1 GBP = 113.59
breaking news

ഗാസ – ഇസ്രായേൽ ആക്രമണം; ഈജിപ്ത് പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി

ഗാസ – ഇസ്രായേൽ ആക്രമണം; ഈജിപ്ത് പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി

ന്യൂഡൽഹി: ഗസ്സയിൽ ഇസ്രായേൽ ആക്രമണം കടുപ്പിക്കുന്നതിനിടെ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ സത്താർ അൽ സീസിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിലെ സുരക്ഷാഭീഷണിയും മനുഷ്യരുടെ സ്ഥിതിയും ഫോൺ സംഭാഷണത്തിൽ ചർച്ചയായെന്ന് മോദി പറഞ്ഞു.

മേഖലയിൽ നിലനിൽക്കുന്ന ഭീകരവാദം, അക്രമം, സിവിലയൻമാരുടെ ജീവൻ നഷ്ടം എന്നിവയിൽ ഇരുവരും ആശങ്ക പ്രകടിപ്പിച്ചു. സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഇരുവരും അടിവരയിട്ട് പറഞ്ഞു. ഇസ്രായേലി​ന്റേയും ഫലസ്തീന്റേയും പേര് പരാമർശിക്കാതെയായിരുന്നു പ്രസ്താവന.

പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും ഫോൺകോൾ ലഭിച്ചുവെന്നും ഗസ്സയിലെ ഇസ്രായേൽ അധിനിവേശം ചർച്ചയായെന്നും ഈജിപ്ത് പ്രസിഡന്റ് അൽ സീസിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നയതന്ത്രതലത്തിൽ ഗസ്സ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കാണണമെന്നും അതിനായി അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഈജിപ്ത് പ്രസിഡന്റ് ഫോൺ സംഭാഷണത്തിൽ ആവശ്യപ്പെട്ടുവെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.

ഗസ്സയിൽ ഇസ്രായേൽ നരനായാട്ടിനിടെ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.എന്നിൽ അവതരിപ്പിച്ച പ്രമേയം കഴിഞ്ഞ ദിവസം പാസായിരുന്നു. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം എത്രയും പെട്ടെന്ന് നിർത്തി ഉടനടി മാനുഷികമായ താൽപര്യങ്ങൾ മുൻനിർത്തി സന്ധിയുണ്ടാക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.

193 അംഗങ്ങളുള്ള ഐക്യരാഷ്ട്രസഭയിൽ 22 അറബ് രാജ്യങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. 120 രാജ്യങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ 14 എതിർത്ത് വോട്ട് ചെയ്തു. 45 അംഗരാജ്യങ്ങൾ ​വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. ഇസ്രായേലും യു.എസും പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു. ഇന്ത്യ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more