കേരളത്തിൽ നിന്നും യുകെ യിലെത്തിയ വിദ്യാർത്ഥികൾക്കായി ‘നെറ്റ്‌വർക്കിംഗ് ഇവന്റ്’ സംഘടിപ്പിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്
Apr 13, 2023
അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ• കേരളത്തിൽ നിന്നും യുകെയിലെത്തിയ വിദ്യാർത്ഥികൾക്കായി ലണ്ടനിൽ ‘നെറ്റ്‌വർക്കിംഗ് ഇവന്റ്’ സംഘടിപ്പിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തകർ. ഐഒസി കേരള ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് ലണ്ടനിലെ സ്ട്രാറ്റ്ഫോർഡിൽ ‘നെറ്റ്‌വർക്കിംഗ് ഇവന്റ്’ സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾക്ക് സാധ്യമാകുന്ന എല്ലാ സഹായങ്ങളും പിന്തുണയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മ സംഘടിപ്പിക്കപ്പെട്ടത്.
ലൗട്ടൺ കൗൺസിൽ മുൻ മേയർ ഫിലിപ്പ് എബ്രഹാം നെറ്റ്‌വർക്കിംഗ് ഇവന്റ് ഉദ്ഘാടനം ചെയ്തു. ഐഒസി യുകെ കേരള ചാപ്റ്റർ യൂത്ത് വിംഗ് ലീഡർ നിധീഷ് കടയങ്ങൻ അദ്ധ്യക്ഷത വഹിച്ചു. ഈസ്റ്റ് ഹാം കൗൺസിലർ ഇമാം ഹഖ്, ഐഒസി കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ ഡാനിയേൽ, യൂത്ത് വിങ് പ്രതിനിധികളായ എഫ്രേം സാം, അളക ആർ തമ്പി, അസ്‌ലം എം സാലി, ബിബിൻ ബോബച്ചൻ, ജോൺ പീറ്റർ എന്നിവർ പ്രസംഗിച്ചു. ഐഒസി വക്താവ് അജിത് മുതയിൽ സ്വാഗതവും യൂത്ത് വിങ് ലീഡർ വിഷ്ണുദാസ് കൃതജ്ഞതയും പറഞ്ഞു.
യുകെയിലെത്തി തന്റെ ജീവിതം കെട്ടിപ്പടുക്കുന്നതിൽ എടുത്ത 50 വർഷത്തെ അധ്വാനവും ജീവിതാനുഭവങ്ങളും ഉദ്ഘടകനായ ഫിലിപ്പ് എബ്രഹാം പങ്കുവെച്ചത് വിദ്യാർത്ഥികൾക്ക് ഒരു പുത്തൻ അനുഭവമായി. വിദ്യാർത്ഥികൾ സമൂഹത്തിൽ ഇടപെടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച കൗൺസിലർ ഇമാം ഹഖ് യുകെയിൽ എത്തുന്ന വിദ്യാർത്ഥികൾക്കുള്ള എല്ലാവിധ പിന്തുണകളും വാഗ്ദാനം ചെയ്തു.
യുകെയിൽ വിദ്യാർത്ഥികളായി എത്തിയവർ വിദ്യാഭ്യാസം പൂർത്തിയാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമായി കാണാനാണമെന്നും പൊതു ജനങ്ങൾക്കിടയിൽ സാമൂഹ്യ പ്രതിബദ്ധരായിരിക്കണമെന്നും ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ ഡാനിയേൽ പറഞ്ഞു. അതിനായി ഐഒസി യുകെയുടെ പരിപൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു.
നെറ്റ്‌വർക്കിംഗ് ഇവന്റിൽ പങ്കെടുത്ത വിദ്യാർത്ഥികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. ശക്തമായ പിന്തുണ വാദ്ഗാനം ചെയ്തു കൂടെചേർത്തു നിറുത്തുന്ന ഐഒസിയെ ഏറെ സ്നേഹത്തോടും ആദരവോടും കാണുന്നുവെന്നും അറിയിച്ചു. യുകെയിലെ വിവിധ പ്രദേശങ്ങളിലുള്ള യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ പ്രതിനിധീകരിച്ചുകൊണ്ട് അമ്പതോളം പേർ പങ്കെടുത്തു.
click on malayalam character to switch languages