എം പി പദ്മരാജ്
ആൻഡോവർ: ഇക്കഴിഞ്ഞ ശനിയാഴ്ച ജൂൺ എട്ടിന് ആൻഡോവറിൽ നടന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ വിൽറ്റ്‌ഷെയർ മലയാളി അസോസിയേഷന് കിരീടം. യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റും അസോസിയേഷൻ പ്രസിഡന്റുമായ ജിജി വിക്ടറുടെ നേതൃത്വത്തിലെത്തിയ ഡബ്ല്യൂ എം എ സംഘമാണ് 119 പോയിന്റ് നേടി സൗത്ത് വെസ്റ്റ് റീജിയനിൽ ഇക്കുറി ചാമ്പ്യന്മാരായത്. തൊട്ടു പിന്നിലായി ഒരു പോയിന്റ് വ്യത്യാസത്തിൽ 118 പോയിന്റ് നേടി പ്രസിഡന്റ് രാജേഷ് ബേബിയുടെ നേതൃത്വത്തിലെത്തിയ ബേസിംഗ്സ്റ്റോക് മലയാളി കൾച്ചറൽ അസ്സോസിയേഷൻ കായികമേളയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സാലിസ്ബറി മലയാളി അസോസിയേഷൻ 91 പോയിന്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പതിവിൽക്കവിഞ്ഞെത്തിയ മത്സരാർത്ഥികളുടെ ബാഹുല്യമായിരുന്നു ഇക്കുറി സൗത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ കണ്ടത്.രാവിലെ ഒമ്പതര മണിയോടെ ആരംഭിച്ച രജിസ്ട്രേഷന് ശേഷം പത്ത് മണിയോടെ കായികതാരങ്ങൾ പങ്കെടുത്ത മാർച്ച് പാസ്റ്റ് ആരംഭം കുറിച്ചു. സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ നയിച്ച മാർച്ച് പാസ്റ്റിൽ വിവിധ അസോസിയേഷനുകളിൽ നിന്നായി നിരവധി കായികതാരങ്ങളാണ് പങ്കെടുത്തത്.

കായിക മത്സരങ്ങൾക്ക് മുൻപായി നടന്ന ഉത്‌ഘാടന ചടങ്ങുകൾ ആരംഭിച്ചത് സ്വിൻഡനിൽ മരണമടഞ്ഞ മിറിയം സ്റ്റീഫന് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് മുൻ നാഷണൽ സെക്രട്ടറി സജീഷ് ടോം അവതരിപ്പിച്ച അനുസ്മരണ സന്ദേശത്തോടെയായിരുന്നു. സെക്രട്ടറി എം പി പദ്മരാജ് സ്വാഗതം ആശംസിച്ച യോഗത്തിൽ റീജിയണൽ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ അധ്യക്ഷത വഹിച്ചു. യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള സൗത്ത് വെസ്റ്റ് റീജിയണൽ കായികമേള ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്ത് സംസാരിച്ചു. കായികതാരങ്ങൾക്ക് വിജയാശംസകൾ നേർന്ന അദ്ദേഹം യുക്മയെ തകർക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങൾ വൃഥാവിലെന്ന് ഓർമ്മിപ്പിച്ചു. യുക്മ ദേശീയ കായികമേള ജനറൽ കൺവീനറും യുക്മ ദേശീയ ജോയിന്റ് ട്രഷററുമായ ടിറ്റോ തോമസ്, ആതിഥേയരായ ആൻഡോവർ മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് ജിനി വർക്കി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

തുടർന്ന് വിവിധ വിഭാഗങ്ങളിലായി വാശിയേറിയ മത്സരങ്ങളായിരുന്നു അരങ്ങേറിയത്. കിഡ്സിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷന്റെ ദിയ ജ്യോതിഷ് 11 പോയിന്റുമായി വ്യക്തിഗത ചാമ്പ്യനായപ്പോൾ ആൺകുട്ടികളുടെ വിഭാഗത്തിൽ വിൽറ്റ്ഷെയർ മലയാളി അസോസിയേഷന്റെ മാക്സ് പ്രിൻസ് 9 പോയിന്റ് നേടിയും ബേസിംഗ്സ്റ്റോക് മലയാളി കൾച്ചറൽ അസോസിയേഷൻ അംഗം ജോനാ ജോസ് 9 പോയിന്റ് നേടിയും ചാമ്പ്യൻ പട്ടം പങ്കിട്ടെടുത്തു. സബ് ജൂനിയർ വിഭാഗത്തിൽ ഓക്‌സ്മാസിന്റെ അഞ്ജലി റെജിയും(11 പോയിന്റ്) വിൽറ്റ്‌ഷെയർ മലയാളി അസോസിയേഷന്റെ മാർക്ക് പ്രിൻസും(13 പോയിന്റ്) നേടി വ്യക്തിഗത ചാമ്പ്യന്മാരായി.

