കഴിഞ്ഞ ദിവസം സൗത്താംപ്ടണിൽ നിന്നുള്ള ജോഷി ലൂക്കോസ് കോവിഡിനെ തോല്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയത് യുകെ മലയാളികൾ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഏകദേശം ഒരു മാസത്തിലധികമാണ് ജോഷി കൊറോണ വൈറസിനോട് പൊരുതി ആശുപത്രിയിൽ കഴിഞ്ഞത്. ഏപ്രിൽ ആറിനാണ് ജോഷി കോവിഡ് -19 സ്ഥിരീകരിച്ചതോടെ ആശുപത്രിയിൽ അഡ്മിറ്റ് ആയത്.
ജോഷി ആരോഗ്യമേഖലയിൽ ആണ് ജോലി ചെയ്യുന്നത്. താമസിക്കുന്നതിന് അടുത്തായുള്ള ഒരു നേഴ്സിങ് ഹോമിലായിരുന്നു ജോലി. മാർച്ച് 29 താം തിയതി ചെറിയ രീതിയിലുള്ള തലവേദനയും പനിയുമായാണ് തുടക്കം. യുകെയിലെ ലോക് ഡൗൺ ആരംഭിച്ചത് മാർച്ച് 23 ന് ആയിരുന്നു. എന്തായാലും മാർച്ച് 31 ന് ആശുപത്രിയിൽ കാണിക്കാൻ തന്നെ തീരുമാനിച്ചു. ആശുപത്രിയിൽ എത്തിയ ജോഷിക്ക് ചെസ്ററ് എക്‌സ്‌റേ എടുക്കുകയും, രക്ത പരിശോധന നടത്തുകയും ചെയ്‌തിരുന്നു. ഏഴ് ദിവസം കഴിക്കാനുള്ള ആന്റിബൈയോട്ടിക്സ് ഗുളികകളും നൽകി ജോഷിയെ തിരിച്ചയക്കുകയായിരുന്നു.
എന്നാൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ രോഗത്തിൽ കുറവ് കാണുന്നില്ല എന്ന് മാത്രമല്ല കൂടുതൽ വഷളാവുകയാണ് ഉണ്ടായത്. ഭാര്യ അനീഷ NHS – 111 വിളിച്ചു രോഗവിവരം ധരിപ്പിക്കുകയും ചെയ്‌തു. ആവശ്യകമായ നിർദ്ദേശങ്ങൾ സ്വീകരിച്ച നഴ്‌സായ അനീഷ വേണ്ട ശുശ്രുഷകൾ ചെയ്യുകയും നിരീക്ഷിക്കുകയുമായിരുന്നു. എന്നാൽ പിന്നീട് ശ്വസനത്തിന് തടസ്സം നേരിട്ടതോടെ 999 വിളിക്കുകയും പാരാമെഡിക്‌സ് എത്തി ആംബുലൻസിൽ ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ചെയ്യുകയുമായിരുന്നു.സൗത്താംപ്ടൺ ആശുപത്രിയിൽ ആയിരുന്ന ജോഷിയെ കൂടുതൽസൗകര്യങ്ങളുള്ള ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ആഴ്ചകൾ എക്‌മോ മെഷീനിൽ. കോമയിൽ ഉള്ള ജോഷിയെ വീഡിയോ കോളിലൂടെ അനീഷയെ കാണിക്കുക മാത്രമാണ് പിന്നീട് ഉണ്ടായിരുന്നത്.

ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും അശ്രാന്ത പരിശ്രമത്തിലൂടെ പതിയെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ മെയ് എട്ടിനാണ് ഡിസ്ചാർജ്ജ് ചെയ്യപ്പെട്ടത്. ദീർഘനാൾ വെന്റിലേറ്ററിലും മറ്റുമായി കഴിഞ്ഞ ജോഷിക്ക് ആരോഗ്യം പൂർണ്ണമായും വീണ്ടെടുക്കുന്നതിന് ഇനിയും നാളുകൾ ഏറെയെടുക്കും. വീട്ടിലെത്തിയ ജോഷിയെകാണാൻ ഇന്നലെ സഹപ്രവർത്തകർ എത്തിയത് ശാരീരികവും മാനസികവുമായ പിന്തുണ നൽകിയാണ്. ജോഷി ജോലി ചെയ്തിരുന്ന കെയർഹോമിലെ നേഴ്സുമാരും യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ സെക്രട്ടറിയും എൻ എച്ച് എസിൽ ഫിസിയോ തെറാപ്പിസ്റ്റുമായ എം പി പദ്മരാജ് (പപ്പൻ) എന്നിവർ ജോഷിയുടെ ആരോഗ്യ കാര്യങ്ങളിൽ എടുക്കേണ്ട മുൻകരുതലുകളും ആവശ്യമായ എക്സർസൈസുകൾക്കുള്ള ഉപദേശങ്ങളും നൽകി. ഏറെ നാൾ പിന്തുടരേണ്ട ഫിസിയോതെറാപ്പിക്ക് ആവശ്യമായ പിന്തുണയും പപ്പൻ നൽകി.
നേഴ്‌സസ് ദിനമായ ഇന്ന് മാലാഖമാരെ നേരിട്ട് കണ്ടു എന്ന വാചകം നൽകിക്കൊണ്ട് ജോഷിയെ സന്ദർശിച്ച ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പപ്പൻ പങ്കു വച്ചിരുന്നു. നേരത്തെ തന്നെ കോവിഡ് ബാധിച്ച നിരവധി മലയാളികൾക്ക് ആവശ്യമായ പിന്തുണയും സഹായവും നൽകിവരുന്ന പപ്പൻ ഈ മഹാമാരിയുടെ യുദ്ധമുഖത് ഞങ്ങളും ഉണ്ട് കൂടെ… എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
click on malayalam character to switch languages