ട്രിപളി: വടക്കൻ ലിബിയയിലെ പ്രളയത്തിൽ കാണാതായത് 10,000ത്തിലധികം പേർ. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ അഞ്ചാംദിവസവും തിരച്ചിൽ തുടരുകയാണ്. ഡെർന നഗരത്തിൽ പ്രളയം തൂത്തെറിഞ്ഞ വാഹനങ്ങൾ ഉൾപ്പെടെ ഭാരവസ്തുക്കൾ നീക്കൽ ശ്രമകരമാണ്.
നാലു മീറ്ററോളം ഉയരത്തിൽ കെട്ടിടങ്ങൾക്കു മുകളിൽ വരെ കാറുകളും മറ്റും കിടക്കുന്നു. തിരച്ചിൽ സുഗമമാക്കാൻ അധികൃതർ ഡെർന നഗരം അടച്ചു. 30,000ത്തിലധികം പേർ ഭവനരഹിതരായതായാണ് അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസിയുടെ കണക്ക്.
വൈദ്യുതി, ലാൻഡ് ബന്ധം തകരാറിലായി. റോഡുകളും പാലങ്ങളും നശിച്ചു. കണ്ടെത്തിയ മൃതദേഹങ്ങൾ നഗരത്തിനു പുറത്തോ മറ്റു നഗരങ്ങളിലോ കൂട്ടമായി സംസ്കരിച്ചുവരുകയാണ്. ഇതുവരെ 11300 മരണമാണ് അധികൃതർ സ്ഥിരീകരിച്ചത്. അതേസമയം, ഡെർന മേയർ അബ്ദുൽ മിനാം അൽ ഗൈസി പറയുന്നത് 20,000ത്തിലേറെ ആളുകൾ മരിച്ചിട്ടുണ്ടാകാമെന്നാണ്.
രണ്ടായിരത്തോളം പേർ കടലിലേക്ക് ഒഴുകിപ്പോയിട്ടുണ്ട്. അഞ്ചു ദിവസമായിട്ടും രക്ഷാപ്രവർത്തനവും പുനരധിവാസവും ഫലപ്രദമായി ഏകോപിപ്പിക്കാൻ കഴിയാത്തത് നാട്ടുകാരിൽ അമർഷം സൃഷ്ടിച്ചിട്ടുണ്ട്. നീണ്ടകാലം രാജ്യം ഭരിച്ച മുഅമ്മർ ഖദ്ദാഫിയെ 2011ൽ നാറ്റോ സേന കൊലപ്പെടുത്തിയ ശേഷം കെട്ടുറപ്പുള്ള ഭരണകൂടം പോലുമില്ലാത്ത അവസ്ഥയിലാണ് രാജ്യം. ഡാനിയൽ ചുഴലിക്കാറ്റും പേമാരിയും ലിബിയൻ തീരം തൊട്ട ഞായറാഴ്ച രാത്രിയാണ് ഡെർന നഗരത്തിനുപുറത്തെ രണ്ട് ഡാമുകൾ ഒന്നിച്ച് തകർന്നത്. നഗരമധ്യത്തിലൂടെ ഒഴുകുന്ന വാദി ഡെർന പുഴ കവിഞ്ഞ് ഇരച്ചെത്തിയപ്പോൾ ജനങ്ങൾ നിസ്സഹായരായി.
click on malayalam character to switch languages