1 GBP = 113.59
breaking news

സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്ക് ഒക്ടോബർ 26ന് ഓക്സ്ഫോർഡിൽ തിരി തെളിയും

സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്ക് ഒക്ടോബർ 26ന് ഓക്സ്ഫോർഡിൽ തിരി തെളിയും

ഓക്സ്ഫോർഡ്: യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളക്ക് ഒക്ടോബർ 26ന് ഓക്സ്ഫോർഡിൽ തിരി തെളിയും. കഴിഞ്ഞ രണ്ടു തവണയും ആതിഥേയരായ ഓക്സ്ഫോർഡ് മലയാളി സമാജം(ഓക്സ്മാസ്) തന്നെയാണ് ഇക്കുറിയും കലാമേളയ്ക്ക് അവസരമൊരുക്കുകയെന്ന് പ്രസിഡൻറ്‌ ഡോ. ബിജു പെരിങ്ങത്തറ അറിയിച്ചു. കലാമേളയുടെ പൂർണ്ണ വിവരങ്ങൾ ഇതിനകം തന്നെ അംഗ അസ്സോസിയേഷനുകൾക്ക് ഭാരവാഹികൾ വഴി നല്കിക്കഴിഞ്ഞു. ആവേശകരമായ പിന്തുണയും സഹകരണവുമാണ് അംഗ സംഘടനകളിൽ നിന്ന് ലഭിക്കുന്നതെന്നും സെക്രട്ടറി എം പി പദ്മരാജ് അറിയിച്ചു.

ഓക്സ്ഫോർഡിലെ സൗകര്യപ്രദമായ ബിസ്റ്ററിലെ ദി ബിസ്റ്റർ സ്‌കൂളിലാണ് കലാമേളയ്ക്ക് വേദിയൊരുങ്ങുക. നാല് വേദികളിലായി ഒരുങ്ങുന്ന കലാമേള രാവിലെ ഒമ്പതര മണിയോടെ തന്നെ സമാരഭിക്കും. പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയിൽ ആരംഭിക്കുന്ന ഉത്‌ഘാടന സമ്മേളനത്തിൽ സൗത്ത് വെസ്റ്റ് റീജിയണിൽ നിന്നുള്ള യുക്മ നാഷണൽ ജോയിന്റ് ട്രഷറർ ടിറ്റോ തോമസ് അടക്കമുള്ള ദേശീയ ഭാരവാഹികളും റീജിയണൽ ഭാരവാഹികളും പങ്കെടുക്കും. ഇക്കുറിയും സമയബന്ധിതമായി പരിപാടികൾ നടത്തി തീർക്കുന്നതിന് സമയക്രമങ്ങൾ പാലിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഇതിനകം തന്നെ നൽകിക്കഴിഞ്ഞു. പരിപാടികൾക്ക് പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തിയതി ഒക്ടോബർ 23 ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ അവസാനിക്കും. കഴിഞ്ഞ വര്ഷത്തെപ്പോലെ തന്നെ ഓൺലൈൻ രജിസ്‌ട്രേഷൻ സൗകര്യമാണ് ഇക്കുറിയും നടത്തേണ്ടത്. ഇതിനായുള്ള വെബ്സൈറ്റ് അഡ്രസ്സും, ലോഗ് ചെയ്യാനുള്ള യൂസർ നെയിം, പാസ്വേർഡ് എന്നിവ അതാതു അംഗ അസോസിയേഷനുകളുടെ പ്രസിഡന്റ് / സെക്രട്ടറി എന്നിവർക്ക് ഇമെയിൽ ചെയ്യുന്നതായിരിക്കും. വ്യക്തിഗത ഇനങ്ങൾക്ക് മൂന്ന് പൗണ്ടും ഗ്രൂപ്പിനങ്ങൾക്ക് ഒരു ഗ്രൂപ്പിന് പന്ത്രണ്ട് പൗണ്ടുമാണ് രജിസ്‌ട്രേഷൻ ഫീസ്.

വിശാലമായ കാർ പാർക്കിംഗ് സൗകര്യമുള്ള ബിസ്റ്റർ സ്‌കൂളിൽ മിതമായ നിരക്കിൽ കേരളീയ വിഭവങ്ങളടങ്ങിയ ഭക്ഷണശാലയും സംഘാടകർ ഒരുക്കിയിട്ടുണ്ട്. നൂറുകണക്കിന് കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന മത്സരങ്ങൾ വിവിധ വേദികളിൽ അരങ്ങേറിക്കൊണ്ട് സമയബന്ധിതമായി പൂർത്തീകരിക്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. മത്സരങ്ങൾക്കൊടുവിൽ സംഘടിപ്പിക്കുന്ന സമാപന ചടങ്ങിൽ വെച്ച് വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും മെഡലുകളും ട്രോഫികളും സമ്മാനിക്കുന്നതായിരിക്കും. അക്ഷരമുറ്റമായ ഓക്സ്ഫോർഡിലേക്ക് എല്ലാ കലാകാരന്മാരെയും കലാപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി ഓക്സ്മാസ് പ്രസിഡന്റ് ജയകൃഷ്ണൻ ബാലകൃഷ്‌ണൻ നായർ, സെക്രട്ടറി വർഗീസ് ചെറിയാൻ എന്നിവർ അറിയിച്ചു.

കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ ഇക്കുറിയും റീജിയണിലെ പ്രമുഖ അസ്സോസിയേഷനായ ഓക്സ്മാസ് മുന്നോട്ട് വന്നത് സ്വാഗതാർഹമാണെന്ന് സൗത്ത് വെസ്റ്റ് എക്സിക്യു്ട്ടീവ് കമ്മിറ്റി വിലയിരുത്തി. 26ന് നടക്കുന്ന കലാമേളയ്ക്ക് മുന്നോടിയായി ഒക്ടോബർ 20 ഞായറാഴ്ച മൂന്ന് മണിക്ക് ഓക്സ്ഫോർഡിലെ ഹെഡിങ്ങ്ടണിലുള്ള ചെനീയ് സ്‌കൂളിൽ കലാമേളയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി സൗത്ത് വെസ്റ്റ് എക്സിക്യു്ട്ടീവ് കമ്മിറ്റി അംഗങ്ങളും ഓക്സ്മാസ് എക്സിക്യു്ട്ടീവ് കമ്മിറ്റി അംഗങ്ങളും, യുക്മ ദേശീയ ഭാരവാഹികളും ചേർന്നുള്ള യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.

കലാമേളയുടെ വിജയത്തിനായി ഏവരുടെയും പൂർണ്ണ പിന്തുണ അഭ്യർത്ഥിക്കുന്നതായി എക്സിക്യു്ട്ടീവ് കമ്മിറ്റി അറിയിച്ചു.

യുക്മ കലാമേള ഇ മാനുവൽ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യാം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more