ഗസ്സ: കടുത്ത ഇന്ധനക്ഷാമം സെൻട്രൽ ഗസ്സയിലെ ആംബുലൻസ് സേവനത്തെ ഗുരുതരമായി ബാധിച്ചുവെന്ന് യു.എൻ. ആംബുലൻസുകൾക്ക് സർവീസ് നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും യു.എൻ അറിയിച്ചു. അതേസമയം, യു.എൻ ട്രക്കുകൾക്ക് ഇന്ധനം നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. യു.എൻ ട്രക്കുകൾക്ക് 24,000 ലിറ്റർ ഡീസൽ നൽകാൻ നെതന്യാഹു അനുമതി നൽകിയെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. എന്നാൽ, ആംബുലൻസുകളുടെ കാര്യത്തിൽ തീരുമാനങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.
തുടർച്ചയായ നാലാം ദിവസവും ഫലസ്തീൻ ആരോഗ്യമന്ത്രാലയത്തിന് ഗസ്സയിലെ മരണം സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ പുറത്തുവിടാൻ സാധിച്ചിട്ടില്ല. വാർത്താവിനിമയ സംവിധാനങ്ങൾ തകർന്നതാണ് ആരോഗ്യമന്ത്രാലയത്തെ പ്രതിസന്ധിയിലാക്കുന്നത്. നവംബർ 10ാം തീയതിയാണ് മരണസംഖ്യ ഗസ്സ ആരോഗ്യമന്ത്രാലയം അവസാനമായി പുറത്ത് വിട്ടത്.
അന്നത്തെ കണക്കുകൾ പ്രകാരം 11,078 ഫലസ്തീനികളാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. ഇതിൽ 4056 കുട്ടികളും 3,027 സ്ത്രീകളും ഉൾപ്പെടുന്നു. 2700 ഫലസ്തീനികളെ കാണാതായിട്ടുമുണ്ട്. 27,500 പേർക്കാണ് ഇസ്രായേൽ ആക്രമണങ്ങളിൽ പരിക്കേറ്റത്.
ലോകത്തെ മുഴുവൻ ആശങ്കയിലാക്കി ഗസ്സയിലെ അൽ-ശിഫ ആശുപത്രിയിൽ ഇസ്രായേൽ സൈന്യം ഇന്ന് പ്രവേശിച്ചിരുന്നു. 650 രോഗികളും 5000ത്തിനും 7000ത്തിനു ഇടക്ക് സിവിലിയൻമാരും അൽ-ശിഫ ആശുപത്രിയിൽ തുടരുന്നുവെന്നാണ് റിപ്പോർട്ട്. നിരന്തരമായി അൽ-ശിഫ ആശുപത്രിയിൽ നിന്ന് വെടിവെപ്പുണ്ടാകുന്നതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. 1000ത്തോളം ആരോഗ്യപ്രവർത്തകരും ആശുപത്രിയിൽ കുടുങ്ങി കിടക്കുന്നുണ്ട്.
അതേസമയം, ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രോഗികളെ തെരുവുകളിലേക്ക് ഇറക്കി വിടില്ലെന്ന് അൽ-ശിഫ ആശുപത്രി അഡ്മിനിസ്ട്രേഷൻ അറിയിച്ചു. സുരക്ഷിതമായ മാനുഷിക ഇടനാഴിയിലൂടെ രോഗികളുടെ ആരോഗ്യം പരിഗണിച്ച് മാത്രമേ ഒഴിപ്പിക്കൽ നടത്തുവെന്ന് അൽ-ശിഫ ആശുപത്രി ഡയറക്ടർ അറിയിച്ചതായി ഗസ്സ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ബോംബിട്ടും വെടിവെച്ചും ഒപ്പം വൈദ്യുതി മുടക്കിയും ഉപരോധം തീർത്തും ഗസ്സയിലെ അൽ ശിഫ ആശുപത്രിയിൽ ഇസ്രായേൽ കൊന്നൊടുക്കിയ 179 ഫലസ്തീനികളെ ആശുപത്രിവളപ്പിൽതന്നെ കൂട്ടക്കുഴിമാടമൊരുക്കി ഖബറടക്കി. ഇന്ധനം തീർന്ന് ഇരുട്ടിലായ ആശുപത്രിയിൽ ഇൻകുബേറ്ററിൽ കഴിഞ്ഞിരുന്ന ഏഴ് നവജാത ശിശുക്കളും അത്യാഹിത വിഭാഗത്തിലെ 29 രോഗികളും കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങിയിരുന്നു.
click on malayalam character to switch languages