1 GBP = 113.63
breaking news

ആവേശപ്പോരിൽ പാകിസ്താനെ ഏഴു വിക്കറ്റിന് തകർത്ത് ഇന്ത്യ

ആവേശപ്പോരിൽ പാകിസ്താനെ ഏഴു വിക്കറ്റിന് തകർത്ത് ഇന്ത്യ

അഹ്മദാബാദ്: ലോകം ഉറ്റുനോക്കിയ ലോകകപ്പിലെ ആവേശപ്പോരിൽ പാകിസ്താനെ ഏഴു വിക്കറ്റിന് തകർത്ത് ഇന്ത്യ. പാകിസ്താൻ കുറിച്ച 192 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ, 117 പന്തുകൾ ശേഷിക്കെയാണ് വിജയം സ്വന്തമാക്കിയത്. ആദ്യം ബൗളർമാർ കൊടുങ്കാറ്റാവുകയും പിന്നാലെ ബാറ്റിങ്ങിൽ നായകൻ രോഹിത് ശർമ തകർത്തടിക്കുകയും ചെയ്ത മത്സരത്തിൽ പാകിസ്താൻ തരിപ്പണമായി. സ്കോർ -പാകിസ്താൻ 42.5 ഓവറിൽ 191ന് ഓൾ ഔട്ട്. ഇന്ത്യ 30.3 ഓവറിൽ മൂന്നു വിക്കറ്റിന് 192.

പാകിസ്താനെതിരെ ലോകകപ്പിൽ ഇന്ത്യയുടെ തുടർച്ചയായ എട്ടാം ജയമാണ്. ഈ ലോകകപ്പിലെ മൂന്നാം ജയത്തോടെ പോയന്‍റ് പട്ടികയിൽ ഇന്ത്യ ഒന്നാമതെത്തി. രോഹിത് 63 പന്തിൽ 86 റൺസെടുത്താണ് പുറത്തായത്. ആറു സിക്സും ആറു ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. ഏകദിനത്തിൽ 300 സിക്സർ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം രോഹിത് സ്വന്തമാക്കി. ഷഹീദ് അഫ്രീദി, ക്രിസ് ഗെയിൽ എന്നിവർക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന താരമാണ് രോഹിത്. തകർത്തടിച്ച രോഹിത് 36 പന്തിലാണ് 50ലെത്തിയത്. ശ്രേയസ്സ് അയ്യർ അർധ സെഞ്ച്വറി നേടി (62 പന്തിൽ 53) പുറത്താകാതെ നിന്നു. ശുഭ്മൻ ഗിൽ (11 പന്തിൽ 16), വിരാട് കോഹ്ലി (18 പന്തിൽ 16) എന്നിവരാണ് പുറത്തായ താരങ്ങൾ.

ശ്രേയസ്സും കെ.എൽ. രാഹുലും (29 പന്തിൽ 19) ചേർന്നാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ശഹീൻ അഫ്രീദി എറിഞ്ഞ ആദ്യ ഓവറിൽ 10 റൺസ് നേടിയാണ് ഇന്ത്യ തുടങ്ങിയത്. പിന്നാലെ ഹസൻ അലിയുടെ രണ്ടാം ഓവറിൽ ഗിൽ മൂന്നു തവണ പന്ത് ബൗണ്ടറി കടത്തി. ഇന്ത്യയുടെ സ്കോർ 23ൽ നിൽക്കെ, ശഹീൻ അഫ്രീദിയുടെ പന്തിൽ ശദബ് ഖാന് ക്യാച്ച് നൽകി ഗിൽ പുറത്തായി. പിന്നാലെ ക്രീസിലെത്തിയ കോഹ്ലിയുമായി ചേർന്ന് രോഹിത് ടീം സ്കോർ 50 കടത്തി. ഹസൻ അലിയുടെ പന്തിൽ മുഹമ്മദ് നവാസിന് ക്യാച്ച് നൽകി കോഹ്ലി മടങ്ങുമ്പോൾ ടീം സ്കോർ 79. ശഹീന്‍റെ പന്തിലാണ് രോഹിത് പുറത്തായത്.

പാകിസ്താനുവേണ്ടി ശഹീൻ രണ്ടും ഹസൻ അലി ഒരു വിക്കറ്റും നേടി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 42.5 ഓവറിൽ 191 റൺസിന് ഓൾ ഔട്ടായി. മുൻനിര ബാറ്റർമാർ മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് വന്നവർ ഇന്ത്യൻ ബൗളിങ്ങിനു മുന്നിൽ ചീട്ടുകൊട്ടാരം കണക്കെ തകർന്നുവീണു. നായകൻ ബാബർ അസമാണ് ടോപ് സ്കോറർ. 58 പന്തിൽ 50 റൺസെടുത്താണ് താരം പുറത്തായത്. ഒരുഘട്ടത്തിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 155 റൺസെന്ന നിലയിലായിരുന്നു പാകിസ്താൻ. 36 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെയാണ് ബാക്കിയുള്ള എട്ടു വിക്കറ്റുകൾ കളഞ്ഞുകുളിച്ചത്.

