മലയാള രാവിൽ മനം നിറഞ്ഞ് നോട്ടിംഗ്ഹാം മലയാളികൾ; എൻ എം സി എയും മലയാളം മിഷൻ യുകെ ചാപ്റ്ററും ചേർന്ന് സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷവും മലയാള ഭാഷ പഠന ക്ലാസ്സ് ഉദ്ഘാടനവും പ്രൗഢോജ്വലമായി.
Nov 10, 2021
ബെന്നി ജോസഫ്
കേരള സംസ്ഥാനം രൂപീകൃതമായതിന്റെ ഓർമ്മ പുതുക്കി യുകെയിലെ നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസോസിയേഷനും (എൻ എം സി എ) മലയാളം മിഷൻ യുകെ ചാപ്റ്ററും ചേർന്ന് 65-മത് കേരളപ്പിറവി ദിനാഘോഷവും നോട്ടിംഗ്ഹാമിൽ ആരംഭിച്ച മലയാള ഭാഷാ പഠന ക്ലാസ് ഉദ്ഘാടനവും പ്രൗഢോജ്വലമായി നടത്തി. ‘മലയാള രാവ്’എന്ന പേരിൽ കുട്ടികളുടെ വിവിധ കലാപരിപാടികളോടെ നടത്തിയ ആഘോഷ പരിപാടികൾ ഏവർക്കും നവ്യാനുഭവമായിരുന്നു. നോട്ടിംഗ്ഹാമിലെ ഡൻകിർക്ക് കമ്മ്യൂണിറ്റി സെന്ററിൽ ആയിരുന്നു പരിപാടികൾ സംഘടിപ്പിച്ചത് .
അഭിഷിക്ക് ശേഖർ ആലപിച്ച പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിൽ പ്രശസ്ത കവി വയലാർ ശരത് ചന്ദ്രവർമ്മയാണ് കേരളപ്പിറവി ആഘോഷങ്ങളുടെയും മലയാളം ക്ലാസിന്റെയും ഉദ്ഘാടനം ഓൺലൈൻ ആയി നിർവ്വഹിച്ചത്. മലയാള ഭാഷയുടെ മനോഹാരിതയും സമ്പന്നതയും വിളിച്ചോതുന്ന “മലയാള ഭാഷ തൻ മാദക ഭംഗി നിൻ, മലർ മന്ദഹാസമായ് വിരിയുന്നു. കിളികൊഞ്ചും നാടിന്റെ ഗ്രാമീണ ശൈലി നിൻ; പുളിയിലക്കര മുണ്ടിൽ തെളിയുന്നു” എന്ന അനുഗ്രഹീത ഗാനത്തിന്റെ വരികൾ ആലപിച്ച വയലാർ ശരത് ചന്ദ്രവർമ്മ മറുനാട്ടിൽ വളരുന്ന മുഴുവൻ മലയാളികളും നമ്മുടെ കേരളീയതയെ സംരക്ഷിക്കുന്നതിനും മാതൃഭാഷയുടെ നന്മ കാത്തുസൂക്ഷിക്കുന്നതിനും വേണ്ടി മലയാളത്തിൽ ചിന്തിക്കുകയും സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യണമെന്നും ഓർമ്മപ്പെടുത്തി. മലയാളഭാഷയെന്ന ഭംഗിയാർന്ന പുളിയിലക്കര മുണ്ടുകൊണ്ട് ലോകത്തെയെല്ലാം അണിയിക്കുക എന്ന ലക്ഷ്യത്തോടെ മലയാളം മിഷൻ ഏറ്റെടുത്തിരിക്കുന്ന ദൗത്യത്തിൽ നോട്ടിംഗ്ഹാമിലെ മലയാളി കൾച്ചറൽ അസോസിയേഷനും പങ്കാളിയായതിൽ വളരെ സന്തോഷം അറിയിച്ച വയലാർ ശരത്ചന്ദ്രവർമ്മ യുകെയിലെ പുതുതലമുറയിലേക്ക് മലയാളഭാഷയെ എത്തിക്കുന്നതിനായി മലയാളം മിഷൻ യുകെ ചാപ്റ്ററും എൻ എം സി എയും നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ഭാവുകങ്ങളും നേർന്നു.
മുഖ്യാതിഥിയായി പങ്കെടുത്ത മലയാളം മിഷൻ ഡയറക്ടർ പ്രൊഫ.സുജ സൂസൻ ജോർജും എൻ എം സി എ യും മലയാളം മിഷൻ യുകെ ചാപ്റ്ററും ചേർന്നൊരുക്കിയ മലയാള രാവിന് വീഡിയോയിലൂടെ ആശംസകൾ അറിയിച്ചു. മലയാളികളുടെ മാതൃഭൂമിയായി ഐക്യകേരളം രൂപം കൊള്ളുന്നതിന് കേരളത്തിന് പുറത്ത് പ്രവാസികളായി ജീവിക്കുന്ന മലയാളികൾ വഹിച്ച പങ്കും അതോടൊപ്പം തന്നെ കേരളം കൈവരിച്ച വിവിധമേഖലകളിലെ നേട്ടങ്ങൾക്ക് പ്രവാസി മലയാളികൾ നൽകിയ സംഭാവനകളും എടുത്തുപറഞ്ഞ പ്രൊഫ.സുജ സൂസൻ ജോർജ് എൻ എം സി എയും മലയാളം മിഷൻ യുകെ ചാപ്റ്ററും ചേർന്നൊരുക്കുന്ന കേരളപ്പിറവി ആഘോഷം യുകെയിലെ എല്ലാ മലയാളികളുടെയും ആഘോഷമായി മാറട്ടെയെന്നും ആശംസിച്ചു.
മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദേശ മലയാളികളായ കുട്ടികൾ മലയാളം പഠിക്കേണ്ടതിന്റെ ആവശ്യകത രസകരമായ സംഭവങ്ങളിലൂടെ വിവരിച്ച സി എ ജോസഫ് ‘ദൈവത്തിൻറെ സ്വന്തം നാട്’ എന്നറിയപ്പെടുന്ന കേരളത്തിന്റെ സാമൂഹ്യ- സാംസ്കാരിക-വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ മുന്നേറ്റം ഏവർക്കും മാതൃകാപരമാണെന്നും മലയാളഭാഷയുടെ മഹത്വവും പ്രാധാന്യവും യുകെയിലെ വളർന്നുവരുന്ന കുട്ടികളിലും എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടർന്നും നടത്തുവാൻ മലയാളം മിഷൻ യുകെ ചാപ്റ്റർ ഭാരവാഹികൾ പ്രതിജ്ഞാബദ്ധരാണെന്നും അറിയിച്ചു.
മലയാളം മിഷൻ യുകെ ചാപ്റ്റർ സെക്രട്ടറി എബ്രഹാം കുര്യൻ, എൻ എം സി എ പ്രസിഡൻറ് ഡിക്സ് ജോർജ്, ജനറൽ സെക്രട്ടറി അഡ്വ.ജോബി പുതുക്കുളങ്ങര, വൈസ് പ്രസിഡന്റ് ദീപ ദാസ് , എൻ എം സി എ മലയാളം ക്ലാസ് പ്രധനാധ്യാപകൻ ജെയിൻ സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മുൻ NMCA പ്രസിഡന്റ് ശ്രീ മനോജ് നായർ ചടങ്ങുകൾക്ക് ആമുഖമേകി.
ചടങ്ങിൽ മലയാളഭാഷാ പ്രതിജ്ഞയായി കേരള സർക്കാർ അംഗീകരിച്ച പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായർ എഴുതിയ ഭാഷാപ്രതിജ്ഞ വാചകങ്ങൾ നോട്ടിംഗ്ഹാമിലെ വിദ്യാർഥിനിയായ അലീന റോയ് ചൊല്ലിക്കൊടുത്തത് സദസ് ഏറ്റുചൊല്ലി ഭാഷാ പ്രതിജ്ഞയെടുത്തു. തുടർന്ന് നോട്ടിംഗ്ഹാമിലെ സാഹിത്യ- സർഗ്ഗസൃഷ്ടികളെ പ്രോൽസാഹിപ്പിക്കുന്നതിനായി എൻഎംസിഎ ആരംഭിച്ച മലയാളം മാഗസിനായ ‘കാഴ്ച’യുടെ മുഖചിത്ര പ്രകാശനം ചിഫ് എഡിറ്റർ ദീപ ദാസിന് നൽകിക്കൊണ്ട് ശ്രീ കുരുവിള തോമസ് നിർവഹിക്കുകയുണ്ടായി. എൻ എം സി എ ജോയിന്റ് സെക്രട്ടറി ജയകൃഷ്ണൻ നായർ സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ ബേബി കുര്യാക്കോസ് നന്ദിയും പറഞ്ഞു. തുടർന്ന് എൻ.എം.സി.എ യുടെ കമ്മിറ്റി അംഗങ്ങൾ ചേർന്ന് നിലവിളക്കുകൊളുത്തിയത് ചടങ്ങിന് മാറ്റ് പകർന്നു.
മലയാളം മിഷനിൽ നിന്നും ലഭിച്ച ‘കണിക്കൊന്ന’ പാഠപുസ്തകങ്ങൾ മലയാളം മിഷൻ യു കെ ചാപ്റ്റർ സെക്രട്ടറി എബ്രഹാം കുര്യൻ എൻ എം സി എ നടത്തുന്ന മലയാളം ക്ലാസ്സിന്റെ പ്രധാനാധ്യാപകൻ ജെയിൻ സെബാസ്റ്യാനെ കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി ഏൽപ്പിച്ചു. ആഘോഷ പരിപാടികൾക്ക് എൻ എം സി എ യുടെ ഭാരവാഹികളായ ഡിക്സ് ജോർജ്, അഡ്വ.ജോബി പുതുക്കുളങ്ങര, മിഥു ജെയിംസ്, ദീപ ദാസ് ,കുരുവിള തോമസ് , ജയകൃഷ്ണൻ നായർഎന്നിവർ നേതൃത്വം നൽകി.
മലയാള നാടിന്റെ സംസ്കാരത്തെയും മാതൃഭാഷയെയും പരിപോഷിപ്പിക്കുന്നതിനു വേണ്ടി മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തുന്ന എല്ലാ ഉദ്യമങ്ങളെയും പ്രോത്സാഹിപ്പിക്കണമെന്നും യുകെയിൽ ഇനിയും മലയാളം ക്ലാസുകൾ ആരംഭിക്കുവാൻ താല്പര്യമുള്ളവർ മലയാളം മിഷൻ യുകെ ചാപ്റ്റർ ഭാരവാഹികളെ ബന്ധപ്പെടണമെന്നും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ് , സെക്രട്ടറി ഏബ്രഹാം കുര്യൻ എന്നിവർ അറിയിച്ചു.
click on malayalam character to switch languages