അലക്സ് വർഗ്ഗീസ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
വാറിംഗ്ടൺ മലയാളി അസോസിയേഷൻ (WAMA) ആതിഥേയത്വം വഹിക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 22ന് വാറിംഗ്ടൺ വിക്ടോറിയ പാർക്ക് സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്നു. യുക്മ നോർത്ത് വെസ്റ്റ് റീജിയണിലെ അംഗ അസ്സോസ്സിയേഷനുകളിൽ നിന്നുള്ള കായികപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന കായികമേളയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്കും കാണികൾക്കും ദിവസം മുഴുവൻ രുചികരമായ ഭക്ഷണം വിതരണം ചെയ്യുന്നതിനായി ഔട്ട്ഡോർ കാറ്ററിംഗിന് ലൈസൻസുള്ളവരിൽ നിന്നും യുക്മ നോർത്ത് വെസ്റ്റ് കമ്മിറ്റി ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. വിക്ടോറിയ പാർക്കിലെ അതി വിശാലമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് നടക്കുന്ന മത്സരങ്ങൾക്കുള്ള വിപുലമായ തയ്യാറെടുപ്പുകളാണ് സംഘാടക സമിതി നടത്തുന്നത്. നോർത്ത് വെസ്റ്റിലെ ഏറ്റവും വലിയ കായിക വേദികളിൽ ഒന്നായ വിക്ടോറിയ പാർക്ക് സ്റ്റേഡിയത്തിൽ കായികപ്രേമികളുടെ വലിയ പങ്കാളിത്തമാണ് സംഘാടകർ ഈ വർഷം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷത്തെ കായിക മത്സരത്തിൽ നിന്നും ലഭിച്ച ഊർജ്ജം ഉൾക്കൊണ്ടുകൊണ്ടാണ് ഇപ്രാവശ്യം അംഗ അസോസിയേഷനുകൾ തയ്യാറെടുപ്പുകൾ നടത്തി വരുന്നത്. രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകിട്ട് 5 മണിയോടെ അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമപ്പെടുത്തിയിരിക്കുന്നത്.
നോർത്ത് വെസ്റ്റ് റീജിയണിലെ മുഴുവൻ അംഗ അസോസിയേഷനുകൾക്കും തങ്ങളുടെ ടീമിനെ പങ്കെടുപ്പിക്കാൻ പറ്റുന്ന ഏറ്റവും വാശിയേറിയ വടംവലി മത്സരവും ഉണ്ടായിരിക്കുന്നതാണ് എന്ന് സംഘാടകർ അറിയിക്കുകയുണ്ടായി.
ഭക്ഷണ വിതരണത്തിനുള്ള
ക്വൊട്ടേഷനുകൾ നൽകേണ്ട അവസാന തീയതി ഏപ്രിൽ 30. കാറ്ററിങ്ങും ആയി ബന്ധപ്പെട്ട വിവരങ്ങൾക്ക് യുക്മ റീജിയണൽ ട്രഷറർ ബിജു മൈക്കിളിനെ ബന്ധപ്പെടാവുന്നതാണ് – 07446893614.
മത്സരങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് യുക്മ റീജിയണൽ സ്‌പോർട്സ് കോർഡിനേറ്റർ തങ്കച്ചൻ എബ്രഹാമിനെ ബന്ധപ്പെടാവുന്നതാണ് – 07883022378.
റീജിയണൽ കായികമേളയിൽ വിജയികളാകുന്നവർക്ക് ജൂൺ 29ന് സട്ടൻ കോൾഫീൽഡിൽ വച്ച് നടക്കുന്ന യുക്മ ദേശീയ കായികമേളയിൽ പങ്കെടുക്കുവാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ഒരു വൻവിജയമാക്കി തീർക്കുന്നതിന് റീജിയണിലെ മുഴുവൻ കായികപ്രേമികളുടെയും പിന്തുണ ഉണ്ടാകണമെന്ന് യുക്മ റീജിയണൽ പ്രസിഡൻറ് ബിജു പീറ്റർ, ദേശീയ സമിതിയംഗം അഡ്വ.ജാക്സൺ തോമസ്, റീജിയണൽ സെക്രട്ടറി ബെന്നി ജോസഫ് എന്നിവർ അഭ്യർത്ഥിച്ചു.
click on malayalam character to switch languages