അബ്ദുല്ല ഷഫീഖ് (24 പന്തിൽ 20), ഇമാമുൽ ഹഖ് (38 പന്തിൽ 36), മുഹമ്മദ് റിസ്വാൻ (69 പന്തിൽ 49) എന്നിങ്ങനെയാണ് മുൻനിര ബാറ്റർമാരുടെ സംഭാവന. പിന്നീടുവന്ന ഹസൻ അലിക്കു മാത്രമാണ് രണ്ടക്കം കാണാനായത്. 19 പന്തിൽ 12 റൺസെടുത്താണ് താരം പുറത്തായത്. സൗദ് ഷക്കീൽ (10 പന്തിൽ ആറ്), ഇഫ്തിഖാർ അഹ്മദ് (നാലു പന്തിൽ നാല്), ശദബ് ഖാൻ (അഞ്ച് പന്തിൽ രണ്ട്), മുഹമ്മദ് നവാസ് (14 പന്തിൽ നാല്), ഹാരിസ് റൗഫ് (ആറു പന്തിൽ രണ്ട്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

രണ്ടു റൺസുമായി ശഹീൻ അഫ്രീദി പുറത്താകാതെ നിന്നു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, രവീദ്ര ജദേജ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ജസ്പ്രീത് ബുംറ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ അഞ്ചു പന്തും പ്രതിരോധിച്ച അബ്ദുല്ല ഷഫീഖ് അവസാന പന്തിനെ അതിർവര കടത്തിയാണ് അക്കൗണ്ട് തുറന്നത്. എന്നാൽ, അപ്പുറത്ത് മുഹമ്മദ് സിറാജിനെ ഇമാമുൽ ഹഖ് സ്വീകരിച്ച് ആദ്യ നാലിൽ മൂന്നു പന്തും ബൗണ്ടറിക്ക് പായിച്ചാണ്. സ്പെഷലിസ്റ്റ് സ്വിങ് ബൗളറായ സിറാജ് മൂവ്മെന്റൊന്നും കിട്ടാതെ ബുദ്ധിമുട്ടിയപ്പോൾ പാക് താരങ്ങൾക്ക് കാര്യങ്ങൾ എളുപ്പമായി. ബൗൺസിൽ വേരിയേഷൻ വരുത്തി എതിരാളികളെ കുഴക്കാനുള്ള സിറാജിന്റെ പദ്ധതികളും വിലപ്പോയില്ല. മികച്ച രീതിയിൽ പന്തെറിഞ്ഞ ബുംറയെ ജാഗ്രതാപൂർവം നേരിടുകയും സിറാജിനെ തെരഞ്ഞുപിടിച്ച് ശിക്ഷിക്കുകയുമെന്നതായിരുന്നു പാക് ഓപണിങ് ജോടിയുടെ നയം.

ഒടുവിൽ ഓപണിങ് കൂട്ടുകെട്ട് പൊളിക്കാനുള്ള നിയോഗം പക്ഷേ, സിറാജിന്റേതായിരുന്നു. ഷഫീഖിന്റെ കണക്കുകൂട്ടലുകൾ പാളി കൃത്യം വിക്കറ്റിനുമുന്നിൽ കുടുങ്ങിയപ്പോൾ അപ്പീലിന് പോലും പാകിസ്താൻ മുതിർന്നില്ല. 24 പന്തിൽ മൂന്നു ഫോറടക്കം 20 റൺസായിരുന്നു ഷഫീഖിന്റെ സമ്പാദ്യം. 41റൺസായിരുന്നു പാക് സ്കോർബോർഡിൽ അപ്പോൾ.

സ്കോർ 73ലെത്തിയപ്പോൾ ഇമാമുൽ ഹഖും വീണു. ഇക്കുറി ഹാർദിക് പാണ്ഡ്യക്കായിരുന്നു വിക്കറ്റ്. 38 പന്തിൽ ആറു ഫോറടക്കം 36ലെത്തിയ ഇമാമിനെ വിക്കറ്റിനുപിന്നിൽ കെ.എൽ. രാഹുൽ പിടികൂടുകയായിരുന്നു. തുടർന്ന് ഒത്തുചേർന്ന ബാബറും റിസ്‍വാനും ജാഗ്രതയോടെ ബാറ്റുചെയ്താണ് സ്കോർ 100 കടത്തിയത്. രവീന്ദ്ര ജദേജയുടെ ബൗളിങ്ങിൽ റിസ്‍വാനെതിരായ എൽ.ബി.ഡബ്ല്യൂ വിധി റിവ്യൂവിൽ ഇല്ലാതായി. പിന്നാലെ ഇരുവരും ടീം സ്കോർ 150 കടത്തി. 155 നിൽക്കെ, ബാബറിനെ സിറാജ് ബൗൾഡാക്കി. പിന്നീട് വന്നവർക്കൊന്നും ക്രീസിൽ നിലയുറപ്പിക്കാനായില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more