1 GBP = 113.59
breaking news

ജൂത വിരുദ്ധ പോസ്റ്റ്: അൾജീരിയൻ ഫുട്ബാൾ താരത്തെ കസ്റ്റഡിയിലെടുത്ത് ഫ്രഞ്ച് ​പൊലീസ്

ജൂത വിരുദ്ധ പോസ്റ്റ്: അൾജീരിയൻ ഫുട്ബാൾ താരത്തെ കസ്റ്റഡിയിലെടുത്ത് ഫ്രഞ്ച് ​പൊലീസ്

ജൂത വിരുദ്ധ പോസ്റ്റിന്റെ പേരിൽ ഫ്രഞ്ച് ക്ലബ് നീസിന്റെ അൾജീരിയൻ താരം യൂസഫ് അടലിനെ ഫ്രാൻസ് ​പൊലീസ് കസ്റ്റഡിയിലെടുത്തു. 27കാരനായ ഡിഫൻഡർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ ‘ഭീകരതയെ ന്യായീകരിച്ചു’ എന്ന പരാതിയെ തുടർന്നാണ് നടപടിയെന്ന് ​അധികൃതർ അറിയിച്ചു. മതവിദ്വേഷം വളർത്തിയെന്ന കുറ്റത്തിന് താരം ഡിസംബർ 18ന് നീസ് ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുമെന്ന് പ്രോസിക്യൂട്ടർമാർ അറിയിച്ചു. 

ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജൂതൻമാ​ർക്കെതിരായ ഫലസ്തീൻ പ്രഭാഷകന്റെ വിഡിയോയാണ് യൂസഫ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇതിനെതിരെ വിമർശനം ഉയർന്നതോടെ താരത്തെ ഏഴ് മത്സരങ്ങളിൽനിന്ന് ക്ലബ് അധികൃതർ വിലക്കിയിരുന്നു. ‘താരം പങ്കിട്ട പോസ്റ്റിന്റെ സ്വഭാവവും അതിന്റെ ഗൗരവവും കണക്കിലെടുത്ത് അധികാരികൾ കൈക്കൊള്ളാവുന്ന ഏതെങ്കിലും നടപടിക്ക് മുമ്പ് ഉടൻ അച്ചടക്ക നടപടിയെടുക്കാൻ ക്ലബ് തീരുമാനിച്ചു’ എന്നാണ് സസ്​പെൻഷന് മുമ്പ് ക്ലബ് അധികൃതർ പ്രസ്താവനയിൽ അറിയിച്ചിരുന്നത്. 

സമൂഹ മാധ്യമത്തിലിട്ട പോസ്റ്റ് ഉടൻ നീക്കുകയും താൻ വിദ്വേഷം പ്രചരിപ്പിച്ചിട്ടില്ലെന്ന് വിശദീകരിക്കുകയും ചെയ്ത താരം പോസ്റ്റിന്റെ പേരിൽ മാപ്പപേക്ഷിച്ചിരുന്നെങ്കിലും നീസ് മേയറുടെയും പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും മറ്റും അഭ്യർഥനയെ തുടർന്ന് പബ്ലിക് പ്രോസിക്യൂട്ടർ വിഷയത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. 

ഫലസ്തീൻ അനുകൂല സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ ജർമൻ ക്ലബ് മെയിൻസിന്റെ ഡച്ച് താരം അൻവർ എൽ ഗാസിയെ ക്ലബ് പുറത്താക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more