കൊറോണ വൈറസ്: എന്താണ് ബ്രിട്ടനിലെ ‘കോവിഡ് അലേർട്ട് ലെവൽ’?
Sep 22, 2020
സുരേന്ദ്രൻ ആരക്കോട്ട് (യുക്മ ന്യൂസ് എഡിറ്റർ)
യു.കെ യിലെ കോവിഡ് ജാഗ്രതാ നില 4 ലേക്ക് മാറ്റിയതായി ഇക്കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് അധികൃതർ പ്രഖ്യാപിച്ചതായി അറിഞ്ഞു കാണുമല്ലോ? എന്നാൽ, എന്താണ് ഈ കോവിഡ് ജാഗ്രതാ നില?
കൊറോണ വൈറസിൽ നിന്ന് രാജ്യത്തിന് ഉണ്ടാകുന്ന ഭീഷണിയുടെ അളവ് 1 മുതൽ 5 വരെയുള്ള ലെവലിൽ പ്രതിപാദിക്കുന്ന സമ്പ്രദായത്തെയാണ് കോവിഡ് ജാഗ്രതാ നില എന്ന് പറയുന്നത്. ‘ആർ നമ്പർ’ എന്നറിയപ്പെടുന്ന കോവിഡ്-19 ന്റെ പുനരുൽപാദന നിരക്ക് അനുസരിച്ചാണ് ഇത് നിർണ്ണയിക്കുന്നത് – ഇത് രോഗബാധിതരായ ഓരോ വ്യക്തിയും വൈറസ് പകരുന്ന ആളുകളുടെ ശരാശരി എണ്ണമോ, കേസുകളുടെ എണ്ണമോ ആണ്.
ജനുവരി അവസാനത്തോടെ യുകെ യിലെത്തിയ കോവിഡ് മഹാമാരി, കൂടുതൽ ആളുകളിലേക്ക് പകരുന്ന സാഹചര്യം ഉണ്ടായതിനെത്തുടർന്ന് ഇതിനു കടിഞ്ഞാൺ ഇടാനായി സർക്കാർ മാർച്ച് മാസത്തിൽ അടച്ചുപൂട്ടൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും വൈറസിനെ പ്രതിരോധിക്കാനായി ആരോഗ്യ സേവന മേഖലയിൽ കാര്യക്ഷമമായ പല പദ്ധതികളും ആവിഷ്കരിക്കുകയും ചെയ്യുകയുണ്ടായി. ഈ കര്മപരിപാടികൾ ഫലം കണ്ടതിനെത്തുടർന്ന് പിന്നീട് ജൂൺ മാസത്തിൽ കോവിഡ് ജാഗ്രതാ നില 4 ൽനിന്നും 3 ലേക്ക് താഴ്ത്തുകയും ജോയിന്റ് ബയോസെക്യൂരിറ്റി സെന്ററിന്റെ ശുപാർശയെത്തുടർന്ന് ഇത് നാല് സംസ്ഥാനങ്ങളിലെയും ചീഫ് മെഡിക്കൽ ഓഫീസർമാർ (സിഎംഒ) അംഗീകരിക്കുകയും ചെയ്തു. തുടർന്നുള്ള ആഴ്ചകളിൽ ഘട്ടം ഘട്ടമായി അടച്ചുപൂട്ടൽ പിൻവലിക്കുകയും ചെയ്തു.
എന്നാൽ മൂന്നുമാസത്തിനുശേഷം, അതേ സിഎംഒമാർ കോവിഡ് ജാഗ്രതാ നില 4 ലേക്ക് തിരികെ ആക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്.
ഓരോ കോവിഡ് ജാഗ്രതാ നിലയും എന്താണ് അർത്ഥമാക്കുന്നത് – അതിന്റെ ഫലമായി എന്ത് നടപടി സ്വീകരിക്കും?
കോവിഡ് ജാഗ്രതാ നില അനുസരിച്ചു സാമൂഹിക അകല നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയോ കർശനമാക്കുകയോ ചെയ്യാം.