ജൂനിയർ വിഭാഗത്തിൽ ആൻഡോവർ മലയാളി അസോസിയേഷന്റെ അനു റോയ്(15.5 പോയിന്റ്) ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷന്റെ ആദിത്യ ശ്രീകുമാർ (13പോയിന്റ്) എന്നിവരും സീനിയർ വിഭാഗത്തിൽ സാലിസ്ബറി മലയാളി അസോസിയേഷന്റെ സോനാ ജോസും(13 പോയിന്റ്) ബേസിംഗ്സ്റ്റോക് മലയാളി കൾച്ചറൽ അസോസിയേഷന്റെ ജെയിംസ് പീറ്റർ(16 പോയിന്റ്) എന്നിവരും വ്യക്തിഗത ചാമ്പ്യന്മാരായി. അഡൽറ്റ്സ് വിഭാഗത്തിൽ സാലിസ്ബറി മലയാളി അസോസിയേഷന്റെ രമ്യ ജിബി പതിനാറ് പോയിന്റ് നേടിയപ്പോൾ ബേസിംഗ്സ്റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷന്റെ ജോബി തോമസും(16 പോയിന്റ്) ചാമ്പ്യന്മാരായി. സീനിയർ അഡൽറ്റ്സ് വിഭാഗത്തിൽ വിൽറ്റ്ഷെയർ മലയാളി അസോസിയേഷന്റെ ബിന്ദു പ്രിൻസ്(15 പോയിന്റ്) ഫീമെയിൽ വിഭാഗത്തിൽ വിൽറ്റ്ഷെയർ മലയാളി അസോസിയേഷന്റെ തന്നെ ജിബു ജോർജ്ജ് അബ്രഹാം(15 പോയിന്റ്) മെയിൽ വിഭാഗത്തിലും ചാമ്പ്യന്മാരായപ്പോൾ സൂപ്പർ സീനിയർ വിഭാഗത്തിൽ ബേസിംഗ്സ്റ്റോക് മലയാളി കൾച്ചറൽ അസോസിയേഷന്റെ ജോണി ജോസഫ്(13 പോയിന്റ്) വ്യക്തിഗത ചാമ്പ്യനായി.

ആതിഥേയ അസ്സോസിയേഷനായ ആൻഡോവർ മലയാളി അസോസിയേഷൻ പ്രവർത്തകരായ റീജിയണൽ സ്പോർട്സ് കോർഡിനേറ്റർ എബിൻ ഏലിയാസ്, എ എം എ പ്രസിഡന്റ് ജിനി വർക്കി, സെക്രട്ടറി സൂരജ്, ട്രഷറർ ജോർജ്ജ്, രക്ഷാധികാരി ജോസഫ്, സ്പോർട്ട്സ് കോർഡിനേറ്റർ റോയ്, എക്സിക്യു്ട്ടീവ് അംഗം കോശിയ ജോസ് തുടങ്ങിവർ മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് സൗകര്യങ്ങളൊരുക്കി.

സൗത്ത് വെസ്റ്റ് റീജിയണൽ സെക്രട്ടറി എം പി പദ്മരാജ്, ട്രഷറർ ജോ സേവ്യർ, വൈസ് പ്രസിഡന്റ് ജിജി വിക്ടർ, ജോയിന്റ് സെക്രട്ടറി ജോബി തോമസ് ,ജോയിന്റ് ട്രഷറർ ജിജി മാത്യു , ചാരിറ്റി കോർഡിനേറ്റർ ഉമ്മച്ചൻ തുടങ്ങിയവർ മത്സരങ്ങളുടെ നടത്തിപ്പിന് നേതൃത്വം നൽകി. റീജിയണൽ വൈസ് പ്രസിഡന്റ് ബെറ്റി തോമസ്, സുജു ജോസഫ് തുടങ്ങിയവർ ബാക്ക് ഓഫീസ് നിയന്ത്രണം നിർവഹിച്ചു. ആദ്യമായി പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിൽ ഒരുക്കിയ കായികമേളയുടെ വിജയത്തിന് ജോസ് പി എം രൂപപ്പെടുത്തിയ സോഫ്റ്റ്വെയർ ഏറെ സഹായകരമായിരുന്നു. കായികമേളയ്‌ക്കെത്തിയ അംഗ സംഘടനകൾക്കും കായികതാരങ്ങൾക്കും റീജിയണൽ പ്രസിഡന്റ് നന്ദി പറഞ്ഞതോടെ കായികമേളക്ക് തിരശീല വീണു.





















click on malayalam character to switch languages