കാർഡിഫ് : മേയ് 3 ന് കാർഡിഫിന് അടുത്ത് വച്ച് നടന്ന കാർ അപകടത്തിൽ കാറിലുണ്ടായിരുന്ന നാല് പേരിൽ മൂന്ന് പേർക്ക് സാരമായ പരിക്ക് പറ്റുകയും അവരിൽ ഗുരുതരാവസ്ഥയിൽ കാർഡിഫ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ പരിചരണത്തിലായിരുന്ന ഹെൽന മരിയ ഇന്നലെ വൈകുന്നേരം , ജൂൺ 20ന് മരണത്തിന് കീഴടങ്ങിയ വാർത്ത അതീവ ദുഃഖത്തോടെയാണ് യുകെയിലെ ജനങ്ങൾ കേൾക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ഹെൽന വെൻ്റിലേറ്ററിൽ ജീവനുവേണ്ടി പോരാടുകയായിരുന്നു. ക്രിട്ടിക്കൽ സ്റ്റേജിൽ ആയിരിക്കുമ്പോൾ തന്നെ അവൾക്ക് എല്ലാ മതപരമായ ചടങ്ങുകളും നൽകി.
2024 ഏപ്രിലിൽ കാർഡിഫിനടുത്തുള്ള സൗത്ത് വെയിൽസ് സർവ്വകലാശാലയിൽ നഴ്സിംഗ് പഠിക്കാനാണ് ഹെൽന യുകെയിലെത്തിയത്. യുകെയിൽ വന്ന് ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ അപകടം നടന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ ബ്രേക്ക് ഡൌൺ ആയി നിയന്ത്രണം നഷ്ടപ്പെടുകയും ഭിത്തിയിൽ ഇടിക്കുകയുമാണുണ്ടായത്. മകളുടെ അപകട വാർത്ത അറിഞ്ഞ ഉടനെ തന്നെ ഒരാഴ്ചക്കുള്ളിൽ മാതാപിതാക്കൾ കേരളത്തിൽ നിന്നും യുകെയിൽ എത്തി. കഴിഞ്ഞ ഒന്നര മാസം മകളുടെ ആരോഗ്യസ്ഥിതി നന്നാകുവാനും ജീവിതത്തിലേക്ക് തിരിച്ചുവരുവാനും വേണ്ടി മാതാപിതാക്കൾ ഉപവാസവും പ്രാർത്ഥനയുമായി കഴിയുകയായിരുന്നു. മാതാപിതാക്കളോടും സഹോദരങ്ങളായ ദീപു, ദിനു എന്നിവരോടൊപ്പം കാർഡിഫിലെ കുറെ സുമനസുകൾ എപ്പോഴും കൂടെയുണ്ടായിരുന്നു.
ശ്രീ. സിബിച്ചൻ പാറത്താനത്തിൻ്റെയും (റിട്ടയേർഡ് എസ്ഐ, കേരള പോലീസ്) സിന്ധുവിൻ്റെയും മൂത്ത മകളായിരുന്നു ഹെൽന. അവർ മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ പാലാങ്കര പള്ളി ഇടവകയിൽ പെട്ടവരാണ്. യുകെയിലെ എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയ ശേഷം ഹെൽനയുടെ മൃതദേഹം അവളുടെ നാട്ടിലേക്ക് കൊണ്ടുപോകും. സൗത്ത് വെയിൽസിലെ മലയാളി സമൂഹം പ്രത്യേകിച്ച് കാർഡിഫ് മലയാളി അസോസിയേഷനും ബാരി മലയാളി വെൽഫെയർ അസോസിയേഷനും ഹെൽനയുടെ ആകസ്മിക വിയോഗത്തിൽ ദുഖിച്ചു കഴിയുന്ന കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. ഹെൽനയുടെ വേർപാടിൽ യുക്മ നാഷണൽ കമ്മിറ്റിയും അനുശോചനം അറിയിച്ചിരുന്നു. കഴിഞ്ഞ ഒന്നര മാസക്കാലം വളരെ ക്രിട്ടിക്കൽ അവസ്ഥയിൽ ആശുപത്രിയിൽ ആയിരുന്ന ഹെൽനയെ പരിചരിച്ച എല്ലാ ഹോസ്പിറ്റൽ സ്റ്റാഫിനെയും പ്രത്യേകിച്ച് എല്ലാ മലയാളി സ്റ്റാഫിനെയും നന്ദിയും സ്നേഹവും കുടുംബങ്ങൾ അറിയിച്ചിരുന്നു.
ഹെൽന മരിയയുടെ നിര്യാണത്തിൽ യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, ജോയിന്റ് സെക്രെട്ടറി പീറ്റർ താണോലിൽ, പിആർഒ അലക്സ് വര്ഗീസ്, യുക്മ പ്രതിനിധി ബെന്നി അഗസ്റ്റിൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു. ആദരാഞ്ജലികൾ…,
click on malayalam character to switch languages