കോവിഡ്-19: ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ ക്രിസ്മസ് നിയമങ്ങൾ കർശനമാക്കി
Dec 20, 2020
സുരേന്ദ്രൻ ആരക്കോട്ട് (ന്യൂസ് എഡിറ്റർ)
ക്രിസ്മസ് വേളയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ നേരത്തെ സർക്കാർ എടുത്തിരുന്ന തീരുമാനം തെക്ക്-കിഴക്കൻ ഇംഗ്ലണ്ടിന്റെ ഒട്ടു മിക്ക ഭാഗങ്ങളിൽ നിന്ന് ഒഴിവാക്കുകയും സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ ക്രിസ്മസ് ദിനമായി വെട്ടിക്കുറയ്ക്കുകയും ചെയ്തു.
ഇന്ന് മുതൽ ലണ്ടൻ, കെന്റ്, എസെക്സ്, ബെഡ്ഫോർഡ്ഷയർ എന്നി പ്രവിശ്യകളിൽ പുതിയ ടിയർ-4 നിയന്ത്രണങ്ങൾ നിലവിൽ വരും.
ടിയർ-4 നിയന്ത്രണങ്ങൾ ഉള്ള പ്രവിശ്യകളിൽ ഉള്ളവർക്ക് വീടിനകത്ത് ആരുമായും കൂട്ടുകൂടാൻ ആകില്ല.
ഇംഗ്ലണ്ടിലെ മേൽ പറഞ്ഞ പ്രവിശ്യകളിൽ അല്ലാതെയുള്ള ഇടങ്ങളിലും, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലും ക്രിസ്മസ് ദിനത്തിൽ മാത്രം വീടിനകത്ത് കൂട്ടുകൂടാൻ അനുവാദമുണ്ട്.
പുതിയ കൊറോണ വൈറസ് വകഭേദം കൂടുതൽ വേഗത്തിൽ പടരുന്നുവെന്ന് ശാസ്ത്രജ്ഞർ അറിയിച്ചതിനെത്തുടർന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഈ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.
കെന്റ്, ബക്കിംഗ്ഹാംഷെയർ, ബെർക്‌ഷയർ, സർറെ (വേവർലി ഒഴികെ), ഗോസ്പോർട്ട്, ഹവന്ത്, പോർട്ട്‌സ്‌മൗത് , റോതർ, ഹേസ്റ്റിംഗ്സ് എന്നിവ ഉൾപ്പെടുന്ന പ്രദേശങ്ങൾക്ക് ടിയർ-4 നിയന്ത്രണങ്ങൾ ബാധകമാണ്. ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ ദേശീയ ലോക്ക്ഡൗണിനു സമാനമായ ഈ നിയന്ത്രണങ്ങൾ നിലവിൽ ടിയർ-3 ഉള്ള എല്ലാ മേഖലകളിലും ബാധകമാണ്.
ലണ്ടനിലും (എല്ലാ 32 ബറോകളും ലണ്ടൻ നഗരവും) ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടിലും (ബെഡ്ഫോർഡ്, സെൻട്രൽ ബെഡ്ഫോർഡ്, മിൽട്ടൺ കീൻസ്, ല്യൂട്ടൺ, പീറ്റർബറോ, ഹെർട്ട്ഫോർഡ്ഷയർ, എസെക്സ് (കോൾചെസ്റ്റർ, അറ്റ്‌സ്ഫോർഡ്, ടെൻഡ്രിംഗ് എന്നിവ ഒഴികെ) ഇത് ബാധകമാകും.
സ്‌കോട്ട്‌ലൻഡിൽ, ക്രിസ്മസ് ദിനത്തിൽ മാത്രമേ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയുള്ളൂ. ബോക്‌സിംഗ് ദിന൦ മുതൽ സ്‌കോട്ട്‌ലൻഡിലും കർശന നിയന്ത്രണങ്ങൾ ബാധകമാകും.
ക്രിസ്മസ് ഉത്സവ കാലയളവിൽ യുകെയുടെ പല ഭാഗങ്ങളിലേക്കു൦ യാത്ര നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും.
വെയിൽസിൽ ഇന്ന് പുലർച്ചെ മുതൽ ലോക്ക്ഡൌൺ നിലവിൽ വന്നുവെന്നു വെയിൽസിലെ പ്രഥമ മന്ത്രി മാർക്ക് ഡ്രേക്ക്ഫോർഡ് പ്രഖ്യാപിച്ചു.
വടക്കൻ അയർലണ്ടിൽ, ക്രിസ്മസ് നിയന്ത്രണങ്ങളിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഒരു വീട്ടിൽ മൂന്ന് കുടുംബങ്ങൾക്ക് വരെ ഒത്തുചേരാൻ ഡിസംബർ 23 മുതൽ 27 വരെ അനുവാദമുണ്ട്. ഡിസംബർ 26 മുതൽ വടക്കൻ അയർലണ്ടിൽ ആറ് ആഴ്ചത്തെ ലോക്ക്ഡൌൺ നിലവിൽ വരും.
ടിയർ-4 നിയന്ത്രണങ്ങൾ മാസങ്ങളോളം നീണ്ടുനിൽക്കുവാനുള്ള സാധ്യതയുണ്ട് . പൊതുജനങ്ങളെ നിയന്ത്രിക്കാനായി ഇതിനകം ലണ്ടനിലെ ട്രെയിനുകളിൽ കൂടുതൽ പോലീസുകാരെ വിന്യസിച്ചു കഴിഞ്ഞു.
click on malayalam character to switch languages