യുക്മയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ മത്സരാർത്ഥികൾ പങ്കെടുത്തതും വാശിയേറിയതും ദീർഘവുമായ മത്സരങ്ങൾക്ക് സാക്ഷിയായ പതിനാലാമതു യുക്മ ദേശീയകലാമേളയുടെ ഫലപ്രഖ്യാപനം പൂർത്തിയായപ്പോൾ അഭിമാനിക്കാവുന്ന നേട്ടവുമായി യോർക്ഷയർ ആൻഡ് ഹംബർ റീജിയൻ.
148 പോയിന്റുമായി റീജിയൻ തലത്തിൽ രണ്ടാംസ്ഥാനം ലഭിച്ചപ്പോൾ 72 പോയിന്റുമായി അസ്സോസ്സിയേഷൻ തലത്തിൽ രണ്ടാം സ്ഥാനം നേടി റീജിയണിലെ ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷനും 71 പോയിന്റുമായി അസ്സോസ്സിയേഷൻ തലത്തിൽ മൂന്നാം സ്ഥാനം നേടിക്കൊണ്ട് റീജിയണിലെ ഈസ്റ്റ് യോർക്കഷയർ കൾച്ചറൽ ഓർഗനൈസേഷനും അതെ അസോസിയേഷനിലെ ഇവാ മരിയ കുര്യാക്കോസ് നാട്യമയൂരം, ജൂനിയർ ഗ്രൂപ്പ് ചാപ്യൻ സ്ഥാനവും നേടിക്കൊണ്ട് അഭിമാനകരമായ നേട്ടം കൈവരിച്ചു.
നേട്ടങ്ങൾ കൊയ്തെടുത്ത റീജിയണിലെ എല്ലാ അംഗങ്ങളെയും അഭിനന്ദിക്കുന്നതായി റീജിയണൽ കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റ് വർഗീസ് ഡാനിയേൽ അറിയിച്ചു. കലാമേള വൻ വിജയമാക്കി തീർത്ത ഡോ. ബിജു പെരിങ്ങത്തറ നേതൃത്വം കൊടുക്കുന്ന നാഷണൽ കമ്മറ്റിക്കും എല്ലാ നാഷണൽ റീജണൽ ഭാരവാഹികൾക്കും കൃതജ്ഞത അർപ്പിക്കുന്നതായും റീജിയണൽ കമ്മറ്റി അറിയിച്ചു.
മാസങ്ങൾ നീണ്ട പരിശീലങ്ങൾക്ക് അർഹമായ പ്രാധാന്യം ലഭിച്ച സന്തോഷത്തിലാണ് റീജിയണിലെ എല്ലാ അംഗങ്ങളും. ഫലപ്രഖ്യാപനം വൈകിയതിൽ വളരെ വിഷമത്തിലായിരുന്നു എങ്കിലും മൂന്നുമണിയോടെ ഫലപ്രഖ്യാപനം ഉണ്ടാകും എന്ന വാർത്ത വന്നപ്പോൾ തന്നെ ഗൂഗിൾ മീറ്റ് വഴിയും വാട്സാപ്പ്ഗ്രൂപ് വീഡിയോ കാൾ വഴിയും റീജിയണിലെ അംഗങ്ങൾ ഒരുമിച്ചുകൂടി. രാവിലെ മൂന്നുമണിമുതൽ ഉച്ചക്ക് മൂന്നുമണിവരെയുള്ള പന്ത്രണ്ടു മണിക്കൂർ സമയങ്ങളിൽ ശോകമൂകമായ മുഖങ്ങൾ മൂന്നരയോടെ സന്തോഷകൊടുമുടിയിൽ കയറുന്ന കാഴ്ചക്ക് തുടക്കമായി……. ഫലപ്രഖ്യാപനം കഴിഞ്ഞപ്പോൾ മുതൽ രാത്രിവൈകിവരെയും നിലക്കാത്ത ഫോൺകോളുകൾ…..
ഷെഫീൽഡ് കേരള കൾച്ചറൽ അസ്സോസ്സിയേഷൻ പ്രസിഡന്റ് ആനിപാലിയതും കമ്മറ്റി അംഗങ്ങളും, അസോസിയേഷനിൽ നിന്നും റീജിയൻ തലത്തിലും നാഷണൽ തലത്തിലും വിജയികളായവരെ അനുമോദിക്കാൻ ഈ വെള്ളിയാഴ്ച വൈകിട്ട് അനുമോദന സമ്മേളനം നടത്തുന്നതായി അറിയിച്ചു. ഈസ്റ്റ് യോർക്ഷയർ കൾച്ചർ ഓർഗനൈസേഷനും പങ്കെടുത്ത എല്ലാ അംഗങ്ങളെയും അനുമോദിക്കുന്നതിനായി ഏറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ അനുമോദന സമ്മേളനം നടത്തുമെന്ന് പ്രസിഡന്റ് ഡോ. ദീപ കുര്യാക്കോസ് അറിയിച്ചു.
വേദിയിൽ നിന്ന് ട്രോഫി വാങ്ങാൻ കഴിഞ്ഞില്ല എന്ന ചെറിയ സങ്കടം ഒഴിച്ചാൽ ബാക്കിയെല്ലാം അടിപൊളി……..
click on malayalam character to switch languages