മാഞ്ചസ്റ്റർ നഴ്സിംഗ് ഹോമുകളിൽ സംയുക്ത ഓണഘോഷം; മാവേലിയോടൊപ്പം വടംവലിയും കലാവിരുന്നുകളും ഓണസദ്യയും ആസ്വദിച്ച് തദ്ദേശീയരും
Sep 18, 2023
അപ്പച്ചൻ കണ്ണഞ്ചിറ
മാഞ്ചസ്റ്റർ : മാഞ്ചസ്റ്ററിലെ എയ്ഞ്ചൽ മൗണ്ട്, ക്ലയർ മൗണ്ട് കെയർ ഹോം ജീവനക്കാര്‍ സംയുക്തമായി ഓണാഘോഷം കൊണ്ടാടി. അക്രിങ്ങ്റ്റനിലെ എയ്ഞ്ചൽ മൗണ്ട് നഴ്സിംഗ് ഹോമിൽ സംഘടിപ്പിച്ച ‘ഡൈവേഴ്‌സിറ്റി പ്രോഗ്രാം’ കേരളീയത വിളിച്ചോതുന്ന ഓണാഘോഷത്തിന്റെ ഭാഗമാകുകയായിരുന്നു.
ആഘോഷ പരിപാടികളുടെ ഭാഗമായി ഏഞ്ചൽ മൗണ്ട്, ക്ലെയര്‍ മൗണ്ട് കെയര്‍ ഹോമുകൾ തമ്മിൽ നടന്ന വാശിയേറിയ വടം വലി മത്സരങ്ങളിൽ, എയ്ഞ്ചൽ മൗണ്ട് ടീം വനിത വിഭാഗത്തിലും, ക്ലയർ മൗണ്ട് ടീം പുരുഷ വിഭാഗത്തിലും ജേതാക്കളായി. 300 പൗണ്ടും ട്രോഫിയും വിജയികൾ കരസ്ഥമാക്കി.
യുകെയിൽ നഴ്‌സിംഗ് ഹോമുകളിൽ കേരളീയ തനിമ തുളുമ്പുന്ന ഓണക്കളികളും ഓണസദ്യയും കലാപരിപാടികളും ജീവനക്കാരുടെ കുടുംബങ്ങൾക്കായി സംഘടിപ്പിക്കുന്നത് ഇത് ഇദംപ്രദമെന്ന് സംഘാടകർ അറിയിച്ചു.
നഴ്സിംഗ് ഹോമുകളിലെ തിരക്കേറിയതും ഉത്തരവാദിത്വം കൂടുതലുള്ളതുമായ ജോലി തിരക്കുകൾക്കിടയിൽ ഗൃഹാതുരുത്വം ഉണർത്തുന്ന ഇത്തരത്തിലുള്ള പരിപാടികൾ ഒരുക്കുന്നതും, ജീവനക്കാർക്ക് സ്വന്തം കുടുംബാംഗങ്ങളോടൊത്ത് ആഘോഷിക്കുവാനുള്ള അവസരം ലഭിക്കുന്നതും ഒരു പുത്തൻ അനുഭവവും മാനസ്സിക ഉല്ലാസവേളയും ആകട്ടെയെന്നും ക്ലയർ മൗണ്ട്, എയ്ഞ്ചല്‍ മൗണ്ട് നഴ്സിംഗ് ഹോം ഉടമയും, ജീവകാരുണ്യ പ്രവർത്തകയും, ഒഐസിസി വനിത വിങ്ങ് യൂറോപ്പ് കോർഡിനേറ്ററുമായ ഷൈനു മാത്യൂസ് ആഘോഷ പരിപാടികൾ ഉൽഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.
നഴ്സിംഗ് ഹോം ജീവനക്കാരുടെ മെഗാ തിരുവാതിരയോടുകൂടി ആരംഭിച്ച ഓണാഘോഷത്തിൽ, വൈവിധ്യമാർന്ന കലാപരിപാടികളും, വിവിധയിനം മത്സരങ്ങളും സംഘാടകർ ഒരുക്കിയിരുന്നു. കലാവിരുന്നുകളിലും മത്സരങ്ങളിലും പങ്കെടുത്തവർക്കെല്ലാം ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.
കലാവിരുന്നുകൾ ആസ്വദിക്കുവാനും, കേരളത്തിന്റെ തനതായ ഓണസദ്യയുടെ രുചി നുകരാനും, പരിപാടികളും മത്സരങ്ങളും കാണുവാനും പരിസരവാസികളായ തദ്ദേശീയരും, ഹോമിലെ നിവാസികളുടെ കുടുംബാംഗങ്ങളും കേട്ടറിഞ്ഞു എത്തിയിരുന്നു.
കലാവിരുന്നുകൾക്കിടയിൽ സദസ്സിലേക്ക് മാവേലിയായി എത്തിയ നഴ്സിംഗ് ഹോം സീനിയർ സ്റ്റാഫ് ബേബി ലൂക്കോസ് ഏവർക്കും ഓണം ആശംസിക്കുകയും, ഓണ സന്ദേശവും നൽകുകയും ചെയ്തു.
നേഴ്സിങ് ഹോം മാനേജ്‌മെന്റ ജീവനക്കാരെ ജോലിക്കാരെന്നതിനേക്കാളുപരി നൽകുന്ന പരിഗണനയും, പരിപാലനവും, പിന്തുണയും സ്നേഹവും ഏറെ ആദരവോടെ നോക്കിക്കാണുന്നുവെന്ന് ബേബി ലൂക്കോസ് പറഞ്ഞു.
വടംവലി മത്സരങ്ങളോടെ ആരംഭിച്ച ആഘോഷ പരിപാടികൾ തൂശനിലയിൽ വിളമ്പിയ വിഭവ സമൃദ്ധമായ ഓണസദ്യയോടെ സമാപിച്ചു.
click on malayalam character to switch languages