ലണ്ടൻ: ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്തോളം ചരിത്രമുള്ള ലണ്ടനിലെ പ്രശസ്തമായ ഇന്ത്യ ക്ലബ് അടച്ചുപൂട്ടുന്നു. ക്ലബ് അടക്കുന്നതിനെതിരായ പോരാട്ടം പരാജയപ്പെട്ടതിനു പിന്നാലെയാണ് അടുത്തമാസം അടച്ചുപൂട്ടാനൊരുങ്ങുന്നത്. വി.കെ. കൃഷ്ണമേനോൻ ഉൾപ്പെടെയുള്ള ഇന്ത്യൻ നേതാക്കളുടെ താവളമായിരുന്നു ഈ ക്ലബ്.
ക്ലബ് നിലനിർത്തുന്നതിനുവേണ്ടി നടത്തിപ്പുകാരായ യദ്ഗാർ മാർക്കറും മകൾ ഫിറോസയും ‘സേവ് ഇന്ത്യ ക്ലബ്’ എന്ന പേരിൽ കാമ്പയിൻ ആരംഭിച്ചിരുന്നു. എന്നാൽ, ക്ലബിന്റെ അടച്ചുപൂട്ടൽ ആസന്നമായെന്ന് ഇവരും ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്റ്റംബർ 17നായിരിക്കും ക്ലബ് പൊതുജനങ്ങൾക്കായി തുറക്കുന്ന അവസാന ദിവസം.
ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടനിൽ കാമ്പയിൻ നടത്തിയ ഇന്ത്യ ലീഗിൽ തുടങ്ങുന്നതാണ് ക്ലബിന്റെ ചരിത്രം. 1946 മുതൽ പ്രവർത്തിക്കുന്ന ക്ലബ് 26 മുറികളുള്ള സ്ട്രാൻഡ് കോണ്ടിനന്റൽ ഹോട്ടലിലെ ഒന്നാം നിലയിലാണ് സ്ഥിതി ചെയ്യുന്നത്. കൃഷ്ണമേനോൻ ഉൾപ്പെടെയുള്ള സ്ഥാപക അംഗങ്ങൾ സ്ഥിരമായി ഇവിടെ ഒത്തുകൂടിയിരുന്നു. ബ്രിട്ടനിലെ ആദ്യകാല ഇന്ത്യൻ റസ്റ്റാറന്റുകളിൽ ഒന്ന് സ്ഥിതിചെയ്തിരുന്നതും ഇവിടെയാണ്.
ഇന്ത്യൻ സ്വാതന്ത്ര്യത്തിനും വിഭജനത്തിനുംശേഷം അതിവേഗം വളർന്ന ബ്രിട്ടീഷ് ദക്ഷിണേഷ്യൻ സമൂഹത്തിന്റെ പ്രധാന സംഗമവേദിയായിരുന്നു ഈ ക്ലബ്. 70ലധികം വർഷം മുമ്പ് ആരംഭിച്ച ക്ലബ് ആദ്യകാല ഇന്ത്യൻ കുടിയേറ്റക്കാർക്ക് താങ്ങും തണലുമായിരുന്നു. ഇന്തോ-ബ്രിട്ടീഷ് ഗ്രൂപ്പുകളുടെ സംഗമസ്ഥാനവുമായിരുന്നു ഇതെന്ന് ചെറുപ്പം മുതൽ ക്ലബിൽ പിതാവിനെ സഹായിച്ചുകൊണ്ടിരിക്കുന്ന ഫിറോസ പറഞ്ഞു. തുച്ഛമായ വരുമാനത്തിൽ ജോലിചെയ്യുന്ന ഇന്ത്യൻ പ്രഫഷനലുകൾക്ക് മിതമായ നിരക്കിൽ ഭക്ഷണം കഴിക്കുന്നതിനും രാഷ്ട്രീയം ചർച്ചചെയ്യുന്നതിനും ഭാവികാര്യങ്ങൾ സംസാരിക്കുന്നതിനുമുള്ള വേദിയായാണ് കൃഷ്ണമേനോൻ ഇന്ത്യ ക്ലബിനെ വിഭാവനം ചെയ്തതെന്ന് സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഡയസ്പോറ സ്റ്റഡീസ് സ്ഥാപക അധ്യക്ഷ പാർവതി രാമൻ പറഞ്ഞു.
പുതിയൊരു ഹോട്ടൽ നിർമിക്കുന്നതിന് ഭാഗികമായി പൊളിക്കുന്നതിന് കെട്ടിടത്തിന്റെ ഫ്രീഹോൾഡറായ മാർസ്റ്റൺ പ്രോപ്പർട്ടീസ് വെസ്റ്റ്മിൻസ്റ്റർ സിറ്റി കൗൺസിലിൽ അപേക്ഷ നൽകിയിരുന്നു. കെട്ടിടത്തിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് 2018 ആഗസ്റ്റിൽ കൗൺസിൽ അപേക്ഷ ഏകകണ്ഠമായി തള്ളിയിരുന്നു.
click on malayalam character to switch languages