അപ്പച്ചൻ കണ്ണഞ്ചിറ
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണം മൂലം നടന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ നേടിയ ഗംഭീര വിജയത്തിൽ ലണ്ടൻ ബ്രിഡ്ജിൽ ആഘോഷമൊരുക്കി IOC യൂത്ത് കോൺഗ്രസ് കേരള ചാപ്റ്റർ പ്രവർത്തകർ.
ചാണ്ടി ഉമ്മന്റെ ചിത്രവും കൈകളിലേന്തി ലണ്ടൻ ബ്രിഡ്ജിൽ ഒത്തുകൂടിയ പ്രവർത്തകർ, കേക്ക് മുറിച്ചും, മധുര പലഹാരങ്ങൾ വിതരണം ചെയ്തുമാണ് വിജയം ആഘോഷിച്ചത്.
ലണ്ടൻ ബ്രിഡ്ജിൽ നടത്തിയ ആഹ്ലാദ പ്രകടനമദ്ധ്യേ അവിചാരിതമായി ചാണ്ടി ഉമ്മന്റെ പോസ്റ്ററു കണ്ടു ലണ്ടനിൽ ചാണ്ടി നിയമ വിദ്യാർത്ഥിയായിരിക്കെ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്ന തദ്ദേശീയൻ, കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം തന്റെ ആലിംഗനവും, അഭിനന്ദനവും നൽകണമെന്ന് പറഞ്ഞത് ഏറെ ഹൃദയസ്പർശിയായി.
IOC യൂത്ത് കോൺഗ്രസ് കേരള ചാപ്റ്റർ പ്രസിഡന്റ് എഫ്രേം സാം, അജി ജോർജ്
എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. IOC യൂത്ത് കോൺഗ്രസ് കേരള ചാപ്റ്റർ ഭാരവാഹികളായ ബിബിൻ ബോബച്ചൻ, സ്റ്റീഫൻ റോയ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ടിജോ, സ്നേഹ, ഇമ്മാനുവേൽ, അനൂപ് ജോർജ്, കൊച്ചു കോശി, തോമസ് ജോർജ് എന്നിവർ ആഘോഷ പരിപാടികളിൽ സജീവ പങ്കാളികളായി.
ഉമ്മൻ ചാണ്ടിക്കെതിരെ രാഷ്ട്രീയ എതിരാളികൾ പടച്ചുണ്ടാക്കിയ സോളാർ കേസിന്റെ സത്യാവസ്ഥ മറ നീക്കി പുറത്തു കൊണ്ടുവരണമെന്നും, അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തിയ എല്ലാവരെയും സത്യസന്ധവും സുതാര്യവുമായ അന്വേഷണത്തിലൂടെ കണ്ടെത്തി മുഖം നോക്കാതെ നടപടി എടുക്കണമെന്നുമുള്ള പൊതു വികാരം പ്രവർത്തകർ പങ്കുവെച്ചു.
അഞ്ചു പതിറ്റാണ്ടിലേറെ ഉമ്മൻ ചാണ്ടി നൽകിയ സ്നേഹവും കരുതലും, അദ്ദേഹം നടപ്പാക്കിയ വികസന പദ്ധതികളും പുതുപ്പള്ളിക്കാരുടെ വികാരമാണ്. ചാണ്ടി ഉമ്മൻ എന്ന സ്ഥാനാർഥിയുടെ മികവുറ്റ വ്യക്തിത്വവും, പാരമ്പര്യവും , ഉന്നത വിദ്യാഭ്യാസയോഗ്യതകളും സ്ഥാനാർഥികളിൽ മേൽക്കൈ നേടിയിരുന്നു. ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ നടപടികളും, കൊള്ളയും, വിലക്കയറ്റവും സജീവ ചർച്ചയായ തിരഞ്ഞെടുപ്പിൽ ശ്രീ. ചാണ്ടി ഉമ്മൻ നേടിയ വൻ വിജയം പിണറായി സർക്കാരിന്റെ ധാർഷ്ഠ്യത്തിനു ജനങ്ങൾ ബാലറ്റിലൂടെ നൽകിയ കനത്ത തിരിച്ചടി ആണെന്നും ആഘോഷങ്ങളിൽ പങ്കെടുത്തു സംസാരിച്ചവർ പറഞ്ഞു.
click on malayalam character to switch languages