ബാസിൽഡനിൽ അന്തരിച്ച റോസമ്മ ജെയിംസിന്റെ പൊതുദര്‍ശനവും സംസ്‌കാരവും ഇന്ന്
Sep 27, 2023
ബാസിൽഡൺ: കഴിഞ്ഞ തിങ്കളാഴ്ച്ച ബാസില്‍ഡനില്‍ അന്തരിച്ച ചങ്ങനാശ്ശേരി തുരുത്തി പാലാത്ര കുടുംബാംഗമായ ജെയിംസ് വര്‍ഗീസിന്റെ ഭാര്യ റോസമ്മ ജെയിംസിന്റെ പൊതുദര്‍ശനവും സംസ്‌കാരവും ഇന്ന് നടക്കും. യുക്മ സാംസ്കാരികവേദി രക്ഷാധികാരിയും ലോക കേരളസഭാംഗവും കേരള സർക്കാരിന്റെ മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റുമായ സി എ ജോസഫിന്റെ ഭാര്യാ സഹോദരി കൂടിയാണ് റോസമ്മ ജെയിംസ്.
റിട്ടയേര്‍ഡ് നേഴ്‌സ് ആയ റോസമ്മ ജെയിംസ് ബാസില്‍ഡന്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വെച്ചാണ് കഴിഞ്ഞ തിങ്കളാഴ്ച രാത്രി മരണപ്പെട്ടത്. പ്രായം 68 വയസ്സായിരുന്നു. കഴിഞ്ഞ 18 വര്‍ഷമായി ഭര്‍ത്താവ് ജെയിംസ് വര്‍ഗീസിനോടും മകന്‍ ജെബിന്‍ ജെയിംസിനോടുമൊപ്പം യുകെയിലെ ബാസില്‍ഡനിലായിരുന്നു താമസിച്ചിരുന്നത്. 2005 ല്‍ യുകെയില്‍ എത്തിയ റോസമ്മ നഴ്‌സായി ജോലി ചെയ്തു വരികെ ഒരു വര്‍ഷം മുന്‍പാണ് റിട്ടയര്‍ ചെയ്തത്. യുകെയില്‍ എത്തും മുന്‍പ് സൗദി കിംഗ് ഖാലിദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ 25 വര്‍ഷത്തോളം നഴ്‌സായി ജോലി ചെയ്തിരുന്നു. കോട്ടയം മറ്റക്കര കൊച്ചുമഠത്തില്‍ പരേതരായ വര്‍ക്കി ജോസഫിന്റെയും റോസമ്മയുടെയും മകളായ റോസമ്മ ജെയിംസ് സീറോ മലബാര്‍ സഭയുടെ ബാസില്‍ഡണ്‍ മേരി ഇമാക്കുലേറ്റ് മിഷന്‍ അംഗവും മുന്‍ ട്രസ്റ്റിയുമായിരുന്നു.
മക്കള്‍: ഷെറിന്‍ ജെയിംസ് (ഓസ്‌ട്രേലിയ), ജെബിന്‍ ജെയിംസ്.(യുകെ) മരുമകന്‍: ഫ്രാങ്ക് തമ്പി കായനാട്ട് (ഓസ്‌ട്രേലിയ). സഹോദരങ്ങള്‍ ഏലിയാമ്മ ജോണി (മധ്യപ്രദേശ്), മേരി ലൂക്കോസ് (കോട്ടയം), ട്രസി ജോര്‍ജ് (മധ്യപ്രദേശ്), സിസ്റ്റര്‍ ആനി ജോര്‍ജ് (ആസ്സാം), ജോസഫ് വര്‍ക്കി (ബാസില്‍ഡണ്‍, യുകെ), കാതറിന്‍ ജോബ് ( കോതമംഗലം) അല്‍ഫോന്‍സ ജോസഫ് (ബേസിംഗ്സ്റ്റോക്ക്, യുകെ), ഫിലോമിന സെബാസ്റ്റ്യന്‍ (കാഞ്ഞിരപ്പള്ളി) എന്നിവരാണ്.
ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന മകള്‍ ഡോ ഷെറിന്‍ ജെയിംസും അമ്മയുടെ മരണത്തിന് ഏതാനും ദിവസം മുന്‍പ് യുകെയില്‍ എത്തിയിരുന്നു. അന്തരിച്ച റോസമ്മയുടെ ഭര്‍ത്താവ് ജെയിംസ് വര്‍ഗീസിന്റെ സഹോദരന്‍ ജിജിമോന്‍ പാലാത്രയും കുടുംബമായി യുകെയിലെ സൗത്താംപ്ടണില്‍ താമസിക്കുന്നുണ്ട്. അമേരിക്കയിലുള്ള മറ്റൊരു സഹോദരന്‍ വര്‍ഗീസ് പാലാത്ര ഭാര്യ ഷിജിയോടൊപ്പം യുകെയില്‍ എത്തിയിട്ടുണ്ട്.
ഇന്ന് 27/9/23 ബുധനാഴ്ച രാവിലെ 10 മണിക്ക് ബാസില്‍ഡന്‍ ഹോളി ട്രിനിറ്റി കാത്തലിക് ദേവാലയത്തിലാണ് പൊതുദര്‍ശനവും തുടര്‍ന്ന് 11 മണിയോടെ സംസ്‌കാര ശുശ്രൂഷകളും ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 1.30ന് ബില്ലര്‍ക്കി സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും. ബാസിൽഡനിലും പരിസരപ്രദേശങ്ങളിലുമുള്ള ഏവര്‍ക്കും പ്രിയപ്പെട്ട റോസമ്മ ചേച്ചിക്ക് സ്‌നേഹാര്‍ദ്രമായ യാത്രാമൊഴി നല്‍കുവാനുള്ള തയ്യാറെടുപ്പിലാണ് ബാസില്‍ഡന്‍ മലയാളി സമൂഹം.
പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷകളും നടക്കുന്ന ദേവാലയത്തിന്റെ വിലാസം
THE MOST HOLY TRINITY CHURCH, BASILDON, ESSEX, SS15 5AD
click on malayalam character to switch languages