1 GBP = 113.59
breaking news

ഇംഗ്ലീഷ് ചാനലിൽ അനധികൃത കുടിയേറ്റക്കാരുമായെത്തിയ ബോട്ടു മുങ്ങി ആറു മരണം; 59 പേരെ രക്ഷപ്പെടുത്തി

ഇംഗ്ലീഷ് ചാനലിൽ അനധികൃത കുടിയേറ്റക്കാരുമായെത്തിയ ബോട്ടു മുങ്ങി ആറു മരണം; 59 പേരെ രക്ഷപ്പെടുത്തി

ലണ്ടൻ: ഫ്രഞ്ച് തീരത്ത് നിന്ന് കുടിയേറ്റക്കാരുമായി വന്ന ബോട്ട് ഇംഗ്ലീഷ് ചാനലിൽ മുങ്ങി ആറ് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ കലൈസിനടുത്തുള്ള കടലിൽ ബോട്ട് തിരയിൽപ്പെട്ടതായി ഫ്രഞ്ച് തീരസംരക്ഷണ സേന അറിയിച്ചു. 59 പേരെ ഫ്രഞ്ച്, ബ്രിട്ടീഷ് കോസ്റ്റ്ഗാർഡുകൾ രക്ഷപ്പെടുത്തിയതായി അധികൃതർ പറഞ്ഞു. അവരിൽ അഫ്ഗാൻ പൗരന്മാരാണെന്നാണ് റിപ്പോർട്ട്. എന്നാൽ കാണാതായ രണ്ട് പേർക്കായുള്ള തിരച്ചിൽ ഏറെ നേരത്തെ ശ്രമത്തിന് ശേഷം നിർത്തിവെച്ചിരിക്കുകയാണ്.

അതേസമയം ഡോവറിലെ ലൈഫ് ബോട്ടിൽ നിന്ന് ചിലരെ സ്‌ട്രെച്ചറുകളിൽ ഇറക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ പറയുന്നു. പരിക്കുകളുടെ വ്യാപ്തി വ്യക്തമല്ല, കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതോടെ രക്ഷപ്പെടുത്തിയവരുടെ കൃത്യമായ എണ്ണം കൃത്യമായി അറിയാനാകും.

മരിച്ച ആറുപേരും 30 വയസ്സ് പ്രായമുള്ള അഫ്ഗാൻ പൗരന്മാരാണെന്ന് എഎഫ്‌പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. രക്ഷപ്പെടുത്തിയവരിൽ കുട്ടികളും അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരും സുഡാൻ പൗരൻമാരും ഉണ്ടെന്ന് ഫ്രഞ്ച് തീരദേശ നഗരമായ ബൂലോണിന്റെ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ ഫിലിപ്പ് സബാറ്റിയർ പറഞ്ഞു.

ഈ ആഴ്‌ച ഇത് ഏഴാം തവണയാണ് വെള്ളത്തിൽനിന്ന് ആളുകളെ പുറത്തെടുക്കേണ്ടിവരുന്നതെന്ന് രക്ഷാപ്രവർത്തകർ പറയുന്നു, മനുഷ്യ കടത്തു നടത്തുന്നവർ ഉപയോഗിക്കാൻ കഴിയാത്ത ബോട്ടുകളിലാണ് ആളുകളെ കുത്തിനിറച്ച് ഇംഗ്ലീഷ് ചാനലിലേക്ക് ഇറക്കുന്നതെന്ന ആശങ്കയും രക്ഷാപ്രവർത്തകർ പങ്കു വയ്ക്കുന്നുണ്ട്. അതേസമയം ഫ്രഞ്ച് സർക്കാരുമായുണ്ടാക്കിയ കരാറിന് ശേഷം ഇംഗ്ലീഷ് ചാനൽ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിൽ കുറവുണ്ടെന്നാണ് ബ്രിട്ടീഷ് അധികൃതർ നൽകുന്ന വിശദീകരണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more