ജാഗ്രതാ നില 5: സ്കെയിലിൽ ഏറ്റവും ഉയർന്നത്, എൻഎച്ച്എസ് സംവിധാനങ്ങളെ ബാധിക്കുന്ന ഗുരുതരമായ അപകട സാധ്യത ഉണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. ഈ നിലയിലെത്തിയാൽ യുകെയിൽ ഇന്നുവരെ ഏർപ്പെടുത്തിയിട്ടുള്ളതിനേക്കാൾ കർശനമായ സാമൂഹിക-അകലം പാലിക്കൽ നടപടികളൾ ഉണ്ടായേക്കും.
ജാഗ്രതാ നില 4: കോവിഡ് ജാഗ്രതാ നില പ്രഖ്യാപിച്ചതുമുതൽ യുകെയിൽ ഉള്ള ലെവൽ ആണിത്. ഇതിനർത്ഥം കോവിഡ്-19 പകർച്ചവ്യാധി പൊതുചംക്രമണത്തിലാണ് എന്നാണ്. സംപ്രേഷണം ഉയർന്നതോ അല്ലെങ്കിൽ ക്രമാതീതമായുള്ള വർദ്ധനവിന് സാധ്യത ഉള്ളതോ ആണ്.
ജാഗ്രതാ നില 3: പകർച്ചവ്യാധി പൊതുവായ ചംക്രമണത്തിലാണ് എന്ന് ഈ ലെവൽ സൂചിപ്പിക്കുമ്പോൾ, ക്രമാതീതമായുള്ള വർദ്ധനവിന് സാധ്യത ഈ ഘട്ടത്തിൽ തുലോം കുറവാണെന്നും അനുമാനിക്കുന്നു. ചില കോവിഡ്-19 നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനിടയിലാണ് ജാഗ്രതാ നില ജൂണിൽ 3 ലേക്ക് താഴ്ത്തിയത്.
ജാഗ്രതാ നില 2: യുകെയിൽ വൈറസ് ഉണ്ടെങ്കിലും, പ്രക്ഷേപണത്തിന്റെ തോതും കേസുകളുടെഎണ്ണവും വളരെ കുറവാണ് എങ്കിൽ മാത്രമേ ലെവൽ 2 പ്രഖ്യാപിക്കൂ. ഈ ഘട്ടത്തിൽ സാമൂഹിക അകലത്തിൽ ഇളവുകൾ അനുവദിക്കുമെന്ന് പറയുന്നു. എന്നാൽ മെച്ചപ്പെട്ട പരിശോധന, കണ്ടെത്തൽ, നിരീക്ഷണം, സ്ക്രീനിംഗ് എന്നിവ തുടരേണ്ടതാണ്.
ജാഗ്രതാ നില 1: സർക്കാർ ഒടുവിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ലെവൽ. ഇത് സൂചിപ്പിക്കുന്നത് പുതിയ കോവിഡ്-19 കേസുകളൊന്നും യുകെയിൽ ഉണ്ടെന്ന് സ്ഥിരീകരിക്കാത്ത സാഹചര്യമാണ്. ഈ ഘട്ടത്തിൽ ആവശ്യമായ ഒരേയൊരു നടപടി ‘പതിവ് അന്താരാഷ്ട്ര നിരീക്ഷണം’ മാത്രമാണെന്ന് മാർഗ്ഗനിർദ്ദേശം സൂചിപ്പിക്കുന്നു.
കോവിഡ് ജാഗ്രതാ നിലയനുസരിച്ചു സാമൂഹിക അകലം പാലിക്കന്നതിനും ഏകാന്തവാസം അനുഷ്ഠിക്കുന്നതിനുമുള്ള നിബന്ധനകൾ ലഘൂകരിക്കുകയോ കര്ശനമാക്കുകയോ ചെയ്തേക്കാം.
click on malayalam character to switch languages