ലണ്ടൻ: യുദ്ധത്തെത്തുടർന്ന് ഇസ്രായേലിൽ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്മാരെ തിരികെയെത്തിക്കാൻ യുകെ വിമാനങ്ങൾ ക്രമീകരിക്കുന്നതായി വിദേശകാര്യ ഓഫീസ് അറിയിച്ചു. ആദ്യ വിമാനം വരുന്ന വ്യാഴാഴ്ച ടെൽ അവീവിൽ നിന്ന് പുറപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.സുരക്ഷയ്ക്ക് വിധേയമായി വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
ബ്രിട്ടനിലേക്ക് തിരികെയെത്താൻ യോഗ്യരായവരെ നേരിട്ട് ബന്ധപ്പെടും, അധികൃതരിൽ നിന്ന് അറിയിപ്പ് ലഭിക്കാതെ ബ്രിട്ടീഷ് പൗരന്മാർ വിമാനത്താവളങ്ങളിൽ പോകരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ബ്രിട്ടീഷ് പൗരന്മാരെ സഹായിക്കാൻ നയതന്ത്രജ്ഞരുടെ ഒരു സംഘത്തെ ഇസ്രായേലിലേക്ക് അയച്ചിട്ടുണ്ട്. വിമാനങൾ എത്രയും വേഗം ലഭ്യമാക്കി മുന്നോട്ട് പോകുമെന്ന് ഉറപ്പാക്കാൻ പ്രവർത്തിക്കുകയാണെന്ന് വിദേശകാര്യ ഓഫീസ് അറിയിച്ചു.
വാണിജ്യ റൂട്ടുകൾ ഇപ്പോഴും ലഭ്യമായതിനാൽ പലായനം ചെയ്യാനുള്ള വിമാനങ്ങൾ ക്രമീകരിക്കില്ലെന്ന് യുകെ സർക്കാർ ഈ ആഴ്ച ആദ്യം അറിയിച്ചിരുന്നു. എന്നാൽ ബ്രിട്ടീഷ് എയർവേയ്സ്, വിർജിൻ അറ്റ്ലാന്റിക്, ഈസിജെറ്റ്, റയാൻ എയർ, വിസ് എയർ, എയർ ഫ്രാൻസ്, ലുഫ്താൻസ, എമിറേറ്റ്സ് എന്നിവയെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേലിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. ഇതിനെത്തുടർന്നാണ് വിമാനങ്ങൾ ഒരുക്കാൻ സർക്കാർ നിർബന്ധിതമായത്.
സർക്കാർ ക്രമീകരിച്ച വിമാനങ്ങൾ വിദേശകാര്യ ഓഫീസ് ചാർട്ടേഡ് ചെയ്യുമെങ്കിലും വാണിജ്യ സർവീസുകളായാണ് നടത്തുക. ഓരോ യാത്രക്കാരനിൽ നിന്നും 300 പൗണ്ട് വീതം ഈടാക്കും. ഇരട്ട പൗരത്വം ഉൾപ്പെടെയുള്ള ബ്രിട്ടീഷ് പൗരന്മാർക്കും ആശ്രിതർക്കും വിമാനങ്ങളിൽ തിരികെ വരാൻ അവസരമുണ്ടാകുമെന്ന് ഒരു പ്രസ്താവനയിൽ പറയുന്നു. ആദ്യ വിമാനത്തിനുള്ള എല്ലാ സീറ്റുകളും ഇതിനകം തന്നെ അനുവദിച്ചതായി ടെൽ അവീവിലെ ബെൻ ഗുറിയോൺ എയർപോർട്ടിലെ ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നവരെ വിശദവിവരങ്ങൾ ടെക്സ്റ്റ് മെസേജ് വഴി അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
click on malayalam character to switch languages