിക്കുന്ന വിവിയൻ ജേക്കബിന്റെയും പോർട്ടസ്‌മൗത്തിലെ ജിജിമോൻ ചെറിയാന്റെയും മരണങ്ങൾ വിശ്വസിക്കാനാവാതെ യുകെ മലയാളികൾ.
ചെറിയ പനിയിൽ തുടങ്ങി ന്യുമോണിയ ബാധിച്ചാണ് ലൂട്ടനിൽ വിവിയൻ ജേക്കബിന്റെ വിയോഗം. നേരത്തെ വിവിയന്റെ വിദ്യാർത്ഥിയായ മകൾ കെയ്‌നും ന്യുമോണിയ ബാധിച്ച് മരണത്തിന് കീഴടങ്ങിയിരുന്നു. രണ്ടു വർഷം മുൻപ് മരണമടഞ്ഞ മകളുടെ ഓർമ്മകൾപേറി ജീവിക്കുമ്പോഴാണ് വിവിയന്റെ ജീവനും വിധി കവർന്നെടുക്കുന്നത്. തൊടുപുഴ സ്വദേശിയായ വിവിയൻ ജേക്കബ് ലൂട്ടനിലെ ആദ്യകാല മലയാളികളിലൊരാളാണ്. നേരത്തെ ബ്രിട്ടീഷ് ആർമിയിൽ ജോലി ചെയ്തിരുന്ന വിവിയൻ വളരെക്കാലം നാട്ടിൽ സമയം ചിലവഴിച്ച ശേഷമാണ് വീണ്ടും യുകെയിലെത്തിയത്. സംസ്കാരച്ചടങ്ങുകൾ യുകെയിൽ നടത്തുവാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്.
അതേസമയം പോർട്ടസ്‌മൗത്ത് മലയാളികൾക്കിടയിൽ ഏറെ സുപരിചിതനായ ജിജി ചെറിയാന്റെ വിയോഗവാർത്തയുടെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ഈ വർഷം ആഗസ്റ്റിൽ നിശ്ചയിരിക്കുന്ന മകന്റെ വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ നടത്തി നാട്ടിൽ നിന്നും തിരികെ വരവേ വിമാനത്തിൽ വച്ചാണ് ജിജിമോൻ ചെറിയാന്റെ വിയോഗം. ദുബൈയിൽ നിന്നും ഗാറ്റ്വിക്കിലേക്ക് വരികയായിരുന്ന വിമാനത്തിൽ ലാൻഡ് ചെയ്യുന്നതിന് ഒരു മണിക്കൂർ മുമ്പേയാണ് മരണം സംഭവിച്ചത്. നെഞ്ചുവേദനയെത്തുടർന്ന് കുഴഞ്ഞു വീണു മരണം സംഭവിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകരായ സഹയാത്രികർ സിപിആർ നൽകിയെങ്കിലും ജീവൻ നിലനിറുത്താനായില്ല. ഭാര്യക്കൊപ്പമായിരുന്നു ജിജിമോൻ യാത്ര ചെയ്തിരുന്നത്. ജിജിമോന്റെ മൃതദേഹം വര്‍ത്തിങ് ആശുപത്രിയിലേക്ക് മാറ്റിയതോടെ അര്‍ദ്ധ രാത്രിയോടെ കുടുംബം പോര്‍ട്‌സമൗത്തിലേക്ക് മടങ്ങിയിരിക്കുകയാണ്.
വിവിയൻ ജേക്കബിന്റെയും ജിജിമോൻ ചെറിയന്റെയും ആകസ്മിക വേർപാടിൽ യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, പിആർഒ അലക്സ് വർഗ്ഗീസ്, ദേശീയ വക്താവ് എബി സെബാസ്റ്റ്യൻ, ലെയ്സൺ ഓഫീസർ മനോജ് പിള്ള, നാഷണൽ എക്‌സികൂട്ടീവ് കമ്മിറ്റിയംഗംങ്ങളായ ഷാജി തോമസ്, സണ്ണിമോൻ മത്തായി, റീജിയണൽ പ്രസിഡന്റുമാരായ സുരേന്ദ്രൻ ആരക്കോട്ട്, ജെയ്‌സൺ ചാക്കോച്ചൻ, സെക്രെട്ടറിമാരായ ജിപ്സൺ തോമസ്, ജോബിൻ ജോർജ്ജ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ വേദനയിൽ യുക്മ ന്യൂസും പങ്കുചേരുന്നു… ആദരാഞ്ജലികൾ…
click on malayalam character to switch languages