1 GBP = 113.59
breaking news

ഡി-ലിറ്റ് വിവാദം; കേരള യൂണിവേഴ്‌സിറ്റി പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

ഡി-ലിറ്റ് വിവാദം; കേരള യൂണിവേഴ്‌സിറ്റി പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

ഡി-ലിറ്റ് വിവാദങ്ങള്‍ക്കിടെ കേരള യൂണിവേഴ്‌സിറ്റി പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും. രാഷ്ട്രപതിക്ക് ഡി-ലിറ്റ് നല്‍കുന്നതുള്‍പ്പെടെ വിഷയം ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിച്ച പരാമര്‍ശങ്ങളില്‍ നിലവില്‍ അതൃപ്തരാണ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍. ഇക്കാര്യം ഇന്ന് ചേരുന്ന യോഗത്തില്‍ ചര്‍ച്ചയായേക്കും. ഇന്നുച്ചയ്ക്ക് കേരള സര്‍വകലാശാല ആസ്ഥാനത്ത് വിസി വി.പി മഹാദേവന്‍ പിള്ളയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.

വിഷയത്തില്‍ ഗവര്‍ണര്‍ക്ക് താന്‍ അയച്ച കത്ത് സമ്മര്‍ദം കൊണ്ടെഴുതിയതാണെന്ന് വി സി വിശദീകരിച്ചു. മനസ് പതറുമ്പോള്‍ കൈവിറച്ച് പോകുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ല. ഗുരുഭൂതന്‍മാരുടെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരമാവധി ശ്രമിക്കും. ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിംഗും തെറ്റാതിരിക്കാന്‍ പരമാവധി ജാഗരൂകനാണെന്നും വിസി പ്രതികരിച്ചു. വി സി അയച്ച കത്തിനെതിരെ ഗവര്‍ണര്‍ നടത്തിയ വിമര്‍ശനത്തിനാണ് വിശദീകരണം. കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാന്‍ ശുപാര്‍ശ ചെയ്തെന്ന് സ്ഥിരീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഡി ലിറ്റ് നല്‍കാന്‍ ആകില്ലെന്ന് കേരള സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ മറുപടി തനിക്ക് കനത്ത ആഘാതമായി. നേരെ ചൊവ്വേ കത്തെഴുതാന്‍ അറിയാത്ത വിസിമാരാണ് സര്‍വകലാശാലകളുടെ തലപ്പത്തിരിക്കുന്നത് എന്നും വി സി തന്നെ ധിക്കരിച്ചെന്നുമായിരുന്നു ഗവര്‍ണറുടെ വാക്കുകള്‍. ഗവര്‍ണറുടെ വെളിപ്പെടുത്തലോടെ സര്‍ക്കാരും സര്‍വകലാശാലയും പ്രതിരോധത്തിലായിരിക്കുകയാണ്.

‘രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാന്‍ താന്‍ ശുപാര്‍ശ ചെയ്തു. ചാന്‍സലര്‍ എന്ന നിലയില്‍ തനിക്കതിന് അധികാരവും അവകാശവുമുണ്ട്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വ്യക്തിയെ ആദരിക്കണമെന്ന് വിസിയോട് താന്‍ പറഞ്ഞു. അക്കാര്യത്തില്‍ തീരുമാനമറിയിക്കാനും ആവശ്യപ്പെട്ടു. പക്ഷേ ആ തീരുമാനം വേണ്ടെന്ന് സിന്‍ഡിക്കറ്റ് അറിയിച്ചതായി വിസി തന്നെ അറിയിച്ചു. പക്ഷേ മറ്റാരോ നല്‍കിയ നിര്‍ദേശം വിസി തന്നെ അറിയിക്കുകയായിരുന്നെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഏത് കേന്ദ്രത്തില്‍ നിന്നാണ് അത്തരമൊരു പ്രതികരണമുണ്ടായതെന്ന് താന്‍ വെളിപ്പെടുത്തില്ല. മുഖ്യമന്ത്രിയാണോ വിസിക്ക് നിര്‍ദേശം നല്‍കിയത് എന്ന ചോദ്യത്തിന് പ്രതികരിക്കാനില്ലെന്നായിരുന്നു ഗവര്‍ണറുടെ മറുപടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more